ന്ത്രവാദത്തിനിടെ യുവതി മരിച്ചത് ഈയിടെയാണ് നമ്മള്‍ പത്രത്തില്‍ വായിച്ചത്. മുമ്പൊരിക്കല്‍ മാനസിക രോഗത്തിന് മന്ത്രവാദം നടത്തുമ്പോള്‍ ഗര്‍ഭിണിയായ രോഗി മരിച്ചതായി വായിച്ചതോര്‍ക്കുന്നു. ഇത്തരം വാര്‍ത്തകള്‍ അത്ര സാധാരണയായി വരാറില്ലെങ്കിലും ഇന്നും ചികിത്സക്കായി മന്ത്രവാദവും പൂജയുമൊക്കെ ചെയ്യുന്നത് അത്ര വിരളമല്ല. മാനസിക രോഗത്തിന് ഇത്തരം ചികിത്സ തേടുന്നവര്‍ ധാരാളമുണ്ട് ഇപ്പോഴും. ഈ രോഗങ്ങള്‍ മറ്റുള്ളവര്‍ അറിയാതെ എങ്ങനെയെങ്കിലും മാറ്റണം എന്ന ചിന്തയാണ് കാരണം.

വിവാഹം നടക്കാത്തതിനെത്തുടര്‍ന്ന് പരിഹാരമായി മന്ത്രവാദം നടത്തുന്നതിനിടെ പൊള്ളലേറ്റ യുവതി അത്യാസന്ന നിലയില്‍ കോഴിക്കോട് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയായിരുന്നു. രണ്ടാംവിവാഹം നടക്കാത്തതിനെതുടര്‍ന്നാണ് മന്ത്രവാദം നടത്താന്‍ തീരുമാനിച്ചത്. യുവതിയുടെ വീട്ടിനുള്ളിലെ കസേരയില്‍ ഇരുത്തി പര്‍ദ മാറ്റി മുടിക്കെട്ട് അഴിച്ചുമാറ്റുകയായിരുന്നു. തുടര്‍ന്ന് മന്ത്രവാദത്തിനായി ഒരുക്കിയ ഹോമകുണ്ഡത്തിലേക്ക് പെട്രോളൊഴിച്ചപ്പോള്‍ തീ ആളിപ്പടരുകയായിരുന്നു. 

പേടി മാറാന്‍ ജപിച്ചു കെട്ടുന്നതില്‍ നിന്നു തുടങ്ങുന്നു ഇത്തരം ' ചികിത്സാ രീതികള്‍ '.  ഇത്തരം ചികിത്സകളുടെ മറവില്‍ നടക്കുന്ന ചൂഷണങ്ങള്‍  മനസ്സിലാക്കുന്നതിനാണ് ഈ അനുഭവം പങ്കുവയ്ക്കുന്നത്. 

പി.ജിക്കു പഠിക്കുമ്പോഴാണ് ആ രോഗിയെ കാണുന്നത്. നാല്‍പതുകാരിയായ യുവതി. ഭര്‍ത്താവാണ് ചികിത്സക്കു കൊണ്ടു വന്നത് . ആദ്യം കണ്ടപ്പോള്‍ അവര്‍ക്ക് പ്രത്യേകതയൊന്നും തോന്നിയില്ല. ആശുപത്രിയില്‍ ചികിത്സക്കായി വരുന്ന രോഗികളില്‍ സാധാരണയായി കാണാറുള്ള  ബൈപോളാര്‍ ഡിസോര്‍ഡര്‍ (bipolar affective disorder ) എന്ന രോഗം. അതില്‍ തന്നെ മാനിയ എന്ന രോഗാവസ്ഥ. കൂടുതലായി സംസാരിക്കുക, അകാരണമായ ദേഷ്യം, ഇടയ്ക്കിടെ അക്രമാസക്തയാകുക തുടങ്ങിയ ലക്ഷണങ്ങള്‍ . ഒന്നര മാസമായി ലക്ഷണങ്ങള്‍ ആരംഭിച്ചിട്ട്. കാര്യമായ ചികിത്സയൊന്നും കിട്ടിയിട്ടില്ല. nadapuram

