തെങ്കിലും മേഖലയില്‍ വ്യക്തി മുദ്ര പതിപ്പിച്ച ആളുകളോട് ആദരവ് തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഈ ആദരവ് ആരാധനയായി, ഇഷ്ട താരത്തിനു വേണ്ടി തെരുവിലിറങ്ങാനും സ്വന്തം ജീവന്‍ പോലും ബലികഴിക്കാനും സന്നദ്ധരായി നില്‍ക്കുന്നവരാണ് ചില താരാരാധകര്‍.  ആളുകള്‍ക്കുള്ള  ഇത്തരം ആരാധന കൂടുതലായി കാണുന്നത് സിനിമ, രാഷ്ട്രീയം മറ്റു കല-കായിക മേഖലയിലൊക്കെ പ്രശസ്തരായവരോടാണ്. അടുത്തകാലത്ത് കേരളത്തിലെത്തിയ പ്രശസ്ത പോപ് ഗായകന്‍ ബീബറും നടിയായ സണ്ണി ലിയോണിയുമൊക്കെ കുറച്ചൊന്നുമല്ല നമ്മുടെ കൊച്ചു കേരളത്തെ പിടിച്ചു കുലുക്കിയത്. 

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടനുവേണ്ടിയും ആളുകള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ആളുകള്‍ അവനൊപ്പവും അവള്‍ക്കൊപ്പവുമാകാന്‍ മത്സരിക്കുന്നു. സിനിമയ്ക്കപ്പുറം നടന്ന ക്രൂരപീഡനങ്ങളെക്കാളും കൊലപാതകങ്ങളെക്കാളുമൊക്കെ പ്രാധാന്യവും ചര്‍ച്ചകളും പക്ഷം പിടിക്കലും ഓണ്‍ലൈന്‍ മാര്‍കറ്റിങ്ങുമൊക്കെ തകൃതിയായി നടക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഫാന്‍സുകാര്‍ പരസ്പരം തമ്മിലടിക്കുകയാണ്‌. പക്ഷെ ആരാണ് ശരി എന്ന് നമുക്ക് കാത്തിരുന്നു കാണാം.  പൊതുവേ സിനിമ നടന്മാര്‍ക്കും നടിമാര്‍ക്കും ലഭിക്കുന്ന ജനസമ്മതി മറ്റു മേഖലയിലുള്ളവരെ അപേക്ഷിച്ച് ഇത്തിരി കൂടുതലാണെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. അഭിനേതാക്കളും പിന്നീട് രാഷ്ട്രീയത്തിലേക്കും സാമൂഹിക സാംസ്‌കാരിക മേഖലയിലേക്കുമൊക്കെ കടന്നു. ഒടുവില്‍ ഭരണ തലവന്‍മാര്‍ വരെ മാറിയ ചരിത്രമാണുള്ളത്.

ഏതെങ്കിലും ഒരു നടനോടോ നടിയോടോ ഇഷ്ടമോ ആദരവോ തോന്നുന്നതും ആരാധന തോന്നുന്നതും ഒരളവുകോലിന്റെ രണ്ടറ്റങ്ങളാണ്. ഏതെങ്കിലും മേഖലയില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ള വ്യക്തിയോട് അതിയായ ഇഷ്ടം തോന്നുന്നതും അവരെപ്പറ്റി അറിയാനും അവരെ സാമൂഹിക മാധ്യമങ്ങളിലും മറ്റും പിന്തുടരാനുമൊക്കെയുള്ള താല്പര്യം താരാരാധനയുടെ ഇങ്ങേയറ്റമാണ്‌. ഇവിടെ ആ വ്യക്തിക്ക് താരത്തോടുള്ള ഇഷ്ടവും ആദരവും നിലനില്‍ക്കുമ്പോള്‍ത്തന്നെ  ആ ഇഷ്ടത്തെപ്പറ്റി  വ്യക്തമായ ഉള്‍ക്കാഴ്ചയുണ്ടായിരിക്കുകയും  അത് സ്വയം നിയന്ത്രണത്തിലായിരിക്കുകയും ചെയ്യും. എന്നാല്‍ ഇങ്ങേയറ്റത്ത് ഒരിക്കല്‍പ്പോലും വ്യക്തിപരമായി അറിയാത്ത, താന്‍ ആരാധിക്കുന്ന വ്യക്തിക്ക് വേണ്ടി എന്തും ചെയ്യാനും സ്വന്തം ജീവന്‍ വരെ  ത്യജിക്കാനും തയ്യാറാവുന്നവരാണുള്ളത്.

