'ന്നെ രക്ഷിക്കണം..എനിക്ക് ഉറങ്ങാന്‍ പറ്റുന്നില്ല..ഭയങ്കരമായ ടെന്‍ഷന്‍..കുറച്ചു സമയം പള്ളിയില്‍ പോയിരുന്നു.. പ്രാര്‍ത്ഥിച്ചു..കുമ്പസാരിച്ചു..എനിക്ക് പറ്റുന്നില്ല സാര്‍..കുറെ ദിവസങ്ങളായി മനസിലിട്ടോണ്ട് നടക്കുവാ...എനിക്കെന്തെകിലും മരുന്ന് തരണം!.' ഏകദേശം നാല്‍പത്, നാല്‍പത്തിയഞ്ച് വയസു പ്രായമുള്ള ഒരു സ്ത്രീ പെട്ടെന്ന് ആശുപത്രി മുറിയിലേക്ക് കയറി വന്നു..അവരുടെ ശ്വാസ നിശ്വാസത്തിന്റെ ശബ്ദം എനിക്ക് നന്നായി കേള്‍ക്കാം....വളരെ അവിചാരിതമായാണ് ഭര്‍ത്താവിന്റെ മൊബൈലില്‍ വരുന്ന മെസ്സേജുകള്‍ അവര്‍ ശ്രദ്ധിച്ചത്..മറ്റൊരു സ്ത്രീയുമായി സ്വന്തം ഭര്‍ത്താവ് പങ്കുവച്ച, ഒരു ഭാര്യ കാണാന്‍ പാടില്ലാത്ത തരത്തിലുള്ള മെസ്സേജുകള്‍.....ഭര്‍ത്താവിനോട് കാര്യം അന്വേഷിച്ചു. പക്ഷെ ആദ്യമൊന്നും അദ്ദേഹം സമ്മതിച്ചില്ല. ഒടുവില്‍ അയാള്‍ എല്ലാം എറ്റു പറഞ്ഞു ഭാര്യയുടെ കാല്‍ക്കല്‍ വീണു.അന്തരീക്ഷം കുറെയൊക്കെ ശാന്തമായി. അങ്ങനെ ദിവസങ്ങള്‍ കഴിഞ്ഞു. പക്ഷെ എത്ര ശ്രമിച്ചിട്ടും ആ ഒരു സംഭവം അവരുടെ മനസ്സില്‍ നിന്ന് പോകുന്നില്ല. 

'എന്റെ സ്‌നേഹത്തെ തിരിച്ചറിയാതെ എങ്ങനെ അയാള്‍ക്ക് ഇത് ചെയ്യാന്‍ കഴിഞ്ഞു..?.ആ ഒരു ചിന്ത മനസിലേക്ക് ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു വരികയാണ്. ഉറങ്ങാന്‍ പറ്റുന്നില്ല..ആളുകളോടോന്നു സന്തോഷമായി സംസാരിക്കാന്‍ കഴിയുന്നില്ല, ഇടയ്ക്കിടയ്ക്ക് അറിയാതെ ആ വിഷമം മനസിലോട്ടു വരുമ്പോള്‍ എന്നെ തന്നെ നിയന്ത്രിക്കാന്‍ പറ്റാതെ വരുന്നു'. ഭര്‍ത്താവിന്റെ അവിഹിത ബന്ധം മൂലം തളര്‍ന്നു പോയ ഒരു ഭാര്യയുടെ ജീവിതാനുഭവമാണിത്.

