രു വ്യക്തിയുടെ ശാരീരികവും മാനസികവും വൈകാരികവും  ബൗദ്ധികവുമായ വളര്‍ച്ചയാണ് അയാളുടെ വ്യക്തിത്വത്തിന്നാധാരം. ഒരു കുഞ്ഞ് അമ്മയുടെ ഉദരത്തില്‍ രൂപമെടുക്കുമ്പോള്‍ തന്നെ ഇത്തരം വികാസം തുടങ്ങിക്കഴിയുന്നു. ശൈശവവും ബാല്യവും കൗമാരവുമൊക്കെ കടന്നു പോകുമ്പോള്‍ വിവിധ വികാസ ഘട്ടങ്ങളില്‍ വേണ്ട കഴിവുകള്‍ നേടിയെടുക്കാന്‍  വ്യക്തി പ്രാപ്തനാകുന്നു.

ഒരു കൊച്ചു കുട്ടിക്ക് അവന്റെ ലോകത്തെ കൂടുതല്‍ പരിചയപ്പെടുന്നതിനും അവന്റെ ഭാവനകളെ ഉദ്ദീപിപ്പിക്കുന്നതിനും, സര്‍ഗാത്മകമായ കഴിവുകള്‍ ഉണര്‍ത്തുന്നതിനും, വ്യക്തിയുടെ എല്ലാ വികാസഘട്ടങ്ങളെയും പരിപോഷിപ്പിക്കുന്നതിനും  വിവിധതരം കളികള്‍ കാര്യമായ പങ്ക് വഹിക്കുന്നുണ്ട് എന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്.

കാലഘട്ടങ്ങളുടെ മാറ്റങ്ങള്‍ക്കനുസരിച്ച് കളികളുടെ രൂപത്തിലും ഭാവത്തിലുമൊക്കെ മാറ്റം സംഭവിച്ചിട്ടുണ്ട്. അതായത്, പണ്ട് കുട്ടികള്‍ കളിച്ചിരുന്നത് കല്ല് കൊത്തും, അക്കു കളിയും, കിളി കളിയും, ഈര്‍ക്കിലി കളിയും, പിന്നെ ഫുട്ട് ബോളും, ക്രിക്കറ്റും, വോളിബോളുമൊക്കെ ആയിരുന്നെങ്കില്‍ വിര്‍ച്വല്‍ (virtual) ലോകത്തേക്ക് നാം വ്യാപരിക്കാന്‍ തുടങ്ങുന്നത് കംപ്യൂട്ടറിന്റെ വരവോടെയാണ്.

അത് ഡെസ്‌ക്ടോപ്പില്‍ നിന്നും ലാപ്ടോപ്പിലേക്കും പിന്നീട് ടാബിലേക്കും മാറി. നമ്മുടെ വിരല്‍ത്തുമ്പില്‍ സ്മാര്‍ട്ട് ഫോണുകളുമൊക്കെ  വന്നപ്പോള്‍ കൂട്ടിനു സുലഭമായി ലഭിക്കുന്ന ഹൈ സ്പീഡ് ഇന്റര്‍നെറ്റു കൂടിയായപ്പോള്‍ പല കളികളുടെയും രൂപവും ഭാവവും മാറി തുടങ്ങി. അവധിയായാല്‍ കുട്ടികള്‍ വീട്ടിലിരിക്കുന്നില്ല എന്ന രക്ഷിതാക്കളുടെ പരാതിയും കുറഞ്ഞു.

