സുന്ദരിയമ്മയുടെ കൊലപാതകിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നാലും ഇല്ലെങ്കിലും നിരുത്തരവാദിത്തത്തിന്റെ വഴികളിലൂടെ സഞ്ചരിച്ച ഒരു അന്വേഷണമാണ് സുന്ദരിയമ്മ വധക്കേസ്. സ്വന്തമെന്നു പറയാന്‍ ആരുമില്ലാതായിപ്പോയ ചിലര്‍ക്കു സംഭവിച്ച ദുരന്തമാണ് ഈ കഥ. ജീവിക്കാന്‍ വേണ്ടി ഏകാന്തസമരം നടത്തുന്നവരായിരുന്നു സുന്ദരിയമ്മയും ജയേഷും. ഒറ്റപ്പെട്ടവരെ ശാരീരികമായും മാനസികമായും മുറിവേല്‍പ്പിക്കാന്‍ വളരെ എളുപ്പം കഴിയുമെന്ന മുന്നറിയിപ്പുകൂടിയാണോ ഇത്?

ഭര്‍ത്താവുമായി പിണങ്ങി ജീവിക്കുന്ന സുന്ദരിയമ്മ. തമിഴ്‌നാട്ടുകാരിയായ അവര്‍ക്ക് കോഴിക്കോട് ഇഡ്ഡലിക്കച്ചവടം നടത്തി ജീവിക്കേണ്ടി വരുന്ന അവസ്ഥ! മക്കളും കുടുംബാംഗങ്ങളും ജീവിച്ചിരിക്കുമ്പോള്‍, സുന്ദരിയമ്മയ്ക്ക് നീതി കിട്ടിയില്ലെന്ന് ചങ്കൂറ്റത്തോടെ പറയാന്‍ ആരും മുന്നോട്ട് വരാത്തത് എന്താണ്? 29 പ്രാവശ്യം അതിക്രൂരമായി വെട്ടേറ്റ് പിടഞ്ഞുമരിച്ച ആ അമ്മയ്ക്കു വേണ്ടി പിന്നീട് ആരും ശബ്ദമുയര്‍ത്തിയതായി കണ്ടില്ല. മരണത്തില്‍പ്പോലും അനാഥയായവളാണ് സുന്ദരിയമ്മ. നീതി നിഷേധിക്കപ്പെട്ട സ്ത്രീത്വത്തിന്റെ മറ്റൊരു മുഖം. 

സുന്ദരിയമ്മയെ അറിയാവുന്ന നാട്ടുകാര്‍ക്ക് അവരെക്കുറിച്ച് നല്ലതു മാത്രമേ പറയാനുള്ളു.

'എനിക്ക് അറിയാവുന്ന സുന്ദരിയമ്മ പരോപകാരിയായ ഒരു സ്ത്രീ ആയിരുന്നു. ആര്‍ക്കും ഒരു ദ്രോഹവും ചെയ്തതായി അറിവില്ല. പലചരക്കു സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ വരാറുണ്ടായിരുന്നു. അവരുടെ മരണവാര്‍ത്ത വളരെ വേദനിപ്പിക്കുന്നതായിരുന്നു. മരിച്ചു കഴിഞ്ഞപ്പോളാണ് അവരുടെ ഭര്‍ത്താവിനെ ഞങ്ങള്‍ ആദ്യമായി കാണുന്നത്.' 36 വര്‍ഷമായി പലചരക്കു കച്ചവടം നടത്തുന്ന പ്രകാശന്‍ വേദനയോടെ ഓര്‍ക്കുന്നു.

സുന്ദരിയമ്മയെയും ബന്ധുക്കളെയും വളരെ അടുത്ത് പരിചയമുണ്ടായിരുന്ന മൊയ്തീനുമുണ്ട് കുറേ നല്ല ഓര്‍മകള്‍.