വെള്ളിത്തിരയിലെ നക്ഷത്രങ്ങളാണ് സിനിമാ താരങ്ങള്‍. സിനിമയെന്ന മായാ ലോകത്തില്‍ അഭിനേതാക്കള്‍ കഥാപാത്രങ്ങളാവുമ്പോള്‍ പലമുഖങ്ങളില്‍ കൂട് വിട്ടു കൂട് മാറുമ്പോള്‍, കഥാപാത്രങ്ങളെ സൃഷ്ടിച്ചവരേക്കാളും മുകളില്‍  അഭിനേതാക്കള്‍ താരങ്ങളാവും.  കാണികള്‍ അവരെ ഏട്ടന്‍മാരും, ഇക്കയും, കുഞ്ഞിക്കയും, സൂപ്പര്‍ സ്റ്റാറും, മെഗാസ്റ്റാറും  ജനപ്രിയ നായകന്മാരുമൊക്കെയാക്കി  മനസ്സില്‍ ഒരിടം കൊടുത്ത് ചേര്‍ത്ത് നിര്‍ത്തും. 

തിരശീലയില്‍ പ്രിയ താരത്തെ കാണുമ്പോള്‍ ആവേശം കൊണ്ട് ആര്‍പ്പു വിളിക്കാനും, പാലഭിഷേകം നടത്താനും, ആവേശത്തോടെ വരവേല്‍ക്കാനും എന്തിന്, എതിര്‍ നായകന്റെ സിനിമകളെ കൂവി തോല്പ്പിക്കുവാനും കുപ്രചരണങ്ങള്‍ തൊടുത്തു വിടാനും തമ്മില്‍ പോരടിക്കാനുമൊക്കെ ആളുകള്‍ ഇറങ്ങിപ്പുറപ്പെടുന്നതെന്തുകൊണ്ടാണ്? സാമ്പത്തിക നേട്ടത്തിനോ അതോ മറ്റെന്തെങ്കിലും നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രമാണോ ആളുകള്‍ ഇങ്ങനെ കടുത്ത താരാരാധകരായി ഇറങ്ങിത്തിരിക്കുന്നത്?

ഈ അടുത്തകാലത്ത്  ഇഷ്ട നായകന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ കയറിയ ചെറുപ്പക്കാരന്‍ മുകളില്‍ നിന്നും താഴെ വിണു മരിച്ചതും സ്‌ക്രീനില്‍ പ്രിയ നായകനെ കണ്ടപ്പോള്‍ ഒന്നും നോക്കാതെ സ്‌ക്രീനിലേക്ക് പാലഭിഷേകം നടത്തി തിയേറ്റര്‍ ഉടമയ്ക്ക് ഭീമമായ നഷ്ടം വരുത്തി വച്ചതും  വാര്‍ത്തകളിലൂടെ നാമറിഞ്ഞതാണ്.

