ലക്ഷക്കണക്കിന് അനുയായികളുള്ള ഗുര്‍മീത് റാം റഹീം സിങ്ങിനെതിരെയുള്ള പതിനഞ്ചു വര്‍ഷംപഴക്കമുള്ള കേസില്‍ കോടതി വിധി പറഞ്ഞപ്പോള്‍ പഞ്ചാബും ഹരിയാനയും കുരുതിക്കളമായി. ഈ സംസ്ഥാനങ്ങളില്‍ ഗുര്‍മീതിന്റെ അനുയായികള്‍ വ്യാപകമായി അക്രമം അഴിച്ചു വിടുകയും കലാപത്തില്‍ നാല്‍പതിലധികം പേര്‍ കൊല്ലപ്പെടുകയും ഇരുനൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ വരുത്തി വയ്ക്കുകയും ചെയ്തിരുന്നു.

മനുഷ്യന്‍ ദൈവത്തെക്കാള്‍ എത്രയോ വലിയവനാണെന്ന് 'ആള്‍ ദൈവവും' 'സ്വയം ആത്മീയാചാര്യനുമായ' ഗുര്‍മീതിലൂടെ ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. അടുത്തിടെ ബലാത്സംഗക്കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട  ഫലഹാരി ബാബയും 'പേര് വെളിപ്പെടുത്താന്‍' ആഗ്രഹിക്കാത്ത കേസുകളില്‍ അകപ്പെട്ട മറ്റു സ്വാമിമാരും പാതിരിമാരും ഉസ്താദുമാരുമൊക്കെ ആത്മീയതയുടെ അലക്കി തേച്ച കുപ്പായമിടുമ്പോള്‍, അവര്‍ തെറ്റ് ചെയ്തുവന്നു തെളിവുകളും  നിയമവും പറയുമ്പോഴും വിശ്വസിക്കാനാവാതെ. ''എന്റെ ഗര്‍ഭം ഇങ്ങനല്ല!' എന്ന് ഏതോ ഒരു സിനിമയില്‍ ജഗതി ശ്രീകുമാര്‍ പറഞ്ഞത് പോലെ 'എന്റെ ഗുരുജി ഇങ്ങനൊന്നും ചെയ്യില്ല' എന്ന് വിശ്വസിച്ചുകൊണ്ട് കലാപം അഴിച്ചുവിടുകയായിരുന്നുവത്രേ അനുയായികള്‍.

എങ്ങനെയാണ് ആള്‍ദൈവങ്ങള്‍ക്ക് ജനങ്ങളുടെ മേല്‍ ഇത്രയും സ്വാധീനം വന്നത്? എന്തെങ്കിലും മായ ശക്തി ഇവരുടെ പക്കലുണ്ടോ? പണമാണോ ? സ്വാധീനമാണോ?. സവിശേഷമായ എതെങ്കിലുമൊരു കഴിവോ പ്രത്യേകതയോ ശ്രദ്ധിക്കപ്പെടുകയോ, അല്ലെങ്കില്‍ അവര്‍ നടത്തുന്ന ചില പ്രവചനങ്ങള്‍ വല്ലപ്പോഴുമെങ്കിലും ശരിയാവുമ്പോള്‍ ജനങ്ങള്‍ക്ക് ഇത്തരം ആളുകളിലുള്ള  വിശ്വാസം വര്‍ദ്ധിക്കാനിടവരും. ഇതിന്റെ പിന്നിലൊരു മനശാസ്ത്രമുണ്ട്. ഏതെങ്കിലും വ്യക്തികളോടോ വിഷയങ്ങളോടോ മനസുകൊണ്ട് ഒരിഷ്ടം തോന്നി കഴിഞ്ഞാല്‍ പിന്നീട് ആ ഇഷ്ടങ്ങള്‍ക്ക് എതിരായി വരുന്ന കാര്യങ്ങളെ മനസ് തിരസ്‌കരിക്കുകയും, ആ ഇഷ്ടത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കാര്യങ്ങളെ പെട്ടന്ന് വിശ്വാസത്തിലെടുത്ത് സ്വീകരിക്കുകയും ചെയ്യും.

