ലൈംഗിക അതിക്രമങ്ങളില്‍നിന്നു കുട്ടികളെ സംരക്ഷിക്കാനുള്ള നിയമത്തില്‍ നഷ്ടപരിഹാരം ലഭിക്കാന്‍ വ്യവസ്ഥയുണ്ടെങ്കിലും 99 ശതമാനം കേസുകളിലും അതുണ്ടായിട്ടില്ല. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം ജില്ലാ ജഡ്ജിയുടെ പജവിയിലുള്ള ഒരു ഉദ്യോഗസ്ഥന്‍ നല്‍കിയ റിപ്പോര്‍ട്ട് വായിച്ചുസുപ്രീം കോടതി ഞെട്ടിപ്പോയി. തുടര്‍ന്നു കേന്ദ്ര സര്‍ക്കാരിനു നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെ ഉത്തരവില്‍ ഈ ഞെട്ടലിനെ കുറിച്ച് കോടതി പറഞ്ഞിട്ടുണ്ട്.
കൂട്ടബലാത്സംഗത്തിനു വിധേയയായ പെണ്‍കുട്ടിക്ക് 10 ലക്ഷം രൂപവരെ നഷ്ടപരിഹാരം ലഭിക്കും. അല്ലാതെയുള്ള ബലാത്സംഗമാണെങ്കില്‍ ഏഴു ലക്ഷം രൂപ വരെ കിട്ടും. താല്‍ക്കാലിക നഷ്ടപരിഹാരത്തിനും വ്യവസ്ഥയുണ്ട്. കുട്ടികള്‍ക്ക് എതിരായ ലൈംഗിക അതിക്രമങ്ങളെ 14 തരമായി തിരിച്ചു പട്ടിയുണ്ട്. എല്ലാ തരം കുറ്റകൃത്യങ്ങള്‍ക്കും നഷ്ടപരിഹാരത്തിനു കേന്ദ്ര സര്‍ക്കാരിന്റെ നിയമമായ പോക്‌സോ(POCSO- Protection of Children from Sexual Offences Act)യില്‍ അര്‍ഹതയുണ്ട്. കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യാന്‍ പ്രത്യേക കോടതിയുമുണ്ട്.
കുറ്റകൃത്യങ്ങളുടെ അന്വേഷണം, വിചാരണ, അന്തിമവിധി എന്നിവയെ കുറിച്ച് ജില്ലാ ജഡ്ജിയുടെ പദവിയിലുള്ള സുരീന്ദര്‍ എസ്. രാഥി എന്ന ഉദ്യാഗസ്ഥനാണ് വിശദമായ അന്വേഷണം നടത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളതെന്നു കോടതി പറഞ്ഞു. 99% കേസുകളിലും നഷ്ടപരിഹാരം നല്‍കിയതായി കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കോടതി നടപടികള്‍ അനുസരിച്ച് ഓരോ സംസ്ഥാനത്തും ഹൈക്കോടതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയാണു നഷ്ടപരിഹാത്തുക ബാങ്കു വഴി നല്‍കുന്നത്. അതിനു നടപടിക്രമങ്ങള്‍ നിലവിലുണ്ട്.
എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്നു കോടതി കേന്ദ്ര സര്‍ക്കാരിനോടു ചോദിച്ചിട്ടുണ്ട്. ആറു മാസത്തിനുള്ളില്‍ വിചാരണ കോടതി നടപടി പൂര്‍ത്തിയാക്കണമെന്നാണ് നിയമത്തില്‍ വ്യവസ്ഥ. എന്നാല്‍ മൂന്നില്‍ രണ്ടു ഭാഗം കേസുകളില്‍ ഇപ്പോഴും വിചാരണ പൂര്‍ത്തിയായിട്ടില്ല. കേസ് അന്വേഷണ രീതികളില്‍ പാകപ്പിഴകള്‍ ഉണ്ട്. കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
എണ്‍പതു ശതമാനം പെണ്‍കുട്ടികളാണു ലൈംഗിക അതിക്രമങ്ങള്‍ക്കു വിധേയരാവുന്നത്. പതിമൂന്നിനും പതിനാറിനും വയസിനിടയിലുള്ള 69% പെണ്‍കുട്ടികളും അതിക്രമങ്ങള്‍ക്കു വിധേയരാവുന്നു. പതിനാറിനും പതിനെട്ടിനും ഇടയിലുള്ള 22% പേരാണ് അതിക്രമങ്ങള്‍ നേരിടുന്നത്. പ്രതികളില്‍ 27% പേര്‍ അയല്‍വാസികളാണ്. 56% പേര്‍ മറ്റുള്ളവരാണ്. നാലു വര്‍ഷമായിട്ടും വിചാരണ പൂര്‍ത്തിയാവാത്ത കേസുകള്‍ നിരവധിയാണ്.
കേസ് വിചാരണയ്ക്കു കൂടുതല്‍ കോടതികളും അന്വേഷണത്തിനായി സമര്‍ത്ഥരായ ഉദ്യോഗസ്ഥരെയും നിയോഗിക്കണമെന്നും ബോധവല്‍ക്കരണത്തിനായി കൂടുതല്‍ മാര്‍ഗങ്ങള്‍ വേണമെന്നും സുപ്രീം കോടതി കേന്ദ്രത്തിന് ഉത്തരവു നല്‍കിയിട്ടുണ്ട്. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്തു പ്രതിക്കു വധശിക്ഷ വരെ ലഭിക്കാവുന്നതാണ്. നിയമത്തില്‍ അതിനു വ്യവസ്ഥയുണ്ട്. കഴിഞ്ഞ വര്‍ഷമാണു നിയമത്തില്‍ ഇതിനായി ഭേദഗതി വരുത്തിയത്.
Content Highlights: No compensation allowed in 99% POCSO cases, Supreme Court shocked