ഇത്തിരി പൂജയോ മന്ത്രവാദമോ എന്തോ ചെയ്തിട്ടുണ്ട്. അത്ര തന്നെ. ഇതിനു  രണ്ടു മൂന്നു വര്‍ഷം മുന്‍പ് ഇതുപോലെ വന്നിട്ടുണ്ട്. അന്ന് ആശുപത്രിയില്‍ വന്ന് മരുന്ന് കഴിച്ച് രോഗം മാറിയതാണ്. പിന്നെ ഒന്നു രണ്ടു തവണ വന്നു, ഡോക്ടറെ കണ്ടു. പിന്നീട് വന്നതും ഇല്ല. അസുഖവും ഇല്ല. പഴയ പോലെ തന്നെ വീട്ടിലെ ജോലിയും ഉത്തരവാദിത്തങ്ങളും എല്ലാം ഏറ്റെടുത്തു നടത്തി വരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് രണ്ടാമതും രോഗം വരുന്നത്. ഇത്തവണ ആശുപത്രിയില്‍ പോവേണ്ട ആവശ്യം ഇല്ലെന്നും നാട്ടില്‍ തന്നെ ചെറിയ പൂജയൊക്കെ ചെയ്താല്‍ മതിയെന്നും വീട്ടുകാര്‍ തീരുമാനിച്ചു. അതാണ് ഇതു വരെ വരാതിരുന്നത്. എന്നാല്‍ ഒന്നര മാസം ആയിട്ടും വ്യത്യാസമൊന്നും കാണാത്തതുകൊണ്ടും, വീട്ടില്‍ അക്രമാസക്തയായി പല രീതിയിലുള്ള നഷ്ടങ്ങള്‍ വരുത്തി വച്ചതു കൊണ്ടും ഇനിയും കാത്തിരിക്കാന്‍ വയ്യെന്നായി. അങ്ങനെയാണ് ആശുപത്രിയില്‍ വന്നത്. 

ഇതിലിത്ര അത്ഭുതം ഒന്നും തോന്നിയില്ല. പല കാരണങ്ങള്‍ കൊണ്ട് ചികിത്സ വൈകിപ്പിക്കുന്നത് സാധാരണയാണ്. മാനസിക രോഗത്തിന് പൂജയും മന്ത്രവാദവും എല്ലാം ശ്രമിച്ചു നോക്കുന്ന ഒരു പാടു രോഗികളെ കണ്ടിട്ടുമുണ്ട്. അവരില്‍ ഒരാള്‍ മാത്രമായിരുന്നു ആ യുവതി. രോഗം നിര്‍ണ്ണയിക്കുന്നതിലോ ചികിത്സ തെരഞ്ഞെടുക്കുന്നതിലോ പ്രത്യേകിച്ച് വെല്ലുവിളികള്‍ ഒന്നും തന്നെയില്ല. 

സാധാരണ ഞങ്ങള്‍ കാണുന്ന രോഗികളുടെ വിവരങ്ങള്‍ റൗണ്ട്‌സില്‍ വിശദമായി സീനിയര്‍ ഡോക്ടര്‍മാരുടെ മുമ്പില്‍ അവതരിപ്പിക്കണം. ഇവരുടെ കാര്യവും അവതരിപ്പിച്ചു.  രോഗവും വ്യക്തം, ചികിത്സയും വ്യക്തം. ഒരു പ്രശ്‌നവും ഇല്ല.  റൗണ്ട്‌സില്‍ സീനിയര്‍ ഡോക്ടര്‍മാര്‍ ഒരുപാടു ചോദ്യങ്ങള്‍ ചോദിക്കും . രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും ,അങ്ങനെ രോഗിയുമായി ബന്ധപ്പെട്ട എന്തും ചോദിക്കാം. ഇനിയിപ്പോള്‍ എന്താണ് ചോദിക്കാന്‍ പോവുന്നതെന്ന് ആലോചിച്ചു കൊണ്ടിരുന്നു ഞാന്‍. മരുന്നുകളുടെ പ്രവര്‍ത്തനരീതിയും, രോഗ സംബന്ധമായ മറ്റു ചോദ്യങ്ങളുമെല്ലാം മനസ്സിലിട്ടു കറക്കിക്കൊണ്ടിരുന്നു. അപ്പോഴാണ് സാറിന്റെ ചോദ്യം. ' എന്തു ചികിത്സയാണ് ആദ്യം അവര്‍ നോക്കിയത്?'  .'കാര്യമായി ഒന്നുമില്ല .ചില മന്ത്രവാദം ഒക്കെ ' എന്നു ഞാന്‍. 'എത്ര പൈസ ചെലവായി '. അടുത്ത ചോദ്യം. അതെനിക്കറിയില്ലായിരുന്നു.  ചോദിക്കാന്‍ മെനക്കെട്ടിട്ടുമില്ല. അതിനെന്തു പ്രസക്തി എന്ന മട്ടിലാണ് പറഞ്ഞത് എനിക്കറിയില്ല എന്ന്.  രോഗിയുടെ ഭര്‍ത്താവ് വന്നപ്പോള്‍ സാര്‍ ഇതേ ചോദ്യം ചോദിച്ചു. ഒന്നു ചിരിച്ചെന്നു വരുത്തി അദ്ദേഹം ഉത്തരം പറഞ്ഞു. 'അതിപ്പോ രോഗം മാറുമെന്നാണ് പറഞ്ഞത്. അതിന് കടം വാങ്ങേണ്ടിയൊക്കെ വന്നു. ഒരു ഒന്നര ലക്ഷത്തോളം ആയി.