സുമുഖനും ഊര്‍ജസ്വലനുമായ ഒരു ചെറുപ്പക്കാരന്‍. കല്യാണം കഴിഞ്ഞിട്ട് മൂന്നു നാലു  മാസമേ ആയിട്ടുള്ളൂ.. ജീവിതത്തില്‍ ഒത്തിരി കഷ്ടപ്പാടും ദുരിതവും ഒക്കെ സഹിച്ചെങ്കിലും ഇപ്പോള്‍ ഒരു നല്ല ജോലി ഉണ്ട്. ജീവിക്കാന്‍ ആവശ്യത്തിനു പണമുണ്ട.്  തരക്കേടില്ലാത്ത ചുറ്റുപാടുണ്ട്. ഒത്തിരി പ്രതീക്ഷകളോടെയാണ് വിവാഹം കഴിച്ചത്. പക്ഷെ ഭാര്യ എന്നെ സ്‌നേഹിക്കുന്നില്ല ! അടുത്തിരുന്നൊന്നു സംസാരിക്കുന്നില്ല. ജോലി ചെയ്തു ക്ഷീണിച്ചു വരുമ്പോള്‍ ഭര്‍ത്താവിനെ പ്രതീക്ഷിച്ചു നില്‍ക്കാറില്ല..ആഗ്രഹിച്ച ഒരു പരിഗണനയും കിട്ടുന്നില്ല. കൂടുതല്‍ സമയം മൊബൈല്‍ ഫോണില്‍ നോക്കിയിരിക്കും. ആദ്യമൊക്കെ ഒരുമിച്ചു ഭക്ഷണം കഴിക്കുമായിരുന്നു ഇപ്പോള്‍ ഞാന്‍ അടുത്ത് ചെല്ലുന്നതുപോലും ഇഷ്ടമല്ല. ഒരു ദിവസം രണ്ടും കല്പിച്ചു തുറന്നു സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ പൊട്ടിത്തെറിച്ചു കൊണ്ട് പറഞ്ഞു 'എനിക്ക് തന്നെ ഒരു ഭര്‍ത്താവായി കാണാന്‍ പറ്റുന്നില്ല!.....ഞാനാഗ്രഹിച്ച ഒരു ജീവിതമല്ല എനിക്ക് കിട്ടിയത്...എനിക്ക് വേറൊരാളെ ഇഷ്ടമായിരുന്നു....എനിക്ക് അയാളോടോത്തു ജീവിക്കണം'.....ചെറുപ്പക്കാരന്‍ മനശാസ്ത്രജ്ഞനെ കാണാന്‍ ഭാര്യയുമായി വന്നത് തകര്‍ന്നു പോയ ജീവിതം തിരിച്ചു പിടിക്കാനാണ്.'  

READ MORE:മകള്‍ക്ക് മരണവഴി തെളിയിച്ച അമ്മ

ഒരു സ്ത്രീയും പുരുഷനും തമ്മില്‍ നിയമപരമായ ഉടമ്പടിയിലൂടെയുള്ള ഒത്തു ചേരലാണ് വിവാഹം. അതിലൂടെ ഒരു പുതിയ കുടുംബത്തിന്റെ രൂപീകരണവും നടക്കുന്നു. എന്നാല്‍ എല്ലാ സ്ത്രീപുരുഷ ബന്ധങ്ങളും നിയമപരമാവണമെന്നില്ല. ചില ഘട്ടങ്ങളില്‍ എല്ലാ നിയമപരമായ ഉടമ്പടിക്കും മേലെ ഒരു മിച്ചു ജീവിക്കുന്നവരുമുണ്ട്. ഇതിനെ ലിവിംഗ് ടുഗതര്‍ ബന്ധങ്ങളെന്നാണ് വിളിക്കുന്നത്. ഈ രണ്ടു അവസ്ഥകളിലും ദമ്പതികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. കുടുംബ കോടതികളില്‍ നിന്നും മറ്റും വരുന്ന നല്ലൊരു ശതമാനം കുടുംബ പ്രശ്‌നങ്ങള്‍ക്കും ഭാര്യഭാര്‍ത്തക്കന്‍മാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്കും വത്യസ്തകാരണങ്ങളാവും ഉണ്ടാവാറുള്ളത്. പൊതുവേ പ്രശ്‌നങ്ങള്‍ക്ക് കാരണമായി വരാറുള്ളത് ദമ്പതിമാര്‍ തമ്മിലുള്ള വിശ്വാസമില്ലായ്മ, അസൂയ, വ്യഭിചാരം, വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്ന പ്രവര്‍ത്തികള്‍ തുടങ്ങിയവയാണ്. ഇത്തരം കാരണങ്ങളില്‍ പ്രധാനിയാണ് വിവാഹേതര ബന്ധങ്ങള്‍.

