'ബ്രോ ഒരു ട്രിപ്പിനു പോരുന്നോ? കുറച്ചു ചാര്‍ലി കിട്ടീട്ടുണ്ട്!.....മുത്തെ..സണ് അടിച്ചിട്ടുണ്ടോ...? ഒന്നൊന്നര സാധനമാ കേട്ടോ.! ചങ്കെ....നീ ആണെടാ റിയല്‍ ബ്രോ..എവിടുന്നു കിട്ടി ഈ സ്റ്റാമ്പ്?. ഒന്നും മനസിലായില്ല അല്ലെ ? പേടിക്കേണ്ട. പണ്ട് കാലത്തെ കട്ടന്‍ ബീഡിയും സ്മാള്‍ അടിയുമൊക്കെ പുതിയ തലമുറയില്‍ വന്നപ്പോള്‍ ഉണ്ടായ മാറ്റമാണ് ഇതൊക്കെ..ഈ കോഡ് ഭാഷയൊക്കെ കേട്ടാല്‍ പഴയ തലമുറയ്ക്കുണ്ടോ മനസിലാകുന്നു?.എന്റെ ശിവനേ...ശിവനും ഇപ്പോള്‍ ഒരു കോഡു ഭാഷയാണ് കേട്ടോ.. കഞ്ചാവിന്റെ ചുരുക്കപേരാണത്രേ ! വന്നു വന്നു ശിവനോട് അമിത ഭക്തി കാണിക്കുന്നവരെ രക്ഷിതാക്കള്‍ ഇത്തിരി കരുതലോടെ കാണണമെന്ന് ചുരുക്കം.

അടുത്തിടെ സൗഹൃദം പുതുക്കിയ ഒരു അധ്യാപക സുഹൃത്ത് പറഞ്ഞു ''ഇപ്പോളത്തെ തലമുറയുടെ പോക്ക് അത്ര ശരിയല്ല കേട്ടോ..പണ്ടൊക്കെ ആരും കാണാതെ ഒരു സിഗരറ്റ് വലിച്ചതും അതിനു ശേഷം ആരെങ്കിലും സിഗരറ്റിന്റെ മണം മനസിലാക്കുമോ എന്നോര്‍ത്ത് വ്യാകുലപ്പെട്ടതുമൊക്കെ പോയിട്ട് ഇപ്പോളത്തെ പിള്ളേര് മുഴുവന്‍ കഞ്ചാവ് ആണെന്നെ.!.'' അത്രയ്ക്ക് മോശമാണോ നമ്മുടെ യുവ തലമുറ? ഒരിക്കലുമല്ല! സൗഹൃദവും പരസ്പര സഹായവും സ്‌നേഹവും ലക്ഷ്യ ബോധവുമൊക്കെ പഴയ തലമുറയ്ക്ക് എത്ര തന്നെ ഉണ്ടോ,  അതിനോ അതിനു മുകളിലോ ഉത്തരവാദിത്തമുള്ളവരാണ് നമ്മുടെ പുതിയ തലമുറ. എന്നാല്‍ സാങ്കേതിക വിദ്യയുടെ പുരോഗതിയും സാമൂഹികമായ മാറ്റവും ജീവിത സാഹചരങ്ങളുടെ മാറ്റവുമൊക്കെ അവരുടെ പെരുമാറ്റത്തെ സ്വാധീനിച്ചിട്ടുണ്ട് എന്ന് മാത്രം.

മനുഷ്യനും ലഹരിയും തമ്മിലുള്ള ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല...ലഹരി ഉപയോഗത്തില്‍ ഓരോ കാലഘട്ടത്തിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഓരോ കാലഘട്ടത്തിലും ചില പ്രത്യേക ലഹരി പദാര്‍ഥങ്ങളോടാണ് ആളുകള്‍ക്ക് താല്പര്യം. ഉദാഹരണത്തിന്, മദ്യവും പുകയിലയുടെ ഉപയോഗവും കൈയടക്കി വെച്ചിരുന്ന സ്ഥാനം ഇപ്പോള്‍ കഞ്ചാവും മറ്റു പുത്തന്‍ ലഹരികളും കൈയടക്കി എന്ന് മാത്രം. എന്നാല്‍ ഈ പുത്തന്‍ ലഹരികള്‍ക്ക് ഗുരുതരമായ പ്രശ്‌നങ്ങള്‍ വ്യക്തിയുടെ തലച്ചോറില്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് പലരും തിരിച്ചറിയുമ്പോള്‍ വൈകിപ്പോവാറുണ്ട്. ലഹരിയുടെ ഉപയോഗം ഒരു വ്യക്തിയെ മാത്രമല്ല ബാധിക്കുക. ഒട്ടുമിക്ക ആക്രമണങ്ങളുടെയും, കൊലപാതകങ്ങളുടെയും, വാഹനാപകടങ്ങളുടെയും വ്യക്തിത്വത്തിന്റെ തകര്‍ച്ചയുടെയും പിന്നില്‍ ലഹരി ഉപയോഗത്തിന് കാര്യമായ പങ്കുണ്ട്.  .