പണ്ടൊക്കെ ഒരു ഓലമടലു കഷണവുമായി ഉച്ചയ്ക്ക് ഭക്ഷണം പോലും വേണ്ടന്ന് വെച്ച് പൊരിവെയിലില്‍ കളിയ്ക്കാന്‍ പോവുന്നതൊക്കെ ഓര്‍മകളില്‍ മാത്രം. വീഡിയോ ഗെയിമുകള്‍ പുതിയ  ഒരു ലോകത്തെ തന്നെ നമുക്ക് പരിചയപ്പെടുത്തി- 'വിര്‍ച്ച്വല്‍ വേള്‍ഡ്'(Virtual World).ഇവിടെ സ്വന്തം മുറിയിലിരുന്നു കൊണ്ട് സാങ്കല്പിക സുഹൃത്തുമായി സംവദിക്കാം, കാണാത്ത ലോകത്ത് വ്യാപരിക്കാം, ഭാവനയുടെ ഏതറ്റം വരെയും പോകാം.

ചില വീഡിയോ ഗെയിമുകള്‍  കുട്ടികളുടെ വ്യക്തിത്വ വളര്‍ച്ചയെയും, ബൗദ്ധികമായ വളര്‍ച്ചയെയും, സഹായിക്കുന്നതാണ്. എന്നാല്‍ എല്ലാ നല്ലവശങ്ങള്‍ക്കും മോശം വശങ്ങളുണ്ട് എന്ന് പറയുന്നതുപോലെ വീഡിയോ ഗെയിമുകള്‍ക്ക് ആളുകളുടെ പെരുമാറ്റത്തിലും മനോഭാവത്തിലും മാറ്റം വരുത്താന്‍ കഴിയുമെന്ന് നിരീക്ഷണങ്ങളുണ്ട്.

എന്തുകൊണ്ടും അമിതമായി വിര്‍ച്ച്വല്‍  ലോകത്തില്‍ വ്യാപരിക്കുന്നത് വ്യക്തിയില്‍ വിധേയത്വമുണ്ടാക്കുകയും പല തരത്തിലുള്ള മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യാം.

ഈ അടുത്ത ദിവസങ്ങളില്‍ മാതപിതാക്കളെയും കുട്ടികളെയുമൊക്കെ അല്പം ആശങ്കകളിലാഴ്ത്തികൊണ്ട് ഒരു വാര്‍ത്ത പടര്‍ന്നു പിടിച്ചിരുന്നു. സാത്താന്‍ ആരാധകര്‍ പടച്ചു വിട്ടെന്ന്  പറയുന്ന 'ബ്ലൂ വെയില്‍' എന്ന വീഡിയോ ഗെയിം കുട്ടികളെ ആത്മഹത്യയിലേക്ക് വരെ എത്തിക്കാന്‍ പോന്നതാണെന്ന് വാര്‍ത്തകള്‍ പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്നു.

റഷ്യയില്‍ ഏതാണ്ട് നൂറു കുട്ടികളോളം മരണപ്പെട്ടിട്ടുണ്ട് എന്ന വാര്‍ത്തകള്‍ ശരിയോ തെറ്റോ എന്നറിയാതെ ചിത്രങ്ങളടക്കം സോഷ്യല്‍ മീഡിയയില്‍ വന്നു കൊണ്ടിരിക്കുന്നു. ഗെയിമിന്റെ തുടക്കത്തില്‍ പേടിപ്പെടുത്തുന്ന പ്രേതസിനിമകള്‍ കാണാനാവശ്യപ്പെടുകയും പിന്നീട് സ്വയം മുറിവേല്പിക്കാനും  തെളിവിനായി ഫോട്ടോ അയച്ചു കൊടുക്കാനും നിര്‍ദ്ദേശിക്കുന്നുണ്ടത്രേ!

ഏതാണ്ട് അമ്പതു സ്റ്റേജുകളുണ്ട്  എന്ന് പറയപ്പെടുന്ന ഗയിമിന്റെ അവസാന ഘട്ടത്തില്‍ ആത്മഹത്യ എന്ന ജോലി നിര്‍ദേശിക്കുകയും ചെയ്യുമെന്ന് വാര്‍ത്തകള്‍ പറയുന്നു. വളരെ നിസാരമായ കുട്ടിക്കളിയായി കണ്ടിരുന്ന വീഡിയോ ഗയിമുകള്‍ക്ക് ഒരു മനുഷ്യനെ തന്നെ നിയന്ത്രണത്തിലാക്കാന്‍ കഴിയുമോ.? 