'ഇഡ്ഡലി വിറ്റു ജീവിച്ചിരുന്ന സുന്ദരിയമ്മ ഒരു വലിയ പണക്കാരിയൊന്നുമല്ലായിരുന്നു. വളരെ കഷ്ടപ്പെട്ട്‌ രണ്ട് പെണ്‍മക്കളെയും പഠിപ്പിച്ചു. കുടുംബക്കാരുടെ സഹായത്തോടെയാണ് അവരുടെ വിവാഹം നടത്തിയത്. ഒരു മകള്‍ വയനാട്ടിലും മറ്റേ പെണ്‍കുട്ടി കോയമ്പത്തൂരിലുമാണ് താമസിക്കുന്നത്. എല്ലാവരും ഉണ്ടായിട്ടും അവര്‍ മരിച്ചപ്പോള്‍ ശവം മറവുചെയ്യാന്‍ സ്വന്തമായി ഒരു തുണ്ട് ഭൂമിപോലും അവര്‍ക്കില്ലാതായിപ്പോയി. അതോര്‍ത്ത് രണ്ടു പെണ്‍മക്കളും വേദനിച്ചിട്ടുണ്ട്. മരണത്തിനു രണ്ടാഴ്ച്ച മുന്‍പേ രണ്ടുപേര്‍ ബൈക്കില്‍ വന്ന് മാലപൊട്ടിക്കാന്‍ ശ്രമിച്ചതാണ്. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അടുക്കള വാതില്‍ പൊളിച്ച് ആരോ അകത്തു കടന്നു. പിന്നെയും കുറച്ചു ദിവസം കഴിഞ്ഞപ്പോളാണ് വീടിന്റെ ഓട് ഇളക്കിമാറ്റി അകത്ത് കടന്ന് അവരെ കൊലപ്പെടുത്തിയത്. എല്ലാവരോടും വളരെ സ്‌നേഹമുള്ള സ്ത്രീയായിരുന്നു. വേദനയോടെയല്ലാതെ അവരെ ഓര്‍ക്കാന്‍ കഴിയില്ല.'

ഈ കേസില്‍ സംശയദൃഷ്ടി പതിഞ്ഞ മറ്റൊരു കഥാപാത്രമാണ് ഹോട്ടല്‍ ജീവനക്കാരനായ ബിജു ജോണ്‍. ഒന്‍പതാം സാക്ഷിയായ ബിജു ജോണ്‍ ഹോട്ടലില്‍ മേശ തുടയ്ക്കുന്ന ജോലിയാണ് ചെയ്തിരുന്നത്. ഇയാളും പ്രതിയായ ജയേഷും ഒരേ മുറിയിലായിരുന്നു കിടന്നുറങ്ങിയിരുന്നത്. ബിജു ജോണും അനാഥനാണ്. കൈക്കുഞ്ഞായിരുന്നപ്പോള്‍ ലിറ്റില്‍ ഫ്‌ളവര്‍ ഓര്‍ഫനേജില്‍ ആരോ ഉപേക്ഷിച്ചതാണ്. പിന്നീട് ചെറുവണ്ണൂര്‍ ക്രിസ്ത്യന്‍ ഓര്‍ഫനേജില്‍ ആയിരുന്നു വളര്‍ന്നത്. അച്ഛനെയും അമ്മയെയും കണ്ടിട്ടില്ല. എസ്.എസ്.എല്‍.സി വരെയേ പഠിച്ചിട്ടുള്ളു. പഠിത്തം നിര്‍ത്തിയ ശേഷം സിറ്റി ലൈറ്റ് ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു. ഇയാള്‍ ബോധിപ്പിച്ചതും പരസ്പര വിരുദ്ധമായ മൊഴികളായിരുന്നു. 

പ്രതിയെന്ന് ആരോപിച്ച് ജയിലിലടയ്ക്കപ്പെട്ട ജയേഷിനും തന്റെ അച്ഛനും അമ്മയും ആരെന്ന് അറിയില്ല. ഒന്നര വര്‍ഷത്തോളം ഈ കേസില്‍ പ്രതിയാക്കി ജയിലില്‍ അടച്ച ജയേഷിന്റെ വിധി തികച്ചും വ്യത്യസ്തമായിരുന്നു.

