'ഇവനെ നൊന്ത് പ്രസവിച്ചു വളര്‍ത്തി വലുതാക്കി എന്ന തെറ്റ് മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ!' .പലതവണ മകന്റെ ശാരീരിക പീഡനങ്ങള്‍ കൊണ്ട് സഹികെട്ട് ജീവിതത്തില്‍ പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ട് വിഷാദ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ ഒരമ്മയുടെ വാക്കുകളാണിത്.

മകന്റെ ശാരീരിക ഉപദ്രവം സഹിക്കാന്‍ കഴിയാതെ വേറൊരു വഴിയും കാണാതെ പോലീസിലറിയിച്ചപ്പോള്‍ അവര്‍ നിര്‍ദ്ദേശിച്ച പ്രകാരം, ചില സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്താലാണ് ആശുപത്രിയിലെത്തിച്ചത്. പല തവണ മകന് വിഷം കൊടുത്ത് ആത്മഹത്യ ചെയ്താലോ എന്ന് പോലും അവര്‍ ചിന്തിച്ചിരുന്നു.

വളരെ സൗമ്യനും വളരെ കുറച്ചു മാത്രം സംസാരിക്കുകയും ചെയ്യുന്ന പ്രകൃതമുള്ള ഇരുപത് വയസുള്ള ചെറുപ്പക്കാരന്‍. പന്ത്രണ്ടാം ക്ലാസ്സ് വരെ പഠിച്ചിട്ടുണ്ട്‌. അച്ഛന്‍ അവന് ഏതാണ്ട് ഒന്‍പത് വയസുള്ളപ്പോള്‍ ഹൃദയ സംബന്ധമായ അസുഖം മൂലം മരിച്ചു. അതിനു ശേഷം അമ്മയും മകനും തനിച്ചാണ് താമസം. ചെറുപ്പം മുതലേ മറ്റുള്ളവരോട് അടുത്തിടപഴകാനോ, സൗഹൃദം സ്ഥാപിക്കുന്നതിനോ ഉള്ള തകരാറുകള്‍ അവനുണ്ടായിരുന്നു. 

മറ്റുള്ളവര്‍ തന്നെ എല്ലായ്‌പ്പോഴും ഏറ്റവും മികച്ച വ്യക്തിയായി കാണണമെന്ന് അവന്‍ ആഗ്രഹിക്കുകയും അതിനു വേണ്ടി മാതാപിതാക്കളെക്കൊണ്ട് നിര്‍ബന്ധിച്ചു കാര്യങ്ങള്‍ ചെയ്യിക്കുകയും ചെയ്യുന്നത് അവന്റെ  പതിവായിരുന്നു, ഏതാണ്ട് പതിനൊന്ന്-പന്ത്രണ്ട് വയസായപ്പോഴേക്കും അവന്റെ നിര്‍ബന്ധവും വാശിയും കൂടി വന്നതേയുള്ളൂ. അച്ഛന്റെ മരണശേഷം അവന്‍ അമിതമായി വാശിപിടിക്കുകയും ആഗ്രഹം  സാധിക്കും വരെ അമ്മയെ ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു.

അമ്മയ്ക്ക് നിയന്ത്രിക്കാവുന്നതിലുമപ്പുറമായിരുന്നു അവന്റെ അതിക്രമങ്ങള്‍. മതപരമായ ആചാരങ്ങളിലും, ജ്യോതിഷം, അതീന്ദ്രിയ ജ്ഞാനം തുടങ്ങിയ വിഷയങ്ങളിലും താല്പര്യം വര്‍ദ്ധിക്കുകയും കൂടുതല്‍ സമയം ഇത്തരം കാര്യങ്ങളെപ്പറ്റി അറിയുവാനും അതുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ വയിക്കാനുമാണ് അവന്‍ കൂടുതല്‍ സമയം ചെലവഴിച്ചിരുന്നത്. 