യഥാര്‍ത്ഥമെന്നു  തോന്നിപ്പിക്കും വിധം ഗ്രാഫിക്സുകളുള്ള  കളികളോടാണു കുട്ടികള്‍ക്ക് ഏറെ പ്രിയം. അതായത് ശരിക്കും, കളിക്കുന്ന ആള്‍ക്ക് തന്റെ മുറിയിലിരുന്നു കൊണ്ട് സ്വന്തം ഭാവനയ്ക്ക് ചിറകു വയ്പിക്കുവാനും അവന്റെ സാങ്കല്പിക ലോകത്തില്‍ രാജാവാകുവനും കഴിയും,വീഡിയോ ഗയിമുകളിലൂടെ.

അടുത്ത ദിവസങ്ങളില്‍, പഠന പ്രശ്നവും പഠനത്തില്‍ താല്‍പര്യക്കുറവുമായി എല്ലായ്പ്പോഴും വീട്ടില്‍ തന്നെ ഒതുങ്ങി ക്കൂടുന്ന കൗമാരക്കാരായ രണ്ടു കുട്ടികള്‍ വന്നപ്പോള്‍ രണ്ടുപേര്‍ക്കും പൊതുവേ നിയന്ത്രിക്കാനാവുന്നതിനുമപ്പുറം  ഒരു സ്വഭാവമുണ്ടായിരുന്നു. വേറൊന്നുമല്ല ജാപ്പനീസ് കോമിക് അല്ലെങ്കില്‍ 'മാങ്കാ' എന്ന കാര്‍ട്ടൂണ്‍ കോമിക് വായിക്കാതിരിക്കാന്‍ പറ്റുന്നില്ല.

നിരന്തരം ഇത്തരം കോമിക്കുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയും ഒരു ദിവസത്തിലെ നല്ല അളവ് സമയം ഇത്  വായിക്കുന്നതിനും ഡൗണ്‍ലോഡ് ചെയ്യാനും  മാറ്റി വയ്ക്കുന്നു. മറ്റു കാര്‍ട്ടൂണുകളെ അപേക്ഷിച്ച് അതിനോട് മാത്രം വിധേയത്വമുണ്ടാവാന്‍ എന്താണ് കാരണം?. വയലന്‍സും അതിലെ ഫൈറ്റ് സീക്വന്‍സും കഥയുടെ  തലങ്ങളിലെ ആകാംക്ഷ കൂട്ടുന്ന തരത്തിലുള്ള ആവിഷ്‌കാരവുമൊക്കെ  കുട്ടികളെ പിടിച്ചിരുത്താന്‍ പോന്നതാണ് .

'സര്‍ ഞാന്‍ രക്ഷിതാക്കളുടെ വഴക്കും വീട്ടിലെ സാഹചര്യങ്ങളുമൊക്കെ ചിന്തിച്ചു  പല തവണ ഡൗണ്‍ലോഡ് ചെയ്ത  മാങ്ക കോമിക്കുകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട് ! പക്ഷെ പലപ്പോഴും വീണ്ടും ഡൗണ്‍ലോഡ് ചെയ്യുകയും ആവര്‍ത്തിച്ചുപയോഗിക്കുകയുമാണ് പതിവ്'. രൂപത്തിലും ഭാവത്തിലുമൊക്കെ വിധേയത്വത്തിലേക്ക് നയിക്കാന്‍ പാകത്തിനുള്ള എല്ലാം നമ്മുടെ വിരല്‍തുമ്പില്‍ ലഭ്യമാണ്. ഇത്തരം കാര്യങ്ങളെ  എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് കാര്യം.

എന്തുകൊണ്ട് ?