എന്താണ് ലഹരി വിധേയത്വം?

ലഹരിയുടെ ഉപയോഗം ഒരു രോഗമാവുന്നത് ചില പ്രത്യേക സ്വഭാവ സവിശേഷതകള്‍ വ്യക്തി കാണിക്കുമ്പോഴാണ്. ലഹരി ഉപയോഗിക്കണം എന്ന ചിന്തയും ആഗ്രഹവും എല്ലായ്‌പ്പോഴും ഉണ്ടാവുക, വ്യക്തിയുടെ നിയന്ത്രണത്തിന് അപ്പുറത്തേക്ക് ലഹരി ഉപയോഗം വഴിവിട്ടു പോകുക, ലഹരി ഉപയോഗിക്കാതിരിക്കുന്ന സാഹചര്യങ്ങളില്‍ മാനസികവും ശാരീരികവുമായ അസ്വസ്ഥത ഉണ്ടാവുക തുടങ്ങിയവ ലഹരി വിധേയത്വത്തിന്റെ ലക്ഷണങ്ങളാണ്.

ഉദാഹരണത്തിന്, നിരന്തരം ലഹരി ഉപയോഗിക്കുന്ന വ്യക്തി, ലഹരി ഉപയോഗിക്കാതിരിക്കുമ്പോഴുള്ള അമിതമായ ക്ഷീണം, വിറയല്‍, മാനസിക സമ്മര്‍ദ്ദം, അതുപോലെ വായ ഉണങ്ങുക, നെഞ്ചിടിപ്പ് കൂടുക തുടങ്ങി കാണാത്തത് കാണുന്നുവെന്ന തോന്നലും കേള്‍ക്കാത്തത് കേള്‍ക്കുന്നുവെന്ന തോന്നലുമൊക്കെ വ്യക്തിയില്‍ ഉണ്ടാവാം. ഇത്തരം മാറ്റങ്ങളെ പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ ( Withdrawal Symptoms) എന്നാണ് പറയുക. പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ വ്യക്തി ഉപയോഗിക്കുന്ന ലഹരിക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

മറ്റൊരു പ്രധാന ലക്ഷണം വ്യക്തിയുടെ ലഹരി ഉപയോഗിക്കുമ്പോഴുള്ള സംതൃപ്തിയാണ്. ആദ്യം ഉപയോഗിച്ചിരുന്ന അളവില്‍ ലഹരി ഉപയോഗിക്കുമ്പോള്‍ കിട്ടിയ 'കിക്ക്', അതെ അളവില്‍ പിന്നീട് കിട്ടാതെ വരികയും ആ പഴയ 'കിക്ക്' കിട്ടാന്‍ കൂടുതല്‍ കൂടുതല്‍ അളവ് ലഹരി വേണമെന്ന അവസ്ഥ പലപ്പോഴും ലഹരി വിധേയത്വമുള്ളവരില്‍ കണ്ടു വരാറുണ്ട്. അതുപോലെ തന്നെ ലഹരി ഉപയോഗിക്കുന്നയാള്‍ മറ്റെന്തിനെക്കാളുമുപരി ലഹരിക്ക് പ്രാധാന്യം കൊടുക്കുകയും സ്വന്തം ശാരീരിക മാനസികാരോഗ്യത്തിനു ഹാനികരമാണെന്നറിഞ്ഞിട്ടും ലഹരി തുടരുന്ന അവസ്ഥയും ലഹരി വിധേയത്വത്തിന്റെ ലക്ഷണമാണ്.