അതായത് ഏതെങ്കിലും ഒരു ആള്‍ദൈവം ചെയ്ത നല്ല പ്രവൃത്തികള്‍ അയാളിലേക്ക് നമ്മെ ആകൃഷ്ടനാക്കുകയും പിന്നീട് അയാളെപ്പറ്റി കേള്‍ക്കുന്ന കാര്യങ്ങളില്‍ കൂടുതലും മോശം കാര്യങ്ങളാണെങ്കില്‍പ്പോലും മനസ് അതിനെ തിരസ്‌കരിക്കാറുണ്ട്. ഇത് ഓരോ തവണ ആവര്‍ത്തിക്കപ്പെടുമ്പോഴും ആ വ്യക്തിയിലുള്ള വിശ്വാസം ഊട്ടി ഉറപ്പിക്കുകയാണ് ചെയ്യുന്നത്. ഉദാഹരണത്തിന്, ഭാവി-ഭൂതം വര്‍ത്തമാനമൊക്കെ അറിയാന്‍ ഒരു ജ്യോതിഷനെ കാണുമ്പോള്‍ സാധാരണ അവര്‍ കുറെയധികം പ്രവചനങ്ങള്‍ നടത്താറുണ്ട്. അങ്ങനെ പത്തു കാര്യങ്ങള്‍ പറഞ്ഞതില്‍ ഒരെണ്ണമെങ്കിലും സംഭവിച്ചാല്‍ അയാളെ നാം അകമഴിഞ്ഞ് വിശ്വസിക്കും. പക്ഷെ ഇവിടെ പത്തില്‍ ഒന്‍പതും പരാജയപ്പെട്ടിരിക്കുകയാണ്. അതിനെ നമ്മുടെ മനസ് വിസ്മരിക്കും. എന്നാല്‍ പാളിപ്പോയ ഒന്‍പതു പ്രവചനങ്ങളേക്കാളുപരി, ഫലവത്തായ ഒന്നിനു കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന മനസിന്റെ ഈ ചിന്താപരമായ പോരായ്മയെ കണ്‍ഫര്‍മറ്റീവ് ബയസ് (Confirmative Bias)  എന്നാണ് പറയുക. മനുഷ്യന്റെ ഭയം, ഭാവിയെപ്പറ്റിയുള്ള ഉത്കണ്ഠ എന്നിവ ഉള്ളിടത്തോളം ഇത് ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും.

ആരവങ്ങളോടെയുള്ള കൂട്ട പ്രാര്‍ത്ഥനയില്‍ സൗഖ്യം കൊടുക്കുമ്പോള്‍ നിയന്ത്രണം വിട്ടു തറയിലുരുളുമ്പോള്‍, തുള്ളിച്ചാടുന്നതും, ഹോമ കുണ്ഠത്തില്‍ ആത്മാക്കളെ വിളിച്ചു വരുത്തുന്നതും, ബാധ ഒഴിപ്പിക്കുന്നതുമൊക്കെ വാക്കുകളുടെ ശക്തിയാണെന്നും അതു മൂലം വ്യക്തിയുടെ മാനസികാവസ്ഥകളില്‍ വരുന്ന വ്യതിയാനങ്ങളാണ് 'പാവം' അനുയായിയെക്കൊണ്ട്് ഇതൊക്കെ ചെയ്യിപ്പിക്കുന്നതെന്നും മനശാസ്ത്രം പറയുന്നു. അതുപോലെ തന്നെ മനോരോഗ ചികിത്സയില്‍ ഇത്തരം മാനസികാവസ്ഥയിലൂടെ കടന്നു പോവുന്ന അവസ്ഥയെ ഡിസൊസിയെറ്റീവ് ഡിസോര്‍ഡര്‍ അല്ലെങ്കില്‍ കണ്‍വേര്‍ഷന്‍ ഡിസൊര്‍ഡര്‍ എന്നൊക്കെയാണ് വിളിക്കുക. പൊതുവേ ദുര്‍ബല മനസിനുടമകളായിരിക്കും ഇത്തരക്കാര്‍.  ഇത്തരത്തിലുള്ള ആളുകള്‍ പെട്ടെന്ന് തന്നെ വിവേകത്തോടെ ചിന്തിക്കാതെ കാര്യങ്ങള്‍ വിശ്വസിക്കുന്നവരും തങ്ങളുടെ ഭയത്തിനും ഉത്കണ്ഠകള്‍ക്കും അയവ് വരുത്താന്‍ മനുഷ്യ ദൈവങ്ങളിലേക്ക് പൊതുവേ പെട്ടന്ന് തന്നെ ആകൃഷ്ടരാകുന്നവരുമാണ്.