ഡിജിറ്റല്‍ യുഗത്തില്‍ എല്ലാം വളരെ വേഗത്തിലാണ്. ആ വേഗത്തിനൊത്ത് സഞ്ചരിക്കാന്‍ പലപ്പോഴും സാധിക്കാറില്ല.  നേരിട്ട് കാണുന്നതിനു പകരം എല്ലാം നമ്മുടെ കമ്പ്യൂട്ടര്‍ സ്‌ക്രീനിലും മൊബൈല്‍ ഫോണിലും കാണുമ്പോള്‍ അതില്‍ ആനന്ദം കണ്ടെത്തുകയാണിവിടെ.  പുറം ലോകവുമായി ബന്ധപ്പെടുമ്പോള്‍ ഒരു വ്യക്തിക്കുണ്ടാവുന്ന യാതൊരു ഉത്കണ്ഠയോ ആശങ്കയോ ഇല്ലാതെ ഒരു മുറിക്കുള്ളിലിരുന്നു എല്ലാം ആസ്വദിക്കുന്ന തരത്തിലേക്ക് ആധുനിക സാങ്കേതിക വിദ്യ വളര്‍ന്നിരിക്കുന്നു.

അറിവിലും കാര്യങ്ങളെ ഗ്രഹിക്കുന്നതിലുമൊക്കെ ഇത്തരം കാര്യങ്ങള്‍ സഹായിക്കുമ്പോള്‍ ഒരു സാമൂഹിക ജീവി എന്ന നിലയിലുള്ള ഗുണങ്ങള്‍ നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ചില വ്യക്തിത്വ സവിശേഷതകള്‍ ആളുകളെ നിരന്തരം വീഡിയോ ഗയിമുകളിലേക്ക് ആകൃഷ്ടരാക്കാറുണ്ട്. ചില ആളുകള്‍ സമൂഹത്തെ അഭിമുഖീകരിക്കുവാനും നിത്യജീവിതത്തിലെ സംഘര്‍ഷങ്ങളെ അഭിമുഖീകരിക്കുന്നതില്‍ പ്രയാസമുള്ളവരുമായിരിക്കും. അതുപോലെ തന്നെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ അഭിമുഖീകരിക്കാതെ ഒഴിവാക്കാനിഷ്ടപ്പെടുന്നവരുമാണ് ഇത്തരക്കാര്‍.

മോശം വൈകാരികാവസ്ഥകളെ ഉള്‍ക്കൊള്ളാനാകാതെ മനസുഖം നല്‍കുന്ന സാഹചര്യങ്ങളില്‍ മാത്രം നിലനില്‍ക്കുന്ന തരത്തിലേക്ക് മാറുന്നവരാണിവര്‍. കുടുംബ ബന്ധങ്ങളിലെ പോരായ്മകളും അവരുടെ കുടുംബത്തിലെ ആശയ വിനിമയത്തിലുള്ള  ന്യൂനതകളുമൊക്കെ ഇന്റര്‍നെറ്റ് ഓണ്‍ലൈന്‍ ഗയിം അഡിക്ഷനിലേക്ക് വ്യക്തിയെ നയിക്കുന്നുണ്ട്.

ഇത്തരത്തിലുള്ള പ്രശ്നങ്ങളെ മനസിലാക്കുമ്പോള്‍ അതിന്റെ സാമൂഹികവും വ്യക്തിപരവും കുടുംബ പരവുമായ വസ്തുതകള്‍ക്ക് പ്രാധാന്യം നല്‍കുകയും അതിലൂന്നിയ ചികത്സമാര്‍ഗങ്ങളുമാവും ഏറ്റവും ഫലപ്രദമാവുക.