ഒറ്റയ്ക്കിരിക്കുമ്പോള്‍ സ്വന്തമായി സ്‌പൈറല്‍ ബൈന്റ് ചെയ്ത ബുക്കില്‍ എന്തൊക്കെയോ കുത്തിക്കുറിക്കുന്നത് കാണാം. അതെപ്പറ്റി കൂടുതല്‍ ചോദിച്ചാല്‍ അമ്മയെ ദേഷ്യം തീരുന്നത് വരെ ശാരീരിക ഉപദ്രവിക്കും. ഇത് ആരോടെങ്കിലും പറഞ്ഞാല്‍ കൊന്ന് കളയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്യും. പുറമേ മറ്റാര്‍ക്കും വീട്ടിലുള്ള അവന്റെ പെരുമാറ്റരീതികളെക്കുറിച്ച് അറിയില്ലായിരുന്നു. അമ്മയ്ക്ക് അത് മറ്റുള്ളവരോട് പറയാന്‍ ഭയവുമായിരുന്നു.

 'സര്‍ എന്റെ ജീവിതം ഇതിലുണ്ട്! സാറിന് ഇത് നോക്കിയാല്‍ എല്ലാം മനസിലാകും' ആ ബുക്കില്‍ കുറെ നക്ഷത്ര ചിഹ്നങ്ങള്‍. പല പേജുകളിലും ഒരുപാട് വിചിത്രമായ ചിത്രങ്ങള്‍. വേറൊന്നുമില്ല. പുസ്തകം തുറന്നു കാണിച്ചു അയാള്‍ ചോദിച്ചു- സാറിനിപ്പോള്‍ എല്ലാം മനസിലായി കാണുമല്ലോ അല്ലെ?. അയാള്‍ വളരെ ആവേശത്തോടെ ബുക്കില്‍ വരച്ചിരിക്കുന്ന നക്ഷത്രങ്ങളുടെ കോണുകളില്‍ തൊട്ടുകൊണ്ട് അമ്മ ഏതോ ഭാഗത്ത് നിലനില്‍ക്കുന്നുവെന്നും ആകാശത്തു നിന്നും വരുന്ന എനര്‍ജി എന്നിലേക്ക് വരാതെ അമ്മ വലിച്ചെടുക്കുന്നുവെന്നും അത് മൂലം ജീവിതത്തില്‍ അഭിവൃദ്ധി വരുന്നില്ല എന്നും മാത്രം എനിക്ക് മനസിലായി. 

അതിനുമപ്പുറം അതീന്ദ്രിയമായ കഴിവുകളെപ്പറ്റിയും, ലോകത്തില്‍ ഏറ്റവും മഹത്തരമായ ഒരു സ്ഥാനം എനിക്ക് കൈവരാന്‍ പോവുകയാണെന്നും പ്രതീക്ഷിച്ചാണ് അയാളുടെ ജീവിതം. ഒറ്റയ്‌ക്കൊരു മുറിയില്‍ അടച്ചിരുന്നു തന്റേതായ  ലോകത്തില്‍ വ്യാപരിക്കുവാനാണ് അയാള്‍ക്കിഷ്ടം. ജോലിയില്ല, ശരിയായ ഉറക്കമില്ല, ഭക്ഷണമില്ല. അമ്മയ്ക്ക് കിട്ടുന്ന തുച്ഛമായ പെന്‍ഷന്‍ കൊണ്ട് വേണം കുടുംബം കഴിയാന്‍.