പുതു തലമുറയുടെ ലഹരികള്‍

യുവാക്കളുടെ ഇടയില്‍ വളരെയധികം പ്രശസ്തി ആര്‍ജിച്ചുകൊണ്ടിരിക്കുന്ന ഒരു ലഹരിയാണ് കഞ്ചാവ്. ഉപയോഗത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ നിരവധി ആളുകള്‍ മുന്നോട്ട് വരാറുമുണ്ട്. അതായത്, ചില രാജ്യങ്ങളില്‍ ഇത് നിയമവിധേയമാണന്നും, ഔഷധമാണന്നുമൊക്കെയുള്ള വാഗ്വാദങ്ങളിലേക്ക്‌  പോവുമ്പോള്‍ തിരിച്ചറിയേണ്ടത് ഏതു ലഹരിയും പോലെ തന്നെ കഞ്ചാവും വ്യക്തിയില്‍ ആസക്തിയുണ്ടാക്കുകയും ശാരീരിക മാനസികരോഗ ലക്ഷണങ്ങള്‍ വ്യക്തിയിലുടലെടുക്കാന്‍ കാരണമാവുകയും ചെയ്യുന്നുവെന്നുള്ളതാണ്.

പുതുതലമുറ കഞ്ചാവിന് പല ഒാമനപ്പേരുകള്‍ ഇട്ടാണ് വിളിക്കുന്നത്. ''ചാര്‍ളി'', ''ചടയന്‍'', ''ശിവന്‍'', ''മാശാരി'', തുടങ്ങിയവ ഇവയില്‍ ചിലതു മാത്രമാണ്.

പുതുതലമുറയുടെ മറ്റൊരു പ്രിയപ്പെട്ട ലഹരിയാണ് ഉറക്ക ഗുളികള്‍. മയക്കം തരുന്ന നൈട്രോസെപ്പാം ഗുളികകള്‍ കുട്ടികള്‍ ഉപയോഗിക്കുന്നത് നിത്യ സംഭവങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.

ശീതളപാനീയങ്ങളില്‍ കലര്‍ത്തിയും മറ്റും ഉപയോഗിക്കുന്ന ഇത്തരം ലഹരികള്‍ക്ക് വളരെ പെട്ടന്ന് തന്നെ വിധേയത്വമുണ്ടാക്കാന്‍ കഴിയുന്നവയും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക്  വ്യക്തിയെ എത്തിക്കാന്‍ കഴിയുന്നവയുമാണ്. 'നെറ്റ്'', ''സണ്‍'', ''പടയപ്പാ''..തുടങ്ങിയ വിളിപ്പേരുകളിലാണ് ഇത്തരം ലഹരികള്‍ പുതു തലമുറയുടെ ഇടയില്‍ അറിയപ്പെടുന്നത്

''സാറെ സ്റ്റാമ്പടിച്ചാല്‍ ഒരിക്കലും പോലീസ് പിടിക്കില്ല കേട്ടോ.''.ഈ സ്റ്റാമ്പ് നാവിനടിയില്‍ ഇട്ടാല്‍ മതി. പിന്നെ ഒരു ''ട്രിപ്പ്'' ആണ്''. ഒരിക്കല്‍ ലഹരി ചികിത്സയ്ക്ക്‌ വന്ന പതിനാലു വയസുകാരന്റെ വാക്കുകളാണിത്. ചില പ്രത്യേകതരം സ്റ്റാമ്പുകളില്‍ എല്‍. എസ്.ഡി (L.S.D) എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന  ലിസെര്‍ജിക് ആസിഡ് ഡൈ ഈതൈല്‍ അമൈഡ് (Lysergic Acid Diethylamide) തുള്ളികള്‍ പുരട്ടി ചുണ്ടിനടിയിലോ വായിലോ വയ്ക്കുകയാണ് ചെയ്യുന്നത്. കടുത്ത മാനസിക രോഗ ലക്ഷണങ്ങള്‍ വ്യക്തിയില്‍ ഉദ്ദീപിപ്പിക്കാന്‍ കഴിവുള്ളവയാണ് എല്‍.എസ്.ഡി. 

യുവാക്കളുടെ ഇടയില്‍ പ്രചാരത്തിലുള്ള മറ്റൊരു പ്രധാനപ്പെട്ട ലഹരിയാണ് മാജിക് മഷ്രൂം. ലഹരിയുള്ള  ഒരു തരം കൂണാണിത്..ഇത് തേനില്‍ മുക്കി സേവിക്കുകയാണ് അതിന്റെ ഒരു രീതി. കാണാത്തത് കാണാനും കേള്‍ക്കാത്തത് കേള്‍ക്കാനും തനിയെ ഇരുന്നു സംസാരിക്കാനും, തനിയെ ചിരിക്കാനുമൊക്കെ പറ്റുമത്രേ ! ''ഷ്രൂം'', ''മഷ്രൂം'', ''മാജിക് മഷ്രൂം'' എന്ന പേരിലോക്കെയാണ് ഇത് അറിയപ്പെടുന്നത്. അതുപോലെ തന്നെ പുത്തന്‍ ലഹരിക്കാരുടെ ഇടയില്‍ കേള്‍ക്കുന്ന മറ്റൊരു ലഹരി പദാര്‍ത്ഥമാണ്  ഡി.എം.ടി (DMT) എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഡൈമീതൈല്‍ ട്രിപ്ടാമിന്‍. മതിഭ്രമമുണ്ടാക്കുന്ന ലഹരികളില്‍ ഇവന് നല്ല മാര്‍ക്കറ്റാണ്.