ഡിജിറ്റല്‍ ഹൈജീന്‍

സ്മാര്‍ട്ട്  ഫോണും ഇന്റര്‍നെറ്റുമൊക്കെ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറി കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ശരിയായ രീതിയില്‍ ഇവയൊക്കെ ഉപയോഗിക്കാത്തതിന്റെ പരിണതഫലം ഗുരുതരമായ ശാരീരിക മാനസിക പ്രശ്നങ്ങളിലേക്ക് വഴി വയ്ക്കാം. വ്യക്തികളുടെ ഇടയില്‍ ഒരു ഗാഡ്ജറ്റ് സംസ്‌കാരം (gadget culture) തന്നെ വളര്‍ത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം ഏറി വരികയാണ്.

വീഡിയോ ഗയിമും വാട്സപ്പും ഫെയ്‌സ്ബുക്കുമൊക്കെ അമിതമായി ഉപയോഗിക്കുമ്പോള്‍ അത് വ്യക്തിയില്‍ വിധേയത്വമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവും അത് നിയന്ത്രണ വിധേയമായി ഉപയോഗിക്കുന്നതിനുള്ള ശീലങ്ങളും കുടുംബങ്ങളില്‍ തന്നെ തുടങ്ങേണ്ടിയിരിക്കുന്നു. മിക്കവാറും ആളുകള്‍ ഒറ്റയ്ക്കിരിക്കുമ്പോഴോ ബോറടി മാറ്റാനോ ഒക്കെയായി കണ്ടു പിടിക്കുന്ന എളുപ്പമാര്‍ഗമായാണ് വീഡിയോ ഗയിമുകളെയും മറ്റു ഓണ്‍ലൈന്‍ സൈറ്റുകളെയുമൊക്കെ ആശ്രയിക്കുന്നത്.

എന്നാല്‍ വല്ലപ്പോഴും മാത്രമായുള്ള ഉപയോഗം നിരന്തരമുള്ള ഉപയോഗത്തിലെക്കും പിന്നീട് ഒരുദിവസം പോലും കളിയ്ക്കാതിരിക്കാന്‍  കഴിയാത്ത അവസ്ഥയിലേക്കും ജീവിതത്തില്‍ മറ്റു പല പ്രധാനകാര്യങ്ങളെയും ഒഴിവാക്കി ഇത്തരം കാര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന അവസ്ഥയിലേക്കും വ്യക്തികള്‍ എത്തി ചേരാറുണ്ട്.. 

വീടുകളില്‍ മൊബൈല്‍ ഫോണ്‍, ലാപ്ടോപ് തുടങ്ങിയവയൊക്കെ വയ്ക്കാനുള്ള ഒരു പൊതുവായ സ്ഥലം കണ്ടുപിടിക്കുകയും  വീട്ടില്‍ വന്നതിനു ശേഷം എല്ലാ കുടുംബാംഗങ്ങളും
ഇത്തരം ഗാഡ്ജറ്റുകള്‍ ആ സ്ഥലത്ത് തന്നെ വയ്ക്കുകയും വേണം.കഴിവതും ആവശ്യത്തിന് ഉപയോഗിച്ചതിനു ശേഷം, അതായത് ഫോണ്‍ കോളുകളോ മറ്റോ വന്നാല്‍ സംസാരിച്ചതിന് ശേഷം  ആ സ്ഥലത്ത് തന്നെ തിരിച്ചു വയ്ക്കുന്ന രീതി ഇത്തരം കാര്യങ്ങളുടെ അമിത ഉപയോഗം തടയുന്നതിന് സഹായിക്കും.