tvm

ഈ അടുത്ത കാലത്ത് തിരുവനന്തപുരത്തിനടുത്ത് നന്ദന്‍കോട് സ്വന്തം കുടുംബാംഗങ്ങളെ കൊലപ്പെടുത്തി കത്തിച്ച കേസില്‍ താന്‍ നടത്തിയത് ആസ്ട്രല്‍ പ്രോജെക്ഷനാണെന്നും അതീന്ദ്രിയമായ കഴിവുകള്‍ ലഭിക്കാനാണെന്നും പരകായ പ്രവേശത്തിന് വേണ്ടിയാണെന്നും മറ്റുമുള്ള ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല. സ്വന്തം കഴിവ് കൊണ്ട് ശരീരത്തില്‍ നിന്നും ആത്മാവിനെ വേര്‍പെടുത്തി അനുഭവിക്കുന്ന 'ഔട്ട് ഓഫ് ബോഡി എക്‌സ്പീരിയന്‍സ'് അനുഭവിക്കുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കുക എന്നതായിരുന്നു കൃത്യത്തിനാധാരം. കൃത്യമായ ശാസ്ത്രീയ അടിത്തറയൊന്നുമില്ലാത്ത ഇത്തരം കാര്യങ്ങളില്‍ അമിതമായി വിശ്വസിക്കുന്നവര്‍ സ്വന്തം യാഥാര്‍ത്ഥ്യ ബോധം പോലും കീഴ്‌മേല്‍ മറിയുന്ന അവസ്ഥയില്‍ കൊടും ക്രൂരതകളിലേക്ക് മനസിനെ വഴി തിരിച്ചു വിടുകയാണ് ചെയ്യുന്നത്. 

മനോരോഗങ്ങള്‍

ഇത്തരം കുറ്റകൃത്യങ്ങളുടെ മാനസിക കാരണങ്ങള്‍ മനസിലാക്കണമെങ്കില്‍ വിശദമായ നിരീക്ഷണവും പ്രതിയുടെ പെരുമാറ്റത്തെപ്പറ്റിയുള്ള അറിയുകയും അയാളുടെ മുന്‍കാല ജീവിത അനുഭവങ്ങളെപ്പറ്റി  മനസിലാക്കുകയും ചെയ്യണം. ചില മാനസിക രോഗങ്ങളുമായി ബന്ധപ്പെട്ടുള്ള മിഥ്യ ധാരണകളുടെ ഭാഗമായി വ്യക്തികള്‍ ചില വിചിത്രമായ ചിന്തകള്‍ വച്ച് പുലര്‍ത്താറുണ്ട്.

ഉദാഹരണത്തിന് മറ്റുള്ളവര്‍ തനിക്കെതിരെ ഗൂഢാലോചന ചെയ്യുന്നുവെന്നും എന്നെ കൂടോത്രം, ദുര്‍മന്ത്രവാദം പോലുള്ള ആഭിചാര ക്രിയകളിലൂടെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന മിഥ്യാധാരണകള്‍ ചില തീവ്ര മനോരോഗ ലക്ഷണമായി കണ്ടു വരാറുണ്ട്. അതീന്ദ്രിയജാലങ്ങളിലും ദുര്‍മന്ത്രവാദത്തിലുമൊക്കെയുള്ള  അമിത വിശ്വാസവും മറ്റും അവരുടെ ജീവിതത്തില്‍ കാര്യമായി പ്രതിഫലിക്കുകയും ചെയ്യും.

സ്‌കിസോഫ്രേനിയ

തീവ്ര മനോരോഗങ്ങളില്‍ വരുന്ന ഒരു മനോരോഗ അവസ്ഥയാണ് സ്‌കിസോഫ്രേനിയ. വ്യക്തിയുടെ ചിന്തകളെയും പെരുമാറ്റത്തെയും വൈകാരികാവസ്ഥയെയും, യാഥാര്‍ത്ഥ്യ ബോധത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒരു മനോരോഗവസ്ഥയാണിത്. തനിക്കു രോഗമുണ്ടെന്ന തിരിച്ചറിവില്ലാതെ കാണാത്തത് കാണുകയും കേള്‍ക്കാത്തത് കേള്‍ക്കുകയുമൊക്കെ ചെയ്യുന്നത് രോഗ ലക്ഷണമാണ്. തന്നെപ്പറ്റി ആളുകള്‍ പരസ്പരം സംസാരിക്കുന്നുവെന്നും,  ചുറ്റുപാടും ആരുടേയും സാന്നിധ്യമില്ലാത്തപ്പോള്‍ പോലും ആരോ തന്നോട് സംസാരിക്കുന്നുവെന്നുമുള്ള തരത്തിലുള്ള മാനസികാവസ്ഥകളിലൂടെയാണ് അവര്‍ കടന്നു പോകുന്നത്. 

