ചുരുളഴിയാത്ത മിക്കവാറും എല്ലാ കൊലപാതകക്കേസുകളിലും യഥാര്‍ത്ഥ തെളിവുകള്‍ നശിപ്പിക്കുന്നതും വ്യാജ തെളിവുകള്‍ സൃഷ്ടിക്കുന്നതും അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെയാണ്. ദൃക്സാക്ഷികളില്ലാത്തതും സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ വിചാരണ നേരിടുന്നതുമായ കേസുകളില്‍ കൃത്രിമമായി തെളിവുകളുണ്ടാക്കുന്നത് പ്രതിക്ക് സംശയത്തിന്റെ ആനുകൂല്യം ലഭിക്കുന്നതിന് കാരണമാകുന്നുവെന്നതിനുള്ള ഉദാഹരണമാണ് സുന്ദരിയമ്മ വധക്കേസിലെ വിചാരണ.
ലോക്കല്‍ പോലീസിനുവേണ്ടി ഈ കേസ് അന്വേഷിച്ച സി.ഐ പ്രമോദിന് പറയാനുള്ളത് ഇതാണ്.
'ഈ കേസില്‍ പോലീസിന്റെ കണ്ടെത്തലുകളും കോടതിയുടെ കണ്ടെത്തലുകളുമുണ്ട്. പോലീസ് കണ്ടെത്തിയ തെളിവുകള്‍ തെറ്റായിരുന്നുവെന്ന് കോടതി കണ്ടെത്തി. ഇനി ഒരു അഭിപ്രായം പറയുന്നതില്‍ അര്‍ഥമില്ല. പോലീസ് എന്തു കണ്ടെത്തി എന്നതിന് ഇനി ഇവിടെ പ്രാധാന്യമില്ല. ശക്തമായ സാക്ഷിമൊഴികളും തെളിവുകളുമാണ് കോടതിക്കു വേണ്ടത്. അത് ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. സിറ്റിലൈറ്റ് ഹോട്ടലില്‍ നിന്നും 1000 രൂപ ജയേഷ് മോഷ്ടിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ജയേഷിൽ എത്തിയത്. എന്നാല്‍ കേസ് പരാജയപ്പെട്ടത് അവനിലേക്ക് എത്താനുള്ള തെളിവുകളുടെ അഭാവം കൊണ്ടായിരുന്നു. എന്നിരുന്നാലും ചിലത് പറയാതിരിക്കാന്‍ വയ്യ. സുന്ദരിയമ്മ താമസിച്ചിരുന്ന പ്രദേശത്തിനടുത്തുള്ളവര് കുറെക്കൂടി ജാഗരൂകരായിരുന്നെങ്കില് അര്‍ദ്ധരാത്രി പ്രതി ഓടിപ്പോകുമ്പോള്‍ തന്നെ പിടികൂടാമായിരുന്നു.'
ഇവിടെ ക്രൈംബ്രാഞ്ചിലെ അന്വേഷണ ഉദ്യോഗസ്ഥന് തെളിവായി കോടതിയില്‍ ഹാജരാക്കിയ കത്തിയുടെ പിന്നില്‍ വിസ്തരിക്കപ്പെടേണ്ട ഒരു ചരിത്രം തന്നെയുണ്ട്. കത്തിയുടെ വെട്ടാനുപയോഗിക്കുന്ന മൂര്‍ച്ചയുള്ള ഭാഗത്തിന്റെ നീളം 38 സെന്റീമീറ്ററാണ്. 4 സെ.മീ വീതിയാണ് ഈ ഭാഗത്തുള്ളത്. കത്തിയുടെ പിടിയുടെ ഭാഗത്തിന് 13 സെ.മീ നീളം മാത്രമാണുണ്ടായിരുന്നത്. പിച്ചള കൊണ്ട് നിര്‍മിച്ച ഒരു വളയം കത്തിയുടെ പിടിയിലുണ്ടായിരുന്നു. 320 ഗ്രാം ആണ് കത്തിയുടെ ആകെ ഭാരം.