അതു കേട്ടപ്പോള്‍ കണ്ണു തള്ളിയത് ഞങ്ങള്‍ എല്ലാവരുടേതുമായിരുന്നു.  കേട്ടത് തെറ്റി പോയതാണോ എന്നാണ് ആദ്യം സംശയിച്ചത്. എന്റെ മുഖഭാവം കണ്ട സാര്‍ പറഞ്ഞു. എന്തു ചികിത്സയായിരുന്നു , എങ്ങനെ ഇത്രയും ചെലവായി എന്നൊക്കെ വിശദമായി ചോദിച്ചറിഞ്ഞ് അടുത്ത റൗണ്ട്‌സില്‍ പറയണം എന്ന്. അങ്ങനെ അതു അന്വേഷിച്ചു. അദ്ദേഹത്തിന് കൂലിപ്പണിയാണ്. ഭാര്യ വീട്ടമ്മയും . വേറെ വരുമാന മാര്‍ഗ്ഗം ഒന്നുമില്ല. രണ്ടു ചെറിയ മക്കള്‍ . ഇത്രയും പൈസ കൈയില്‍ ഉണ്ടായിട്ടല്ല. എന്നാലും ഭാര്യക്ക് അസുഖം വരുമ്പോള്‍ ചികിത്സിക്കുകയാണല്ലോ  പ്രധാനം. പലിശയ്ക്കു കടം വാങ്ങിയിട്ടാണ് പൈസ ഉണ്ടാക്കിയത്.  ഒരുപാടു സ്ഥലങ്ങളില്‍ ഇത്തരം ചികിത്സ നടത്തി. പറയാന്‍ തന്നെ അദ്ദേഹത്തിന് മടിയും ജാള്യതയും .അതുകൊണ്ട് മുഴുവന്‍ കണക്കും കൃത്യമായി കിട്ടിയില്ലെങ്കിലും ഏകദേശ ധാരണ കിട്ടി.

ഓരോ സ്ഥലങ്ങളിലും പതിനായിരം മുതല്‍ മുപ്പതിനായിരം രൂപ വരെയാണ് ഫീസ് കൊടുക്കേണ്ടത്. അതിനു പുറമേ പൂജയ്ക്ക് ആവശ്യമായ സാധനങ്ങളും . സംഭാവനയായി വെള്ളിപ്പാത്രങ്ങളോ അങ്ങനെ എന്തൊക്കെയോ വേറെയും വേണം. ഗുരുതരാവസ്ഥയിലുള്ള രോഗിയെ കൊണ്ടു പോവുന്നതു കൊണ്ട് ടാക്‌സി വിളിച്ചേ അവര്‍ക്ക് പോകാനാവുമായിരുന്നുള്ളൂ.  അതും പല പല സ്ഥലങ്ങളില്‍ . ഭക്ഷണവും താമസവും എല്ലാം വേറെ ചെലവ്. ചികിത്സ എന്നു പറയുന്നത് എല്ലായിടത്തും ഏകദേശം ഒരു പോലെ ആണ്. ആദ്യം എന്തൊക്കെയോ മന്ത്രവാദം ഒക്കെയുണ്ട്. പിന്നീട് നാരങ്ങ വീട്ടിലേക്കു തന്നു വിടും. അതു പിഴിഞ്ഞ് വെള്ളം കുടിക്കണം. കുളിക്കുന്ന വെള്ളത്തിലും ചേര്‍ക്കണം. അതാണ് പ്രധാനം. 