വാര്‍ത്തകളില്‍ നിറയുന്നത്

1. ഭര്‍ത്താവിനൊപ്പം ദുബായിയിലെത്തിയ നവ വധു മൂന്നാം ദിവസം അവിടെ കാമുകനോടൊപ്പം ഒളിച്ചോടി കാണാതായി എന്നുപറയുന്ന സംഭവത്തില്‍ കേസന്വേഷണത്തിന്റെ പത്താം വര്‍ഷം യുവതിയുടെ ഭര്‍ത്താവിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഏറെ വിവാദമായ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിനടുത്ത് അലശക്കോട്ട് ജോര്‍ജിന്റെ മകള്‍ സ്മിത (25) യുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലാണ് ഭര്‍ത്താവ് പള്ളുരുത്തി തോപ്പുംപടി ചിറയ്ക്കല്‍ വലിയപറമ്പില്‍ സാബു എന്ന ആന്റണി (44) യെ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബിജു കെ. സ്റ്റീഫന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

2. 2005 സപ്തംബര്‍ ഒന്നിനായിരുന്നു ആന്റണി സ്മിതയുമായി ദുബായിയിലെത്തിയത്. മൂന്നാം തീയതിയാണ് താമസസ്ഥലത്തു നിന്ന് സ്മിതയെ കാണാതായത്. അതിന് മൂന്നുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ദുബായിയില്‍ ജോലിക്കാരനായിരുന്ന ആന്റണി 16 ദിവസമാണ് നാട്ടില്‍ സ്മിതയ്‌ക്കൊപ്പം ഉണ്ടായിരുന്നത്. എസ്എസ്എല്‍സി വിദ്യാഭ്യാസം മാത്രമേ ഇയാള്‍ക്കുള്ളൂ. സ്മിത എം.സി.എ. ബിരുദധാരിണിയാണ്. വിസിറ്റിംഗ് വിസയിലാണ് സ്മിതയെ ദുബായിയില്‍ കൊണ്ടുവന്നത്. ഉയര്‍ന്ന ശമ്പളത്തില്‍ ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞായിരുന്നു ഇത്. ആന്റണിയുടെ നിര്‍ദേശപ്രകാരം വിവാഹ സമ്മാനമായി കിട്ടിയ 38 പവന്റെ ആഭരണങ്ങളുമണിഞ്ഞാണ് സ്മിത ദുബായിയിലെത്തിയത്. മൂന്നാം തീയതി വൈകീട്ട് ആന്റണി സ്മിതയുടെ അമ്മാവനെ ഫോണില്‍ വിളിച്ച് സ്മിതയെ വീട്ടില്‍ കാണുന്നില്ലെന്ന് അറിയിക്കുകയായിരുന്നു. വൈറ്റില സ്വദേശിയായ കാമുകന്‍ ഡോക്ടറോടൊപ്പം പോകുന്നതായി കാണിക്കുന്ന ഒരു കത്ത് സ്മിത എഴുതിവെച്ചിരുന്നതായും അറിയിച്ചു. ഈ കത്തിന്റെ പകര്‍പ്പുകള്‍ നാട്ടില്‍ ബന്ധുക്കള്‍ക്ക് ഇയാള്‍ അയച്ചുകൊടുക്കുകയും ചെയ്തു. തുടര്‍ന്ന് സംഭവത്തില്‍ ദുരൂഹതയുള്ളതായി കാണിച്ച് സ്മിതയുടെ മാതാപിതാക്കള്‍ വിവിധ കേന്ദ്രങ്ങളില്‍ പരാതി കൊടുക്കുകയുമുണ്ടായി. അതിനിടെ ദുബായിയിലുണ്ടായിരുന്ന സ്മിതയുടെ ഒരു ബന്ധു മാക്‌സണ്‍ സംഭവത്തെക്കുറിച്ചന്വേഷിക്കാനായി ആന്റണിയുടെ താമസ സ്ഥലത്തെത്തിയപ്പോള്‍ കണ്ണൂര്‍ സ്വദേശിനി മിനി എന്ന് സ്വയം പരിചയപ്പെടുത്തിയ യുവതിയെ അവിടെ ദുരൂഹ സാഹചര്യത്തില്‍ കാണാനിടയായി. അതേക്കുറിച്ച് ചോദിച്ച് മാക്‌സണും ആന്റണിയുമായി വാക്കുതര്‍ക്കവും നടന്നു. ഇതിനു ശേഷം മാക്‌സണ്‍ തന്നെ മര്‍ദിച്ചു എന്നാരോപിച്ച് ആന്റണി ദുബായ് പോലീസില്‍ പരാതിപ്പെടുകയും മാക്‌സണെ പോലീസ് അറസ്റ്റ് ചെയ്ത് ഒരു വര്‍ഷത്തോളം ജയിലിലടയ്ക്കുകയും ചെയ്തു. ജയിലില്‍ നിന്നിറങ്ങിയ മാക്‌സണിന്റെ പരാതിപ്രകാരം അവിഹിത ബന്ധം ആരോപിച്ച് ആന്റണിയേയും കൂടെയുണ്ടായിരുന്ന യുവതിയേയും പോലീസ് അറസ്റ്റ് ചെയ്ത് മൂന്നുമാസത്തോളം ജയിലിലാക്കിയ സംഭവവും ഉണ്ടായി.