ക്രൈംബ്രാഞ്ച് ഹാജരാക്കിയ ഈ കത്തി കൊണ്ട് അതിക്രൂരമായി 29 വെട്ട് വെട്ടി ഒരാളെ കൊല്ലാന്‍ കഴിയില്ലെന്നത് ആര്‍ക്കും മനസ്സിലാക്കാവുന്ന കാര്യമാണ്. നീളമുള്ള പിടിയുള്ള എന്തെങ്കിലും ആയുധം ഉപയോഗിച്ചു മാത്രമേ ഇത്തരത്തില്‍ ഒരാളെ പൈശാചികമായി വെട്ടിപ്പരിക്കേല്‍പ്പിക്കാന്‍ കഴിയുകയുള്ളുവെന്നത് വിധിന്യായത്തില്‍ വ്യക്തമാക്കുന്നുണ്ട്.
തിരുവച്ചിറ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കുളത്തിലെ ചെളിയില്‍ പതിനാലു മാസം പൂണ്ടു കിടന്ന കത്തിയില്‍ തുരുമ്പിന്റെ അംശം അല്‍പ്പം പോലും ഇല്ലെന്നതാണ് അവിശ്വസനീയമായ മറ്റൊരു കാര്യം. ഇരുമ്പു കത്തിയില്‍ ഒരുപാട് രാസപ്രവര്‍ത്തനങ്ങള്‍ സംഭവിക്കുമെന്ന് ജഡ്ജി വിധിന്യായത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇത്രയും കാലം വെള്ളത്തില്‍ മുങ്ങിക്കിടന്ന കത്തിയില്‍ ഫെറസ് ഓക്സൈഡും ഫെറിക് ഓക്സൈഡും തുരുമ്പിന്റെ രൂപത്തില്‍ പറ്റിപ്പിടിക്കുമെന്ന് നിസ്സംശയം പറയാവുന്നതാണ്. പാഴ്ത്തടി കൊണ്ടുണ്ടാക്കുന്ന കത്തിയുടെ പിടി വെള്ളത്തില്‍ കിടന്ന് ദ്രവിക്കുകയും ചെയ്യും. അതുപോലെ തന്നെ കത്തിയുടെ പിടി നിര്‍മിച്ചിരിക്കുന്നത് പിച്ചള കൊണ്ടായതിനാല്‍ ഹൈഡ്രജന്‍ സള്‍ഫേറ്റ്, കോപ്പര്‍ സള്‍ഫേറ്റ് എന്നിവ അടിഞ്ഞുകൂടി നീലനിറം വ്യാപിച്ചിരിക്കും. ഇതൊന്നും കോടതിയില്‍ തെളിവായി ഹാജരാക്കിയ കത്തിയില്‍ കാണുന്നില്ല.
തിരുവച്ചിറ ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപമുള്ള കുളം
പോലീസുകാര്‍ മുങ്ങല്‍ വിദഗ്ദ്ധനെ കൊണ്ടുവന്ന് ആ കത്തി കണ്ടുപിടിക്കുന്നതിന് തൊട്ടുമുന്‍പായി പുതിയ കത്തി കൊണ്ടു വന്ന് കുളത്തില്‍ ഇട്ടതാണെന്ന് കോടതി കണ്ടെത്തി. കോണ്‍വെക്സ് ലെന്‍സ് ഉപയോഗിച്ച് ജഡ്ജി തന്നെ ആ കത്തി പരിശോധിക്കുകയും തുരുമ്പിന്റെയും കോപ്പര്‍ സള്‍ഫേറ്റിന്റെയും സാന്നിദ്ധ്യം അതിലില്ലെന്ന് കണ്ടെത്തുകയും ചെയ്തു.