ചില ഘട്ടങ്ങളില്‍ തന്റെ ചെവിയില്‍ കേള്‍ക്കുന്ന ശബ്ദങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന ചിന്ത വ്യക്തിയെ മറ്റുള്ളവരെ ആക്രമിക്കുവാനും ആത്മഹത്യ ചെയ്യാനുമൊക്കെ പ്രേരിപ്പിക്കാം. ഇത്തരം ആജ്ഞാപരമായ  ശബ്ദങ്ങളെ കമാന്‍ഡിംഗ് ഹാലുസിനെഷന്‍ (Commanding Hallucinations) എന്നാണ് വിളിക്കുക.  അതുപോലെ തന്നെ തന്റെ ചിന്തകളെ മറ്റുള്ളവര്‍ നിയന്ത്രിക്കുന്നുവെന്നും, മനസിലാക്കുന്നുവെന്നുമുള്ള തോന്നലും, മറ്റുള്ളവര്‍ എല്ലായ്‌പ്പോഴും തന്നെപ്പറ്റി സംസാരിക്കുന്നുവെന്നും മറ്റുമുള്ള വിശ്വാസങ്ങള്‍ ഇത്തരം മാനസിക രോഗാവസ്ഥയുടെ ചില ലക്ഷണങ്ങളാണ്. മറ്റുള്ളവര്‍ തനിക്കെതിരെ ദുര്‍മന്ത്രവാദം ചെയ്യുന്നുവെന്ന ചിന്തയും മറ്റും ചില രോഗികള്‍ വച്ച് പുലര്‍ത്താറുണ്ട്.

സ്‌കിസോടിപ്പല്‍  ഡിസോഡര്‍

സ്‌കിസോഫ്രെനിയയുടെ തന്നെ മറ്റൊരു വകഭേദമാണ് സ്‌കിസോടിപ്പല്‍  ഡിസോഡര്‍.  ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തരത്തിലുള്ള ചില പ്രത്യേക ചിന്താരീതികളും പെരുമാറ്റവും, മറ്റുള്ളവരുമായി ആരോഗ്യപരമായ ബന്ധങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള തകരാറുകള്‍, അതുപോലെ തന്നെ  ചിന്തകളിലും, കാര്യങ്ങളെ യാഥാര്‍ഥ്യബോധത്തോടെ മനസിലാക്കുന്നതിലുമുള്ള തകരാറുകള്‍, സംസാരത്തിലും പ്രവൃത്തിയിലും രൂപത്തിലുമൊക്കെ അസാധാരണത്വം എന്നിവ . ആവര്‍ത്തിച്ചുള്ള ചില പ്രത്യേക തരം പെരുമാറ്റങ്ങളും ഇത്തരം രോഗാവസ്ഥയുടെ ലക്ഷണങ്ങളാണ്. ഏതാണ്ട് കൗമാരകാലഘട്ടത്തോടുകൂടി തന്നെ ഇത്തരം സ്വഭാവ സവിശേഷതകള്‍ വ്യക്തിയില്‍ കണ്ടു തുടങ്ങുകയും വ്യക്തിയുടെ പിന്നീടുള്ള ജീവിതത്തില്‍ രോഗ ലക്ഷണങ്ങള്‍ വ്യക്തിത്വത്തിന്റെ ഭാഗമാകുകയും ചെയ്യുന്നു.