ഇതൊക്കെ കേട്ടിട്ട് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഈ ചെലവിന് പുറമേയാണ് ഭര്‍ത്താവ് ജോലിക്കു പോകാതിരുന്നതിന്റെ നഷ്ടം. രോഗാവസ്ഥയില്‍ രോഗി വരുത്തി വച്ച നഷ്ടങ്ങള്‍ വേറെ.  ഒരു സാധാരണ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി ആകെ താറുമാറായതാണ് ഈ ചികിത്സകളുടെ ആകെ തുക. അങ്ങനെയാണ് അവര്‍ ആശുപത്രിയില്‍ വരുന്നത്.  അഡ്മിറ്റായി  രണ്ടു മൂന്നു ആഴ്ച്ചകള്‍ക്കുള്ളില്‍ രോഗം നന്നേ കുറഞ്ഞു . ഒരു മാസത്തിനുള്ളില്‍ അവര്‍ ഡിസ്ചാര്‍ജ് ആയി. 

ആശുപത്രിയില്‍ ചികിത്സക്കു കാര്യമായ ചെലവൊന്നും ഉണ്ടായില്ല. ആ ഭര്‍ത്താവിനോട് രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും ആവര്‍ത്തിച്ചു സംസാരിച്ചു. രോഗം ഭേദമായതോടെ രോഗിയോടും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഞങ്ങളുടെ ഭാഗത്ത് നിന്ന് ചെയ്യാനുള്ളതെല്ലാം ചെയ്തു. പക്ഷേ അവരുടെ പ്രശ്‌നം അതുകൊണ്ടു തീരുന്നില്ലല്ലോ. എത്ര കഷ്ടപ്പെട്ടാല്‍ ആണ് ഉണ്ടായ സാമ്പത്തിക നഷ്ടം അവര്‍ക്ക് നികത്താനാവുക എന്നത് ഒരു പ്രശ്‌നം തന്നെ ആയിരുന്നു. ചെലവില്ലാതെ ലളിതമായി, ഫലപ്രദമായി ചികിത്സിക്കാമായിരുന്ന രോഗമായിരുന്നു അവര്‍ക്ക് . അറിവില്ലായ്മ കൊണ്ട് തെറ്റായ ചികിത്സകള്‍ തേടി ഒടുവില്‍ ഒരു കുടുംബം കടബാധ്യതയിലായി. ഇതിനു മുന്‍പ് രോഗം വന്നിട്ടും ആശുപത്രിയില്‍ നിന്ന് ഫലപ്രദമായ ചികിത്സ ലഭിച്ചിട്ടും  രണ്ടാം തവണ അവര്‍ വീണ്ടും മറ്റു വഴികള്‍ തേടി പോയെന്നത് ഗുരുതര പ്രശ്‌നം തന്നെയാണ്. 