രക്തത്തിന്റെ സാമ്പിള്‍ കണ്ടെത്തുന്ന പ്രെസിപ്പിറ്റിന് ടെസ്റ്റ് വഴിയാണ് കൊലപാതകം നടത്താൻ ഉപയോഗിച്ച ആയുധം തിരിച്ചറിയുന്നത്. പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്ന തരത്തിലുള്ള ആഴത്തിലുള്ള മുറിവുകള്‍ സുന്ദരിയമ്മയുടെ ശരീരത്തില്‍ ഉണ്ടാകണമെങ്കില്‍ കത്തി പൂര്‍ണമായും ചോരയില്‍ കുതിര്‍ന്നിരിക്കണം. എന്നാല്‍ കെമിക്കല്‍ ലാബില്‍ നിന്നും വന്ന റിപ്പോര്‍ട്ടില്‍ രക്തത്തിന്റെ അംശം കണ്ടെത്തിയിരുന്നില്ല.
വെട്ടേറ്റ സുന്ദരിയമ്മയെ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലാണ് പ്രവേശിപ്പിച്ചത്. അവരെ ആദ്യം പരിശോധിച്ചതും ശരീരത്തിലെ മുറിവുകള്‍ രേഖപ്പെടുത്തിയതും ഈ കേസിലെ 36ാം സാക്ഷിയായ ഡോ: വിനീത് റാവുവായിരുന്നു. അയാളുടെ മൊഴി അനുസരിച്ച് 11 മുറിവുകള്‍ മാത്രമാണ് ശരീരത്തില്‍ ഉണ്ടായിരുന്നത്. ബാക്കിയെല്ലാം വളരെ ചെറിയതും കാര്യമാക്കേണ്ടതില്ലാത്തതുമായ മുറിവുകളാണ്.
പത്താം നമ്പര്‍ മുറിവ് മാത്രമാണ് അല്‍പ്പം ഗുരുതരമായി പരിഗണിക്കേണ്ടതെന്നാണ് ഡോക്ടര്‍ വിനീത് റാവു പറയുന്നത്. 'എല്‍' ആകൃതിയിലുള്ളതും 'ആര്‍ക്ക്' ആകൃതിയിലുള്ളതുമായ മുറിവുകള്‍ അദ്ദേഹം കണ്ടിട്ടില്ല. അതുമാത്രമല്ല, തലയോട്ടി പിളര്‍ന്നിട്ടുള്ള മുറിവ് താന്‍ കണ്ടിട്ടില്ലെന്നു കൂടി ഡോക്ടര്‍ മൊഴി നല്കിയിരുക്കുന്നു. ഒരു കള്ളനാണ് കൊലപാതകം നടത്തിയത് എന്ന് സ്ഥാപിച്ചെടുക്കാനായിരുന്നു ഡോക്ടര്‍ ശ്രമിച്ചത്.
21 ാം സാക്ഷിയായ ഡോ.കെ കൃഷ്ണകുമാറാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയത്.അദ്ദേഹത്തിന്റെ മൊഴി അനുസരിച്ച് സുന്ദരിയമ്മയുടെ ശരീരത്തില്‍ 29 മുറിവുകളുണ്ടായിരുന്നു. എല്ലാ മുറിവുകളും ആയുധം ഉപയോഗിച്ച് വെട്ടിയാല്‍ സംഭവിക്കുന്ന തരത്തിലുള്ളതാണെന്നു തന്നെയാണ് അദ്ദേഹം കണ്ടെത്തിയത്. അതില്‍ ഇരുപതാമത്തെ മുറിവ് 'എല്‍' ആകൃതിയിലുള്ള മുറിവായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുപത്തെട്ടാമത്തെ മുറിവ് 'റിവേഴ്സ് എല്‍' ആകൃതിയിലും കാണപ്പെടുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
ഒന്നാമത്തെ മുറിവ് തലയോട്ടി പിളര്‍ന്ന് തലച്ചോറ് പുറത്തു കാണുന്ന രീതിയിലുള്ളതായിരുന്നു. പന്ത്രണ്ടാമത്തെയും പതിമൂന്നാമത്തെയും മുറിവുകള്‍ തലയോട്ടിയെ പിളര്ക്കുന്നവയായിരുന്നു. ജഡ്ജിയുടെ വിധിന്യായത്തില്‍ വലിയ വാള് പോലെയുള്ള ആയുധം കൊണ്ട് വെട്ടിയാല്‍ മാത്രമേ ഇതുപോലെ 'ആര്‍ക്ക്' ,' എല്‍' ആകൃതിയിലുള്ള മുറിവുകള്‍ ഉണ്ടാകുകയുള്ളുവെന്ന് വ്യക്തമാക്കുന്നുണ്ട്. സുന്ദരിയമ്മയെ ആദ്യം പരിശോധിച്ച ഡോ: വിനീത് റാവുവിന് ഈ 29 മുറിവുകള്‍ കണ്ടെത്താന്‍ കഴിയാതെ പോയത് എന്തുകൊണ്ടാണ്?