പിന്നീട് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ആന്റണി മലയാളി സംഘടനകളെയും മാധ്യമങ്ങളെയും സമീപിച്ച് ഭാര്യ ഒളിച്ചോടിപ്പോയതിന്റെ പേരില്‍ നിരപരാധിയായ തന്നെ പീഡിപ്പിക്കുന്നുവെന്ന മട്ടില്‍ വാര്‍ത്തകളും സൃഷ്ടിച്ചു. തന്റെ ഭാര്യയെ കണ്ടുപിടിച്ചുതരണമെന്നാവശ്യപ്പെട്ട് ആന്റണി ദുബായ് പോലീസിലും ഇന്ത്യന്‍ കോണ്‍സുലേറ്റിലും മറ്റും പരാതിപ്പെടുകയുമുണ്ടായി. അന്വേഷണം മുറുകുന്നതിനിടയില്‍ ആന്റണി അമേരിക്കയിലേക്ക് കടന്നു. അവിടെ നല്ല ശമ്പളത്തില്‍ റിഫൈനറിയില്‍ ജോലിനോക്കി വരികയാണ് ഇയാള്‍. അതിനിടെ ഭാര്യയുടെ അവിഹിത ബന്ധം ആരോപിച്ച് കേരളത്തില്‍ കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയ ആന്റണി എതിര്‍ കക്ഷിയുടെ അസാന്നിധ്യത്തില്‍ ഏകപക്ഷീയമായി വിവാഹ മോ ചനം നേടി. തുടര്‍ന്ന് ആലുവ സ്വദേശിനിയായ മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു.

എന്താണ് വിവാഹേതര ബന്ധങ്ങള്‍?

ദമ്പതിമാരിലൊരാള്‍ക്ക് മറ്റേതെങ്കിലും വ്യക്തിയുമായി വൈകാരികമായോ ലൈംഗികമായോ ഉള്ള ബന്ധം, വിവാഹ നിയമങ്ങള്‍ക്കു എതിരായി വരികയും, ദമ്പതിമാര്‍ തമ്മിലുള്ള ബന്ധത്തെ മോശമായി ബാധിക്കുകയും ചെയ്യുന്ന തരത്തിലുള്ള ബന്ധങ്ങളാണ് വിവാഹേതര ബന്ധങ്ങള്‍.

1996 ല്‍ ബാംഗ്ലൂരിലുള്ള എട്ട് മെഡിക്കല്‍ സ്ഥാപനങ്ങളില്‍ നടത്തിയ പഠനത്തിന്റെ ഭാഗമായി 286 ലൈംഗിക രോഗമുള്ളവരില്‍ 79.4% ആളുകള്‍ വിവാഹേതര ബന്ധങ്ങള്‍ ഉള്ളവരാണെന്നു കണ്ടെത്തി. അതുപോലെ തന്നെ കാമസൂത്ര ആന്വല്‍ സര്‍വേ നടത്തിയതില്‍ 13% ആളുകള്‍ വിവാഹേതര ബന്ധങ്ങള്‍ ഉള്ളവരാണെന്നും അവരില്‍ 68% ആളുകള്‍ ഒരു പങ്കാളി ഉള്ളവരും, 32% ആളുകള്‍ ഒന്നിലധികം വിവാഹേതര ബന്ധങ്ങള്‍ ഉള്ളവരാണെന്നും പറയുന്നു. 

രണ്ടായിരത്തി അഞ്ചില്‍ നടത്തിയ ഒരു പഠനത്തില്‍ മുംബയിലുള്ള ബാന്ദ്ര കോടതിയില്‍ നടന്ന 2055  വിവാഹമോചന കേസുകളില്‍ 308 കേസുകള്‍ വിവേഹതര ബന്ധങ്ങള്‍ മൂലമാണെന്ന് പറയുന്നു. അടുത്ത കാലത്ത് നിരന്തരം വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകളും സൂചിപ്പിക്കുന്നത്  വിവാഹേതര ബന്ധങ്ങളും അതുമൂലമുണ്ടാകുന്ന കുറ്റകൃത്യങ്ങളുമൊക്കെ വ്യക്തികളെ മാത്രമല്ല കുടുംബത്തെയും സമൂഹത്തെയും വൈകാരികമായും മാനസികമായും  ബാധിക്കുന്നുവെന്നതാണ്.