ജയില്‍മോചിതനായ ശേഷം പന്നിയങ്കര പോലീസ് സ്റ്റേഷനില്‍ ഐ.പി.സി 457,380 പ്രകാരം രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ ജയേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. 2015 മെയില്‍ പരാതിക്കാരന്റെ സഹോദരിയുടെ വിവാഹത്തോടനുബന്ധിച്ച് പയ്യാനക്കലിലെ വീട്ടില്‍ക്കയറി 19,000 രൂപ മോഷ്ടിച്ചുവെന്നതാണ് കേസ്. 2016 ഏപ്രില്‍ 18 ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ബിജു മേനോന്‍ ഈ കേസിലും ജയേഷ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിടുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഇയാള്‍ 11 മാസം ജയിലില്‍ കഴിഞ്ഞു. 

സമൂഹത്തിനു മുന്നില്‍ ഹാജരാക്കാന്‍ വേണ്ടി മാത്രം കുറ്റവാളികളെ സൃഷ്ടിക്കുന്ന പോലീസിന്റെ ധാര്‍മികതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ഒരിക്കല്‍ കുറ്റവാളിയായ മനുഷ്യന്‍ ജയില്‍ മോചിതനായാല്‍ സംഭവിക്കുന്നതെന്താണ്? അയാളെ അനുഭാവപൂര്‍വം നോക്കുന്നവര്‍ക്ക് കുറ്റവാളിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നയാള്‍ എന്ന ലേബല്‍ പതിച്ചുകൊടുക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. ഒറ്റയ്ക്ക് നടന്നതുകൊണ്ടാണോ ജയേഷ് ശിക്ഷിക്കപ്പെട്ടത്? ഒറ്റയ്ക്ക് ജീവിച്ചതുകൊണ്ടാണോ സുന്ദരിയമ്മയെ വെട്ടി നുറുക്കി കൊലപ്പെടുത്തിയത്? രാഷ്ട്രീയ പാര്‍ട്ടികളുടെ അനുഭാവികളല്ലാത്ത നിരപരാധികള്‍ക്ക് നിയമക്കുരുക്കില്‍ നിന്നും ഊരിപ്പോകാന്‍ കഴിയാത്ത വ്യവസ്ഥിതിയാണോ നമ്മുടെ സമൂഹത്തിലുള്ളത്?

സാഹചര്യത്തെളിവുകളെ അടിസ്ഥാനമാക്കിയുള്ള കേസുകളില്‍ പ്രതിക്കെതിരെ ഒരു തരത്തിലുള്ള സംശയങ്ങളും അവശേഷിക്കാത്ത വിധത്തില്‍ കേസ് തെളിയിക്കാന്‍  പ്രോസിക്യൂഷന് കഴിയണം. സാഹചര്യങ്ങളും വസ്തുതകളും പ്രതി ചെയ്ത അപരാധത്തോട് യോജിച്ചാല്‍ മാത്രം പോര. പ്രതിയില്‍ ഒരു അംശം പോലും നിരപരാധിത്വം ഉണ്ടാകാന്‍ പാടില്ലെന്ന സുപ്രീം കോടതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകക്കേസുകള്‍ കോടതിയില്‍ വിസ്തരിക്കപ്പെടുന്നത്.

ജയേഷ് കുറ്റവാളിയാണെങ്കില്‍ ശിക്ഷിക്കപ്പെടണം. മറ്റാരെങ്കിലുമാണ് പ്രതിയെങ്കില്‍ പുനരന്വേഷണം നടത്തി അയാളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടു വരണം. ഈ കേസില്‍ സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകനായ എം. അനില്‍ കുമാര്‍ തന്റെ അനുഭവത്തില്‍ നിന്ന് ഓര്‍മപ്പെടുത്തുന്നത് ഇതാണ്- 'അനീതി മഴയായി പെയ്യുമ്പോള്‍ മൗനം കുറ്റകരമാണ്.'

(അവസാനിച്ചു)