34 ാം സാക്ഷിയായ സബ് ഇന്സെപ്ക്ടറുടെ മൊഴിയില്‍ വ്യക്തമായി ഇങ്ങനെ പറയുന്നുണ്ട്: 'സംഭവത്തെപ്പറ്റി പുലര്‍ച്ചെ രണ്ടു മണിക്ക് സ്റ്റേഷനില്‍ വിവരം ലഭിച്ചിരുന്നു.അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്മാര് ആ വിവരം രേഖപ്പെടുത്തിയോ എന്ന് ഞാന്‍ അന്വേഷിച്ചില്ല. ഒരു സത്രീക്ക് വെട്ടേറ്റു എന്ന വിവരമാണ് സ്റ്റേഷനില്‍ ലഭിച്ചത്' . ഇതില്‍ നിന്നും കള്ളന് കുത്തിക്കൊലപ്പെടുത്തിയതല്ല മരണകാരണമെന്ന് ആലോചിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്.
കൊലചെയ്യപ്പെട്ടയാള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കൊലപാതകക്കേസുകളിലെ പ്രധാന തെളിവാണ്. ഈ കേസില്‍ പന്നിയങ്കര ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ ഹാജരാക്കിയ മൊബൈല്‍ ഫോണ്‍, മഹസര്‍ പ്രകാരം ബന്തവസ്സിലെടുത്തിട്ടില്ല. പകരം സുന്ദരിയമ്മയുടെ കുടുംബാംഗങ്ങള്‍ക്ക് കച്ചീട്ടില്‍ വിട്ടുകൊടുക്കുകയായിരുന്നു.
ഈ കേസിലെ 30 ാം സാക്ഷിയായ പന്നിയങ്കര ഗ്രേഡ് സബ് ഇന്‍സ്പെക്ടറുടെ മൊഴി പ്രകാരം അദ്ദേഹം മൊബൈല്‍ സി.ഐ പ്രമോദിനെ ഏല്‍പ്പിച്ചിട്ടുണ്ട്. അത് കോടതിയില്‍ ഹാജരാക്കിയോ എന്ന് തനിക്ക് അറിയില്ലെന്നാണ് അയാള്‍ പറഞ്ഞത്. മരണപ്പെട്ട സുന്ദരിയമ്മയുടെ മൊബൈലിലെ വിവരങ്ങള്‍ സുപ്രധാന തെളിവാണെന്ന് പോലീസുകാര്‍ക്ക് ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. എന്നിട്ടും ഇത് ഹാജരാക്കാതിരുന്നത് തെളിവു നശിപ്പിക്കുന്നതിന്റെ ഭാഗമാണെന്ന് കോടതി കണ്ടെത്തി.