മനുഷ്യ മനസിനെ വളരെയധികം സ്വാധീനിക്കാന്‍ കഴിവുള്ള മാധ്യമമാണ് സിനിമ. സിനിമയുടെ കഥാസന്ദര്‍ഭങ്ങളോ ഉള്ളടക്കമോ ഒക്കെ ഏതെങ്കിലും തരത്തില്‍ മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ജീവിതത്തില്‍ നാം അനുഭവിച്ചതോ, അനുഭവിക്കുന്നതോ അനുഭവിക്കാന്‍ ആഗ്രഹിക്കുന്നതോ അയ കാര്യങ്ങള്‍ തിരശീലയില്‍ കാണുമ്പോള്‍ കാണികള്‍ അറിഞ്ഞോ അറിയാതെയോ അതിനെ സ്വന്തം ജീവിതവുമായി ബന്ധിപ്പിച്ചുകൊണ്ടാവും ഗ്രഹിക്കുക. അങ്ങനെ ആ കഥാ സന്ദര്‍ഭങ്ങളിലൂടെ ഇറങ്ങിച്ചെല്ലുമ്പോള്‍ നാമറിയാതെ തന്നെ  ചില കഥാപാത്രങ്ങളിലേക്ക് താദാത്മ്യം പ്രാപിക്കാനുള്ള സാധ്യതയുണ്ട്. ഇങ്ങനെ താദാത്മ്യം പ്രാപിക്കുമ്പോള്‍ തനിക്കു യഥാര്‍ത്ഥ ജീവിതത്തില്‍ ചെയ്യാന്‍ കഴിയാത്തത് കഥാപാത്രം ചെയ്യുമ്പോള്‍ സ്വന്തം മനസിന് വലിയൊരു ആശ്വാസമാണ് ലഭിക്കുക. അതിലൂടെ തന്റെ കഴിവില്ലായ്മയ്ക്ക് താല്കാലികമായ ഒരു പരിഹാരം ലഭിക്കുന്നുമുണ്ട്. അങ്ങനെ സ്വന്തം സ്വത്വത്തോട് ചേര്‍ന്ന് നില്‍കുന്ന കഥാപാത്രങ്ങളോട് ഒരു പ്രത്യേക ഇഷ്ടം തോന്നുകയും അതിലൂടെ ആ കഥാപാത്രം തിരശീലയിലവതരിപ്പിച്ച നടനോടോ നടിയോടോ വൈകാരികമായ ഒരു അടുപ്പം തോന്നുകയും ചെയ്യും. 

ഇത്തരം താദാത്മ്യം പ്രാപിക്കല്‍ ആ വ്യക്തിയുടെ സ്വഭാവ സവിശേഷതകള്‍, കാഴ്ചപ്പാടുകള്‍,സാമൂഹിക സാംസ്‌കാരിക ചുറ്റുപാടുകള്‍ തുടങ്ങിയവയൊക്കെയായി വളരെയധികം  ബന്ധപ്പെട്ടിരിക്കുന്നു.  ഒരു നടന്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ തിരശീലയില്‍ കാണുന്ന കഥാപാത്രങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ അത് നന്മയോ തിന്മയോ ആയികൊള്ളട്ടെ അതേ സ്വഭാവമാണ് അഭിനയിച്ച ആളുകള്‍ക്കുള്ളത് എന്ന തെറ്റിധാരണ. കാര്യങ്ങള്‍ അങ്ങനെയാവണമെന്നില്ല എന്നറിയാമെങ്കിലും നാമറിയാതെ നമ്മുടെ മനസ്സില്‍ ഉടലെടുക്കുന്നുണ്ട്. അങ്ങനെ നാം ആഗ്രഹിക്കുന്നത് പോലെ ആ  നടനെ അല്ലെങ്കില്‍ നടിയെ വിലയിരുത്തുമ്പോള്‍ അതിനുമപ്പുറം ആ  കഥാപാത്രത്തെ അവതരിപ്പിച്ച നടന്റെ വ്യക്തിത്വം തികച്ചും  വ്യത്യസ്തമായിരിക്കാം. ഈ തിരിച്ചറിവില്ലായ്മ അന്ധമായ താരാരാധനയിലേക്ക് വ്യക്തിയെ നയിക്കാന്‍ ഒരു കാരണമാണ്. ചില കഥാ സന്ദര്‍ഭങ്ങള്‍, അഭിനയ മുഹൂര്‍ത്തങ്ങള്‍, സിനിമയുടെ അവതരണ രീതി തുടങ്ങിയവയൊക്കെ തിയേറ്ററില്‍ സിനിമ കാണുമ്പോള്‍ നമ്മുടെ യാഥാര്‍ത്ഥ്യ ബോധത്തിന്റെ ഭാഗമാവുകയും എന്നാല്‍ സിനിമ കണ്ടതിനു ശേഷം തന്റെ ശരിയായ യാഥാര്‍ത്ഥ്യത്തിലേക്ക്  തിരികെ വരാനുമുള്ള കഴിവ് മനുഷ്യനുണ്ട് പക്ഷെ ഈ കഴിവില്‍ ഓരോ മനുഷ്യനും വ്യത്യാസപ്പെട്ടിരിക്കുന്നു.