അതുപോലെ തന്നെ ചില ആളുകള്‍ക്ക് വാക്കുകള്‍കൊണ്ട് ഒരു ജനക്കൂട്ടത്തെ തങ്ങളോട് അടുപ്പിക്കാനുള്ള കഴിവുണ്ട്. ഏതു പെരുത്ത കള്ളവും സത്യമാക്കാനുള്ള പാടവവുമുണ്ട്. തനിക്കു പറയാനുള്ളത് താന്‍ ആഗ്രഹിക്കുന്ന രീതിയില്‍ മറ്റുള്ളവരിലെക്കെത്തിക്കുവാനും, മറ്റുള്ളവരുടെ തീരുമാനങ്ങളെപ്പോലും സ്വാധീനിക്കാനുമുള്ള കഴിവുണ്ട്. ഈ രീതിയില്‍  ഒരു സമൂഹത്തെ തന്നെ  നയിക്കുവാനുള്ള കഴിവിനെ കരിസ്മാടിക് നേതൃത്വ പാടവം (Charismatic leadership) എന്നാണ് പറയുക. കരിസ്മ എന്ന വാക്കിനര്‍ത്ഥം തന്നെ കൃപയുടെ ഒരു ദിവ്യ ദാനം (a divine gift of grace) എന്നാണ്.  

ഇത്തരം ആളുകളില്‍ മറ്റുള്ളവര്‍ പെട്ടന്ന് ആകൃഷ്ടരാവുകയും,തങ്ങളുടെ നേതാവിനെ തീവ്രമായി ഇഷ്ടപ്പെടുകയും ചെയ്യും . അങ്ങനെ തന്റെ നേതാവ് പറയുന്നത് മാത്രമാണ് ശരിയെന്ന ധാരണ ഉറപ്പിക്കുകയും ചെയ്യും. ഇത്തരം വസ്തുതകളെ സാമൂഹ്യ മനശാസ്ത്ര തത്വങ്ങളുടെ അടിസ്ഥാനത്തില്‍ വിവരിക്കുന്നത് മാക്സ് വെബറിന്റെ നിരീക്ഷണങ്ങളിലൂടെയാണ്.

തികച്ചും മോശമായ ഒരു പ്രതിഭാസമല്ല, കരിസ്മടിക് നേതൃത്വ പാടവം. ലോകത്തില്‍ മറ്റുള്ളവരെ സ്വാധീനിക്കാന്‍ കഴിഞ്ഞ പല മഹാന്‍മാര്‍ക്കും ഈ ഒരു കഴിവ് ഉണ്ടായിരുന്നു. ഏതെങ്കിലും ഒരു കൂട്ടായ്മയില്‍ അല്ലെങ്കില്‍ ഗ്രൂപ്പില്‍ അസന്തുലിതാവസ്ഥ ഉണ്ടാവുമ്പോള്‍ അവിടെ, ഒരു പക്ഷെ കാര്യങ്ങള്‍ നന്നായി ചെയ്യാനും, അഭിപ്രായങ്ങള്‍ തുറന്നു പറയാന്നും കഴിവുള്ളവരിലേക്ക് ആളുകള്‍ വിശ്വാസമര്‍പ്പിക്കാനുള്ള  സാധ്യതയുണ്ട്. അത് ആ നേതാവിന്റെ കഴിവനുസരിച്ച് പിന്നീട്  കൂടുതല്‍ വിശ്വാസത്തിലേക്ക് എത്തുകയും ചെയ്യുന്നു. 

അവരുടെ ആശയങ്ങളുടെ പുതുമയും, മറ്റുള്ളവര്‍ക്ക് ആകര്‍ഷകത്വം തോന്നുന്ന സ്വഭാവസവിശേഷതകളും, പൊതു സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കുമനുസരിച്ച് കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള കഴിവും, ആ വ്യക്തി ഉള്‍പ്പെടുന്ന സമൂഹത്തിലുണ്ടാവുന്ന സംഘര്‍ഷങ്ങളെ ലഖൂകരിക്കാന്‍ കഴിയുന്നതും, സമൂഹത്തിലെ ആശയങ്ങളും മൂല്യങ്ങളും വിശ്വാസങ്ങളും കാത്ത് സൂക്ഷിച്ചു കൊണ്ടുള്ള  പ്രവൃത്തികള്‍ എന്നിവയെല്ലാം ഒരു കരിസ്മടിക് നേതാവിനെ സൃഷ്ടിക്കുന്നു. 