ചികിത്സയ്ക്ക് വന്ന ഒരു കുമാരന്‍ പറഞ്ഞതോര്‍ക്കുന്നു...സാറെ ഞാന്‍ പ്രകൃതിയുടെ ആളാ...മഷ്രൂമും കഞ്ചാവും ഡി.എം.ടിയുമൊക്കെ ഞാന്‍ ഉപയോഗിക്കുന്നതിന് കാരണം ഇതൊക്കെ പ്രകൃതിദത്തമാണെന്നുള്ളതാണ്.

പലപ്പോഴും നല്ലൊരു ശതമാനം ആളുകള്‍ക്ക് ഇത്തരം ലഹരികള്‍ വരുത്തി വയ്ക്കുന്ന  ദുരന്തത്തെപ്പറ്റി അറിവില്ല. മാനസിക രോഗത്തെ വിലയ്ക്ക് വാങ്ങിക്കുകയാണ് ഇത്തരം ലഹരി ഉപയോഗത്തിലൂടെയെന്നു തിരിച്ചറിയാതെ,  ഒരുപാട് തെറ്റിദ്ധാരണകളും അറിവില്ലായ്മയും കൊണ്ടാണ് പലരും ഇതൊക്കെ ഉപയോഗിക്കുന്നത്. 

തെറ്റിദ്ധാരണകള്‍

മദ്യപിച്ചു ലക്ക് കെട്ട് നാലുകാലില്‍ ഇഴഞ്ഞു വരുന്നയാളും പറയും- എനിക്ക് നല്ല കണ്‍ട്രോളാണെന്ന്! ഇത്തരം പ്രസ്താവനകള്‍ വ്യക്തിയുടെ അമിത അത്മവിശ്വസമാണോ?..മിക്കവാറും ലഹരി ചികിത്സയ്ക്ക്‌ വരുന്നവര്‍ പറയാറുണ്ട്. എപ്പോള്‍ വേണമെങ്കിലും എനിക്ക് ലഹരി ഉപയോഗം നിര്‍ത്താന്‍ പറ്റുമെന്ന്.എന്നാല്‍ പലപ്പോഴും സ്ഥിതി വിപരീതമാവുമെന്നു മാത്രം. ഇത് തികച്ചും വ്യക്തികളില്‍ അധിഷ്ടിതമായ കാര്യമാണ്.

വ്യക്തിയുടെ പാരമ്പര്യം, വ്യക്തിത്വ സവിശേഷതകള്‍ തുടങ്ങിയവയൊക്കെയായി ഇത് വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ലഹരി വിധേയത്തിനു പിന്നില്‍ മാനസിക കാരണങ്ങളും ശാരീരിക കാരണങ്ങളുമുണ്ട്.

വെറുതെ ഒരു രസത്തിന് തുടങ്ങി പിന്നീട് നിര്‍ത്താന്‍ സാധിക്കാത്ത തരത്തിലേക്ക് അകപ്പെടുന്നതിനു പിന്നില്‍ മനുഷ്യ മസ്തിഷ്‌കവും അതിലുണ്ടാവുന്ന മാറ്റങ്ങളുമൊക്കെയായി അഭേദ്യമായ ബന്ധമുണ്ട്. അതുകൊണ്ടാണ് ആളുകള്‍ ''ഞാന്‍ ഇന്ന് മുതല്‍ ലഹരി എടുക്കില്ല'' എന്ന് പ്രതിജ്ഞയെടുക്കുകയും അടുത്തദിവസം വീണ്ടും ഉപയോഗിക്കാന്‍ സ്വയം നിര്‍ബന്ധിതനാവുകയും പിന്നീട് ''അറിയാതെ പറ്റി പോയതാ, ഇനിയില്ല'' എന്ന് വീണ്ടും ഉറപ്പു കൊടുക്കുന്നതിനും പിന്നിലുള്ള കാര്യം.