താരാരാധനയുടെ തീവ്രതയില്‍ തന്റെ ഇഷ്ട നായകന് വേണ്ടി അല്ലെങ്കില്‍ നായികയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാവുന്നത് പലപ്പോഴും പ്രതികൂലമായ ഭവിഷ്യത്തുകള്‍ വരുത്തി വയ്ക്കാറുണ്ട്. അത് സമൂഹത്തിനു ദോഷമായി ഭവിക്കുക മാത്രമല്ല താരത്തെ ആരാധിക്കുന്ന വ്യക്തിയുടെ മാനസിക സന്തുലിതാവസ്ഥയെയും പ്രതികൂലമായി ബാധിക്കും. താരത്തോടുള്ള അഭിനിവേശം  ഏതെങ്കിലും ഒരു ലഹരിയോടുള്ള വിധേയത്വത്തിന് സമാനമായ പ്രത്യാഘാതങ്ങളാണ് വ്യക്തിയുടെ മാനസികാവസ്ഥയ്ക്ക് വരുത്തുന്നതെന്ന് ചില ഗവേഷകര്‍ നിരീക്ഷിക്കുന്നു.

McCutcheon, Maltby തുടങ്ങിയ ഗവേഷകര്‍ അമിതമായ താരാരാധകരുടെ സ്വഭാവ വിശേഷതകളെപ്പറ്റി നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. പക്ഷെ ഇത്തരത്തിലുള്ള പഠനങ്ങള്‍ നടത്തിയത് അമേരിക്ക, യുറോപ്പ് തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളിലാണ്. അവരുടെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ സ്വന്തം ശരീരത്തെപ്പറ്റിയോ രൂപത്തെപ്പറ്റിയോ ആശങ്കയുള്ളവര്‍, അതായതു സ്വന്തം സൗന്ദര്യം, മറ്റുള്ളവര്‍ തന്റെ രൂപത്തെ എങ്ങനെ കാണുന്നുവെന്ന് ആശങ്കപ്പെടുന്ന തരത്തിലുള്ള സ്വഭാവങ്ങള്‍ (Body Image difficulties) താരാരാധകരില്‍ കാണപ്പെടാറുണ്ടെന്ന് പറയുന്നു.

ചിന്തിക്കുന്നതിലും, മനോഭാവത്തിലും, തീരുമാനമെടുക്കുന്നതിലും കാഴ്ചപ്പാടുകളിലും കാര്യങ്ങളെ മനസിലാക്കുന്നതിലുമൊക്കെയുള്ള ദൃഢത ഇത്തരക്കാരില്‍ പൊതുവേ കാണപ്പെടാറുണ്ടെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പൊതുവേ താന്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും മാത്രമാണ് ശരിയെന്നും എത്ര തന്നെ എതിര്‍ വാദങ്ങള്‍ വ്യക്തി പേറുന്ന വിശ്വാസത്തിലെ പോരായ്മകളെ വസ്തുനിഷ്ഠമായി വിവരിക്കാന്‍ ശ്രമിച്ചാല്‍പ്പോലും അതിനെ നിസാരമായി തള്ളിക്കളയുകയും സ്വന്തം നിലപാടുമാത്രമാണ് ശരിയെന്നു വിശ്വസിച്ച്  അതില്‍ തന്നെ ഉറച്ചു നില്‍കുന്ന പ്രവണത പൊതുവേ ഇത്തരക്കാരില്‍ കാണപ്പെടാറുണ്ട്. ഇതിനെ കൊഗ്‌നിറ്റീവ് റിജിഡിറ്റി (Cognitive Rigidity) എന്നു പറയുന്നു.