മാനസിക കാരണങ്ങള്‍..

വിവാഹേതര ബന്ധങ്ങളെ വ്യക്തിപരവും, കുടുംബപരവും, ബന്ധങ്ങള്‍ നിലനിര്‍ത്താനുള്ള വ്യക്തിയുടെ കഴിവുമൊക്കെയായി ചേര്‍ത്തുവച്ച് മനസിലാക്കേണ്ടിയിരിക്കുന്നു. ചില ആളുകള്‍ ദൃഢമായ ആത്മബന്ധങ്ങള്‍ പുലര്‍ത്താന്‍ കഴിവില്ലാത്തവരാണ്. എന്നാല്‍ ഇത്തരക്കാരില്‍ ചിലര്‍ വളരെ വേഗം ആളുകളുമായി അടുക്കുകയും എന്നാല്‍ പെട്ടന്ന് തന്നെ ആ ബന്ധത്തില്‍ മടുപ്പ് തോന്നുകയും പിന്നീട് പുതിയ ബന്ധങ്ങള്‍ തേടി പോകുകയും ചെയ്യുന്നവരാണ്. 

ഇങ്ങനെയുള്ള സ്വഭാവങ്ങള്‍ വ്യക്തിയുടെ കുട്ടിക്കാലവും അയാളുടെ അടുപ്പത്തിന്റെ രീതിയുമൊക്കെയായി ബന്ധപ്പെട്ടിരിക്കുന്നു. മാതാപിതാക്കള്‍ തമ്മിലുള്ള വിശ്വാസമില്ലായ്മയും, അവരുടെ കുട്ടികളെ വളര്‍ത്തുന്നതിനുള്ള പോരായ്മകളും, അതുപോലെ തന്നെ കുട്ടികള്‍ക്ക് മാതാപിതാക്കളിലുള്ള വിശ്വാസ്യതയും, സുരക്ഷിതത്വ ബോധമുണര്‍ത്തുന്ന തരത്തിലുമുള്ള സാഹചര്യങ്ങളില്ലാതെ വരുന്നതും പിന്നീടുള്ള വ്യക്തിയുടെ ജീവിതത്തില്‍ ആരോഗ്യപരമായ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിന് തടസമായി വരാം.

ചില ആളുകള്‍ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനിഷ്ടപ്പെടാതെ, അല്ലെങ്കില്‍ പരിഹരിക്കാതെ പ്രശ്‌നങ്ങളെ ഒഴിവാക്കുന്നവരാണ്. ഉദാഹരണത്തിന് ഭാര്യഭര്‍ത്തൃ ബന്ധങ്ങളില്‍ ഉണ്ടാകുന്ന ആശയപരമായ  പ്രശ്‌നങ്ങളെ കൃത്യമായി പരസ്പരം സംസാരിക്കാനോ പരിഹരിക്കാനോ ശ്രമിക്കാതിരിക്കുകയും, കാലങ്ങളോളം ഈ ഭാരവും പേറി  ജീവിതം തള്ളി നീക്കുന്നവരുമാണ്. ഇത്തരം സാഹചര്യങ്ങളില്‍ സന്തോഷം നല്‍കുന്ന മറ്റു ബന്ധങ്ങളില്‍ നിന്നും ആദ്യമാദ്യം സുഹൃത് ബന്ധങ്ങളായും സഹോദര ബന്ധങ്ങളായും പിന്നീട് അത് മറ്റു തലങ്ങളിലേക്ക് വഴിവിട്ട് പോകുന്നതും നിത്യ സംഭവങ്ങളാണ്.