ലഹരിയുമായി ബന്ധപ്പെട്ട് ഒരുപാട് തെറ്റിദ്ധാരണകള്‍ ആളുകള്‍ മനസ്സില്‍ വയ്ക്കാറുണ്ട്. പഠിക്കാന്‍ ഉന്മേഷം തരും, സര്‍ഗാത്മകമായ കഴിവുകളുണ്ടാകും, വിശപ്പ് വര്‍ദ്ധിപ്പിക്കും, ധൈര്യം തരുമെന്നൊക്കെ....പക്ഷെ ലഹരി ഉപയോഗിച്ച ആളുകള്‍ക്ക് ഇത്തരം കഴിവുകളൊക്കെ കിട്ടിയതായി ശാസ്ത്രീയമായ ഒരു തെളിവുമില്ലെന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. ലഹരിയുപയോഗിച്ചിരുന്ന സര്‍ഗാത്മകമായ കഴിവുള്ളവരില്‍ നല്ലൊരു ശതമാനമാളുകള്‍ അകാലത്തില്‍ പൊലിഞ്ഞു പോയവരാണ.് അല്ലാതെ അവരാരും ലഹരിയുപയോഗിച്ചു സര്‍ഗാത്മയുള്ളവരായതല്ല എന്ന് തിരിച്ചറിയേണ്ടി ഇരിക്കുന്നു. അവരൊക്കെ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ എത്രയെത്ര സര്‍ഗാത്മക സൃഷ്ടികള്‍ സമൂഹത്തിനു നല്കാനായിരുന്നേനെ.

മാതാപിതാക്കള്‍ അറിയാന്‍

പെരുമാറ്റത്തിലുണ്ടാവുന്ന പെട്ടന്നുള്ള മാറ്റങ്ങള്‍, പെട്ടന്ന് ദേഷ്യം വരിക, പഠനത്തില്‍ പിന്നോക്കം പോവുക, കൂടുതല്‍ സമയം ടോയ്‌ലെറ്റില്‍ ചിലവഴിക്കുക, ഇപ്പോഴും ചുവന്നു കലങ്ങിയ കണ്ണുകളുമായി നടക്കുക, സാധാരണയില്‍ അപേക്ഷിച്ച് കുടുംബവുമായി അധികം അടുത്തിടപഴകാതിരിക്കുക, ഇടയ്ക്കിടയ്ക്കുള്ള കൂട്ട് കൂടിയുള്ള തുടര്‍ച്ചയായ  യാത്രകള്‍, അമിതമായ പണച്ചെലവ്, പുകയുടെതോ, പച്ചമരുന്നിന്റെയോ, ഉണങ്ങിയ തേയിലയുടെതിനോ സമാനമായ മണം ഇടുന്ന വസ്ത്രങ്ങളിലുണ്ടാവുക,  അതുപോലെതന്നെ ഉണങ്ങിയ ഇലകള്‍, പൊടിഞ്ഞ ഇലകള്‍, മരുന്നിന്റെ കവറുകള്‍, ഒരേ വലുപ്പത്തിലുള്ള ചില പ്രത്യേക തരം പേപ്പറുകള്‍ തുടങ്ങിയവ മുറിയില്‍ കാണുകയാണെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇത്തരം സാഹചര്യങ്ങളുണ്ടെങ്കില്‍ അമിതമായി ദേഷ്യപ്പെടുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുന്നതിനു പകരം കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കുകയും,വ്യക്തിയോടോത്ത് കൂടുതല്‍ സമയം ചിലവഴിക്കാനും ശ്രദ്ധിക്കണം.. ലഹരി ഉപയോഗിക്കുന്ന വ്യക്തി പറയുന്ന ഭാഗം കൂടി കേട്ട് ചികിത്സയുടെ പ്രാധാന്യത്തെപ്പറ്റി വ്യക്തിയെ ബോധവത്ക്കരിക്കുകയും 

പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ആത്മവിശ്വാസം കൊടുക്കുകയും പിന്നീട് വിദഗ്ധ സഹായത്താല്‍ ചികത്സ ആരംഭിക്കുകയുമാണ് പ്രധാനം.


(മംഗലാപുരം കസ്തൂര്‍ബ മെഡിക്കല്‍ കോളേജിലെ കണ്‍സള്‍ട്ടന്റ് ക്‌ളിനിക്കല്‍ സൈക്കോളജിസ്റ്റും അസിസ്റ്റന്റ് പ്രൊഫസറുമാണ്  ലേഖകന്‍. പൈങ്കുളം എസ്.എച്ച് ഹോസ്പിറ്റല്‍, കാഞ്ഞിരപ്പള്ളി ഹോളി ക്രോസ് ഹോസ്പിറ്റല്‍ ആന്റ് മെന്റല്‍ ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായിരുന്നു. Contact number: 85472 81985)