എല്ലാ കാര്യങ്ങളെയും ആദ്യം വളരെ താത്പര്യത്തോടെ സമീപിക്കുകയും എന്നാല്‍ പെട്ടന്ന് തന്നെ അതില്‍ താല്പര്യം നഷ്ടപ്പെട്ടു പുതിയകാര്യങ്ങള്‍ ചെയ്യാനാഗ്രഹിക്കുന്ന തരത്തിലുള്ള സ്വഭാവമുള്ളവര്‍ താരാരാധനയുള്ളവരുടെ ഇടയില്‍ കാണപ്പെടുന്നുവെന്നു ചില നിരീക്ഷണങ്ങളുണ്ട്. ഒരു കാര്യത്തിലും ഉറച്ചു നില്കാത്ത പ്രകൃതം ഇത്തരക്കാരുടെ സ്വഭാവ സവിശേഷതയാണ്. അതുപോലെ തന്നെ സ്വന്തം വ്യക്തിത്വത്തില്‍ തൃപ്തിയില്ലാതിരിക്കുകയും തന്റെ കഴിവുകളെപ്പറ്റിയും കഴിവില്ലായ്മയെപ്പറ്റിയും ശരിയായ ധാരണ ഇല്ലാത്തവരും പൊതുവേ താരാരാധകരുടെയിടയില്‍ കാണാറുണ്ട്.

വ്യക്തി ബന്ധങ്ങളില്‍ കൃത്യമായ അതിരുകള്‍ വയ്ക്കുന്നതില്‍ പോരായ്മയുള്ള മറ്റൊരു വിഭാഗം. മറ്റൊരാളുടെ ഭാഗത്ത് നിന്ന് കൂടി കാര്യങ്ങളെ വിശകലനം ചെയ്യുന്നതിനുള്ള പോരായ്മ ഇത്തരം ആളുകള്‍ കാണിക്കാറുണ്ട്. കാര്യങ്ങളെ വിവേകത്തോടെ കാണുന്നതിനുള്ള കഴിവില്ലായ്മയും ബുദ്ധിപരമായ പോരായ്മയും താരാരാധകരുടെ പ്രത്യേകതകളായി  McCutcheon, Maltby തുടങ്ങിയ ഗവേഷകര്‍ വ്യക്തമാക്കുന്നു.

സിനിമ ഒരു കല അല്ലെങ്കില്‍ വിനോദോപാധി എന്നതിനപ്പുറം ഒരു വ്യവസായം കൂടിയാണ്. പ്രത്യേകിച്ച് വാണിജ്യ സിനിമകള്‍. ആ നിലക്ക് ഒരു സിനിമയെന്ന ഉല്പന്നം സമൂഹത്തിലെത്തി ലാഭം കൊയ്യണമെങ്കില്‍, പലപ്പോഴും ഫാന്‍സ് ക്ലബുകളുടെ അതായത് താരാരാധകരുടെ സഹായം വേണ്ടി വന്നേക്കാം. പല അഭിനേതാക്കളും അതിനെ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ പലപ്പോഴും താരാരാധന കുറ്റകൃത്യങ്ങളിലേക്കും ഗുണ്ടായിസത്തിലേക്കുമൊക്കെ വഴി മാറുമ്പോള്‍  അത് സമൂഹത്തിന്റെ സന്തുലിതാവസ്ഥയെ പ്രതികൂലമായെ ബാധിക്കുന്നു.  

എന്നാല്‍ അടുത്തിടെ ഫഹദ് ഫാസില്‍ എന്ന നടന്‍ പറഞ്ഞതുപോലെ, തനിക്കു ഫാന്‍സുകാര്‍ വേണ്ട എന്നും സിനിമ ആസ്വാദകര്‍ മതിയെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. ചെറിയ പ്രായത്തില്‍ താരാരാധനയുടെ പേരില്‍ ജീവിതം നശിപ്പിക്കാതെ പഠിക്കാനുമാണ് അദ്ദേഹം നിര്‍ദേശിക്കുന്നത്. താരാരാധനയുടെ പേരില്‍ സ്വന്തം ജീവിതം നശിപ്പിച്ചാല്‍ നഷ്ടപ്പെടുന്നത് അവരവര്‍ക്ക് തന്നെയാണ് എന്ന ബോധം ഓരോ വ്യക്തിയും ആര്‍ജ്ജിക്കേണ്ടതുണ്ട്.