സാമൂഹിക ബന്ധങ്ങളുടെ പ്രാധാന്യത്തെപ്പറ്റിയും , സമൂഹത്തോട് കടപ്പാടും, സാമൂഹികപ്രതിബദ്ധതയെക്കുറിച്ചും ബോധവാന്‍മാരാക്കി കുട്ടികളെ വളര്‍ത്തേണ്ടത് അത്യാവശ്യമാണ്. കുടുംബത്തില്‍ തന്നെ ഊഷ്മളമായ ആശയവിനിമയവും ആനുകാലിക വിഷയങ്ങളെപ്പറ്റിയുള്ള ചര്‍ച്ചയും ഒപ്പം കുടുംബാംഗങ്ങള്‍ തമ്മിലുള്ള ആരോഗ്യപരമായ ആശയ വിനിമയവും കുട്ടികളെ ഇന്റര്‍നെറ്റ്, മൊബൈല്‍ വീഡിയോ ഗെയിം അഡിക്ഷനിലേക്ക് പോവുന്നതില്‍ നിന്നും ഒരു പരിധി വരെ പ്രതിരോധിക്കാന്‍ സാധിക്കും.

ഇത്തരം കാര്യങ്ങളിലേക്ക് സമയം ചെലവഴിക്കുന്നതിന് സമയപരിധി നിശ്ചയിച്ചുകൊണ്ട് പ്രവര്‍ത്തിക്കുകയും ചില ദിവസങ്ങളില്‍ മനപൂര്‍വം വീഡിയോ ഗയിമുകള്‍ക്ക് പകരം മറ്റെന്തെകിലും വിനോദ ഉപാധികള്‍ കണ്ടു പിടിക്കുകയും ചെയ്യുന്നത് ഉപകാരപ്രദമാണ്.

ഉറങ്ങുന്ന സമയം ഗെയിമുകളുടെ മുന്നില്‍ ചിലവഴിക്കുകയും ഉറക്കം നഷ്ടപ്പെടുത്തി വളരെ താമസിച്ചു മാത്രം എഴുന്നേല്‍ക്കുകയും ചെയ്യുന്ന  പ്രവണത ഇന്ന് കുട്ടികളുടെ ഇടയില്‍ വളരെയധികം ശാരീരിക മാനസിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.. 

അമിതമായ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ ഗയിമുകളിലേക്ക് വ്യാപരിക്കുന്നവര്‍  അത് നിയന്ത്രണത്തിന് അതീതമാവുന്ന ഘട്ടങ്ങളില്‍ മറ്റു പല കാര്യങ്ങളിലേക്കും ശ്രദ്ധ തിരിച്ചു വിടണം. ഏതെങ്കിലും സര്‍ഗാത്മകമായ കഴിവുകളെ പരിപോഷിപ്പിക്കാന്‍ ഇത്തരം സമയത്തെ ഉപയോഗിക്കാന്‍ ശ്രമിക്കണം. ഏത് സാഹചര്യത്തിലാണോ ഗെയിമുകളിലും മറ്റും കൂടുതല്‍ വ്യാപൃതനാ കാനുള്ള തോന്നല്‍ വരുന്നത് അത്തരം സാഹചര്യങ്ങളില്‍ നിന്ന് ശ്രദ്ധയെ തിരിച്ചു വിടണം. ഒറ്റയ്ക്കിരിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം.

ബ്ലൂ വെയില്‍ ഗയിമുകളെപറ്റിയുള്ള വാര്‍ത്തകള്‍ ശരിയോ തെറ്റോ ഒക്കെ ആയിരിക്കാം. എന്നാല്‍ ചില ഗയിമുകള്‍ക്ക് വ്യക്തിയില്‍ വിധേയത്വമുണ്ടാക്കാന്‍ സാധിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അല്പം കരുതലോടെ തന്നെ വേണം കുട്ടികള്‍ക്കായുള്ള ഗയിമുകള്‍ തിരഞ്ഞെടുക്കാന്‍. അതുപോലെ തന്നെ കുട്ടിയുടെ വീഡിയോ ഗെയിമിലെ ശീലങ്ങളെപറ്റി വ്യക്തമായ ധാരണ മാതാപിതാക്കള്‍ക്കുണ്ടാകേണ്ടത് അത്യാവശ്യമായ കാര്യമാണെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാവാം ഇത്തരം വാര്‍ത്തകള്‍.