കാലക്രമേണ ആ സംഘടനയുടെ വിജയം തന്നെ ആ നേതാവാണെന്ന് ആളുകള്‍ വിശ്വസിക്കുകയും മറ്റുള്ള അനുയായികള്‍ അല്ലെങ്കില്‍ അനുഭാവികള്‍  അവരുടെ പ്രയത്നങ്ങളെ വിസ്മരിച്ചുകൊണ്ട് എല്ലാം തങ്ങളുടെ നേതാവിന്റെ കഴിവുകൊണ്ട് സംഭവിച്ചു എന്ന് വിശ്വസിച്ച് തുടങ്ങുകയും ചെയ്യുന്നു. ഈ പ്രതിഭാസത്തെ ഫണ്ടമെന്റല്‍ ആട്ട്രിബുഷന്‍ എറര്‍ (Fundamental attribution error) എന്നാണ് സാമൂഹ്യ മനശാസ്ത്രഞ്ജന്‍മാര്‍ വിവരിക്കുന്നത്.

എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു മോശം വശം ഉണ്ട്‌. അതുപോലെതന്നെ ചിലര്‍ ഈ കഴിവിനെ ദുരുപയോഗം ചെയ്യുന്നുമുണ്ട്. സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്ക് വേണ്ടി ഇത്തരം കഴിവുകളെ ദുരുപയോഗം ചെയ്യുന്നവരാണ് ഇത്തരക്കാര്‍. ചില സാമൂഹിക സാഹചര്യങ്ങളെയും, വ്യക്തികളുടെ കുറവുകളെയും, കഴിവില്ലായ്മയെയും ഉപയോഗപ്പെടുത്തി അവരെ തന്നിലേക്ക് അടുപ്പിക്കുകയും ചെയ്യുന്നു. രാഷ്ട്രീയം, കലാകായിക താരങ്ങള്‍, മതനേതാക്കന്മാര്‍, അങ്ങനെ പല മേഖലകളിലും പ്രാവീണ്യം തെളിയിച്ച ആളുകളില്‍ ചിലര്‍ക്ക് തങ്ങളിലേക്ക് മറ്റുള്ളവരെ ആകര്‍ഷിക്കാനുള്ള  മികച്ച കരിസ്മാറ്റിക് നേത്രുത്വ പാടവമുണ്ട്.

ഈ കഴിവിനെ ചിലര്‍ ദുരുദേശത്തോടെയും ചിലര്‍  സദുദ്ദേശ്യത്തോടെയും ഉപയോഗിക്കാറുണ്ട്. ശരി-തെറ്റുകളെ ശരിതെറ്റുകളെ വിവേകത്തോടെ തിരിച്ചറിയാതെ ചതിക്കുഴികളില്‍ വീണു പരസ്പരം കൊന്നൊടുക്കുമ്പോള്‍ ചിന്തിക്കുക.. നേതാക്കന്മാര്‍ നമ്മുടെ സമൂഹത്തില്‍ സുരക്ഷിതരാണ്! നഷ്ടം എന്നും അണികള്‍ക്കും അനുയായികള്‍ക്കും തന്നെ.

(മംഗലാപുരം കസ്തൂര്‍ബ മെഡിക്കല്‍ കോളേജിലെ കണ്‍സള്‍ട്ടന്റ് ക്‌ളിനിക്കല്‍ സൈക്കോളജിസ്റ്റും അസിസ്റ്റന്റ് പ്രൊഫസറുമാണ്  ലേഖകന്‍. പൈങ്കുളം എസ്.എച്ച് ഹോസ്പിറ്റല്‍, കാഞ്ഞിരപ്പള്ളി ഹോളി ക്രോസ് ഹോസ്പിറ്റല്‍ ആന്റ് മെന്റല്‍ ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായിരുന്നു. Contact number: 85472 81985)