വിവാഹേതര ബന്ധങ്ങളിലേക്ക് വരുന്നവരില്‍ ഒരു കൂട്ടര്‍ അമിതമായ ലൈംഗിക തല്പര്യമുള്ളവരാണ്. പെട്ടെന്ന് തന്നെ ഇണയില്‍ ലൈംഗിക താല്പര്യം നഷ്ടപ്പെടുകയും ലൈംഗികതയുടെ  പുതിയ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി സഞ്ചരിക്കുന്നവരുമാണിവര്‍. അടിസ്ഥാനപരമായ വ്യക്തിത്വം, ആത്മാര്‍ഥതയില്ലാത്ത വ്യക്തി ബന്ധങ്ങള്‍, കൂടുതല്‍ ഗുണഗണങ്ങളുള്ള പങ്കാളിയെ തേടിയുള്ള പരക്കം പാച്ചില്‍ എന്നിവയൊക്കെ ഇത്തരം പെരുമാറ്റങ്ങളിലേക്ക് നയിക്കാം.

പക്വതയില്ലാത്ത പ്രായത്തിലെ വിവാഹ ബന്ധങ്ങള്‍, വളര്‍ന്നു വന്ന കുടുംബ സാഹചര്യങ്ങള്‍, പങ്കാളിയുടെ താല്‍പ്പര്യങ്ങളെ മനസിലാക്കുന്നതിലുള്ള തകരാറുകള്‍,  ചിലപ്പോള്‍ എതിര്‍ ലിംഗത്തെപ്പറ്റിയുള്ള തെറ്റായ വിശ്വാസങ്ങള്‍, അതുപോലെ പൊതുവായ ഇഷ്ടങ്ങള്‍ ഇല്ലാതെ വരുന്ന കുടുംബ സാഹചര്യങ്ങള്‍, വ്യക്തിയുടെ പഴയകാല പ്രണയ ബന്ധങ്ങള്‍ എന്നിവയെല്ലാം വിവാഹേതര ബന്ധങ്ങള്‍ക്ക് കാരണമാവാറുണ്ട്. ചില സാഹചര്യങ്ങളില്‍ വിവാഹത്തിന്റെ ആദ്യ നാളുകളിലെ ഊഷ്മളത നിലനിര്‍ത്താന്‍ പറ്റാതെ വരികയും ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളെ അതായത് ഭര്‍ത്താവും ഭാര്യയും ആയിരുന്നവര്‍ അച്ഛനും അമ്മയുമാവുമ്പോള്‍  ഉത്തരവാദിത്തങ്ങള്‍ കൂടുകയും, അങ്ങനെ ചിലര്‍ ദാമ്പത്യ ബന്ധത്തിന്റെ ഊഷ്മളത നഷ്ടപ്പെടുത്തുകയും ചെയ്യുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്.

കുടുംബ ബന്ധങ്ങള്‍ നിലനിര്‍ത്താന്‍...

ഒരുമിച്ചു കിട്ടുന്ന സന്തോഷമുള്ള നിമിഷങ്ങള്‍ കണ്ടെത്തുകയും, പരസ്പരം സ്‌നേഹിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള സമയം പാഴാക്കാതിരിക്കുകയും ചെയ്യുക. വികാരങ്ങളെ പര്‍വതീകരിക്കാതെ യാഥാര്‍ഥബോധതോട് കൂടി പ്രകടിപ്പിക്കുക എന്നതും പ്രാധാന്യം അര്‍ഹിക്കുന്ന കാര്യമാണ്. വ്യക്തിപരമായ കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും  പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കുകയും, അതുപോലെ  കുട്ടികളെ വളര്‍ത്തുന്നതിലും, കുടുംബത്തില്‍ തീരുമാനങ്ങളെടുക്കുമ്പോഴും രണ്ടുപേരുടെയും സഹകരണത്തോടെ കാര്യങ്ങള്‍ ചെയ്യുകായും, വിട്ടു വീഴ്ച്ചാ മനോഭാവത്തോടെ കാര്യങ്ങള്‍ ചെയ്യുന്നതും  ഉപകാര പ്രദമാണ്.

(മംഗലാപുരം കസ്തൂര്‍ബ മെഡിക്കല്‍ കോളേജിലെ കണ്‍സള്‍ട്ടന്റ് ക്‌ളിനിക്കല്‍ സൈക്കോളജിസ്റ്റും അസിസ്റ്റന്റ് പ്രൊഫസറുമാണ്  ലേഖകന്‍. പൈങ്കുളം എസ്.എച്ച് ഹോസ്പിറ്റല്‍, കാഞ്ഞിരപ്പള്ളി ഹോളി ക്രോസ് ഹോസ്പിറ്റല്‍ ആന്റ് മെന്റല്‍ ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായിരുന്നു. Contact number: 85472 81985)