മാനസിക രോഗം അഭിനയിക്കുന്നവര്‍

മാനസിക രോഗമുണ്ടെന്നു അഭിനയിക്കുന്നവര്‍ പ്രധാനമായും രണ്ടു തരത്തിലാണുള്ളത്. ഒരു വിഭാഗം ആളുകള്‍ തങ്ങള്‍ക്കു രോഗമുണ്ടെന്ന് പറയുമ്പോള്‍ അതിലൂടെ മറ്റുള്ളവരില്‍ നിന്നും കിട്ടിയേക്കാവുന്ന അനുകമ്പയും സ്‌നേഹവും കരുതലുമൊക്കെ പ്രതീക്ഷിക്കുന്നവരാണ്. എന്നാല്‍ മറ്റു ചിലരാവട്ടെ ഏതെങ്കിലും നിഗൂഢ ലക്ഷ്യം വച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നവരുമായിരിക്കും. അതായത് നിയമപരമായ സഹായം ലഭിക്കുന്നതിനു വേണ്ടിയും മറ്റു ഭൗതിക നേട്ടത്തിന് വേണ്ടിയുമാവം മാനസിക രോഗം അഭിനയിക്കുന്നത്.

ശാരീരിക രോഗ നിര്‍ണയത്തെ അപേക്ഷിച്ച് മനോരോഗ ചികത്സയില്‍ രോഗ നിര്‍ണയം എന്നത് സങ്കീര്‍ണമായ ഒരു പ്രക്രിയയാണ്. രോഗലക്ഷണങ്ങളും, രോഗം വരുന്നതിനു മുന്‍പുള്ള വ്യക്തിത്വവും  അതിനു ശേഷമുള്ള മാറ്റങ്ങളെയും, കുടുംബ സാമൂഹിക പശ്ചാത്തലവും പിന്നീട് രോഗിയുടെ മാനസിക നില മനസിലാക്കുന്ന തരത്തിലുള്ള അപഗ്രഥനത്തിലൂടെയുമാണ്്  രോഗനിര്‍ണയം നടത്തുന്നത്. എന്നാല്‍ ചില രോഗാവസ്ഥയെ  ഇത്തരം രീതികളിലൂടെ മനസിലാക്കാന്‍ കഴിയാതെ വരുമ്പോള്‍ ചില മന:ശാസ്ത്ര പരീക്ഷണോപധികള്‍ ഉപയോഗിച്ചുകൊണ്ട് (Psychological assessment) രോഗ ലക്ഷണങ്ങളെയും ,വ്യക്തിത്വ സവിശേഷതയും, മനസിലാക്കാവുന്നതാണ്. 

വ്യക്തി കള്ളം പറയുകയാണോ എന്ന് മനസിലാക്കാന്‍ ആധുനിക രീതിയിലുള്ള നുണ പരിശോധന മാര്‍ഗങ്ങളും ചില ഘട്ടങ്ങളില്‍ ഉപയോഗിക്കുവാന്‍ സാധിക്കും. ശരിയായ രീതിയില്‍ മാനസിക രോഗങ്ങള്‍ ചികത്സിക്കാതെ വരുമ്പോള്‍ രോഗലക്ഷണങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയും ചില രോഗാവസ്ഥയില്‍ അത്  അതിക്രമങ്ങളിലേക്കും, കൊലപാതകങ്ങളിലേക്കും, ആത്മഹത്യയിലേക്കുമൊക്കെ വഴിവയ്ക്കാന്‍ കാരണമാവുകായും ചെയ്യും. എന്നാല്‍ എല്ലാ മാനസിക രോഗികളും, അക്രമകാരികളോ, ആത്മഹത്യാ പ്രവണതയുള്ളവരോ ആവണമെന്നില്ല. മനോരോഗ ലക്ഷണങ്ങള്‍ നേരത്തെ തന്നെ മനസിലാക്കി ചികിത്സിക്കുകയാണ് പ്രധാനം.