ഈ സംഭവത്തിനു ശേഷം ചികിത്സക്കായി വരുന്നവരോട് അവര്‍ മുന്‍പ് ചെയ്ത ഇത്തരം ചികിത്സയേയും ചെലവിനേയും കുറിച്ച് ഞാന്‍ അന്വേഷിക്കാറുണ്ട്. തിരക്കുള്ള ഒ.പി യില്‍ വിശദമായി കാര്യങ്ങള്‍ ചോദിച്ചറിയാന്‍ സമയം കുറവാണെങ്കില്‍ പോലും . ഇത് ഒറ്റപ്പെട്ട സംഭവമല്ല എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.  ഒന്നര ലക്ഷത്തോളം വരില്ലെങ്കിലും ചെലവേറിയ കാര്യം തന്നെയാണിത്. മാനസിക രോഗത്തിനു ചികിത്സ തേടാന്‍ സാധാരണയായി ആളുകള്‍ മടി കാണിക്കാറുണ്ട്. മറ്റുള്ളവര്‍ അറിയുമെന്നുള്ള പേടിയാണ് പ്രധാന കാരണം .ഇപ്പോഴും ശാരീരിക അസുഖങ്ങള്‍ക്കു ലഭിക്കുന്ന പരിഗണന മാനസികരോഗങ്ങള്‍ക്ക് കിട്ടാറില്ല. ഇതെല്ലാമാണ് ആളുകള്‍ ചൂഷണം ചെയ്യപ്പെടാനുള്ള കാരണം. ഇത്തരം 'ചികിത്സകള്‍ ' ക്കു ശേഷം ' ഞങ്ങള്‍ക്കു ചെയ്യാനുള്ളത് ചെയ്തിട്ടുണ്ട്. ഇനി നിങ്ങള്‍ വേണമെങ്കില്‍ ആശുപത്രിയിലും കൂടി ഒന്നു കാണിച്ചോളൂ' എന്ന് തന്ത്രപൂര്‍വ്വം പറയുന്നവര്‍ വരെയുണ്ട്. വഞ്ചിക്കപ്പെടുന്നത് മറ്റുള്ളവരോട് പറയാന്‍ പലര്‍ക്കും മടിയാണ്. അത് മാനസിക രോഗത്തിന്റെ പേരിലാകുമ്പോള്‍ പ്രത്യേകിച്ചും . 

മേല്‍പ്പറഞ്ഞ രോഗിക്കും ഭര്‍ത്താവിനും പ്രാഥമിക വിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും ഉന്നത വിദ്യാഭ്യാസം ലഭിച്ചവരും ഉദ്യോഗസ്ഥരും വരെ ഈ ചതിക്കുഴികളില്‍ വീണു പോവുന്നത് കണ്ടിട്ടുണ്ട്. മാനസിക രോഗം എന്നത് ഇന്നും ആരും ചര്‍ച്ച ചെയ്യാനിഷ്ടപ്പെടാത്തതാണ് ഇവര്‍ക്കൊക്കെ വളം വെച്ചു കൊടുക്കുന്നത്.ഇത്തരം ചതിക്കുഴികളില്‍ വീണു പോകാതെ എത്രയും പെട്ടെന്ന് ശരിയായ ചികിത്സ തേടുക എന്നതാണ് ഏക മാര്‍ഗ്ഗം. ഫലപ്രദമായ ചികിത്സ ലഭിച്ചാല്‍ നിയന്ത്രണ വിധേയമാക്കാവുന്നവയാണ് മിക്ക മാനസിക രോഗങ്ങളും . 'എത്രയൊക്കെയായാലും ആശുപത്രിയല്ലേ. മരുന്നു കഴിക്കുന്നത് ആരെങ്കിലും അറിഞ്ഞാല്‍ നാണക്കേടല്ലേ. അവിടെ പോവുന്നതിനേക്കാള്‍ നല്ലത് വേറെന്തെങ്കിലും ചെയ്യുന്നതല്ലേ ?'  എന്ന മനോഭാവം ഒരോരുത്തരും മാറ്റാന്‍ ശ്രമിച്ചെങ്കില്‍ മാത്രമേ ഇത്തരം തട്ടിപ്പുകളില്‍ നിന്നും രക്ഷയുള്ളൂ.  കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലുള്ള മനശാസ്ത്രം മാത്രമല്ല മനോരോഗത്തിന്റെ മറവില്‍ നടക്കുന്ന കുറ്റ കൃത്യങ്ങളും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നു തോന്നിയതു കൊണ്ടാണ് ഇത്രയും എഴുതിയത്. ചൂഷണം ചെയ്യാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ ഒരുപാടുണ്ട്. നമ്മളൊന്ന് നിന്നു കൊടുക്കുകയേ വേണ്ടൂ. 

(ന്യൂഡല്‍ഹിയിലെ ഡോ:രാം മനോഹര്‍ ലോഹ്യ ഹോസ്പിറ്റല്‍ ആന്റ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ചിലെ സീനിയര്‍ റെസിഡന്റാണ് ഡോ.ശില്‍പ)