വിചാരണവേളയില്‍ തെളിവായി രണ്ടു ജോഡി ചെരുപ്പുകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ ചെരുപ്പുകള്‍ സംഭവസ്ഥലത്ത് ചാരിവെച്ച കോണിയുടെ സമീപത്ത് നിന്ന് കിട്ടിയതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞത്. ചെരുപ്പുകള്‍ പ്രതിക്ക് പാകമാകുന്നതാണോ എന്ന് പരിശോധിച്ചിരുന്നോ എന്ന അഭിഭാഷകന്റെ ചോദ്യത്തിന് അദ്ദേഹം നല്കിയ മറുപടി ' പരിശോധിച്ചില്ല' എന്നാണ്. എന്തുകൊണ്ടാണ് താങ്കള്‍ പരിശോധിക്കാതിരുന്നതെന്ന ചോദ്യത്തിന് അന്വേഷണ ഉദ്യോഗസ്ഥന് ഒരക്ഷരം പോലും മിണ്ടിയില്ല. ആ ചെരുപ്പ് പ്രതിക്ക് പാകമാകില്ലെന്ന് അദ്ദേഹത്തിന് നേരത്തെ അറിയാമായിരുന്നുവെന്ന സംശയം ബലപ്പെടാൻ ഇതാണ് കാരണം.
സി.ഐ പ്രമോദിന്റെ മൊഴി അനുസരിച്ച് പ്രതി മേല്‍ക്കൂരയുടെ ഓട് നീക്കിയാണ് അകത്ത് കയറിയിരിക്കുന്നത്. മേല്‍ക്കൂരയില്‍ ഓട് മാറ്റിവെച്ചതായി കണ്ടിരുന്നു. എന്നാല്‍ ആ ഓട് ബന്തവസ്സിലെടുത്തിട്ടില്ല. കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ ഓട് മാറ്റിവെച്ച സ്ഥലത്ത് പ്ലാസ്റ്റിക് ഷീറ്റ് ഇട്ടിരുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ മൊഴി. ഒറ്റ രാത്രി കൊണ്ട് ഓട് പൊളിച്ച് കൊല നടത്തിയ പ്രതി പ്ലാസ്റ്റിക് ഷീറ്റും മേല്‍ക്കൂരയില്‍ വിരിച്ചിട്ടാണോ കടന്നു കളഞ്ഞത്? അന്വേഷണ ഉദ്യോഗസ്ഥന്റെ ഈ മൊഴിയും കോടതി തള്ളിക്കളയുകയായിരുന്നു.
സുന്ദരിയമ്മയുടെ മരണവിവരമറിഞ്ഞ് മെഡിക്കല്‍ കോളേജിലെത്തി ഇന്‍ക്വസ്റ്റ് നടത്തിയ സി.ഐ പ്രമോദ് അവരുടെ പക്കല്‍ നിന്നും ലഭിച്ച സ്വര്‍ണാഭരണങ്ങളും പണവും കോടതിയില്‍ ഹാജരാക്കിയിട്ടില്ല. 151 എ ഫോം പ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് കണ്ടെടുക്കുന്ന മുതലുകള്‍ കോടതിയില്‍ ഹാജരാക്കണമെന്ന് നിര്‍ബന്ധമാണ്. അതിനു പകരം ഇവയെല്ലാം സുന്ദരിയമ്മയുടെ മകള്‍ക്ക് കച്ചീട്ടില്‍ വിട്ടുകൊടുക്കുകയായിരുന്നു. അച്ചടക്കമുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന് യോജിച്ച നടപടിയല്ല ഇതെന്ന് വിധിന്യായത്തില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു.
സംഭവസ്ഥലത്തു നിന്ന് സി.ഐ പ്രമോദ് കണ്ടെടുത്ത കറുപ്പ് നിറത്തിലുള്ള ഒരു പേഴ്സ് ഉണ്ടായിരുന്നു. അത് ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കുകയോ കോടതിയില്‍ ഹാജരാക്കുകയോ ചെയ്തിട്ടില്ല. ഇതിനെപ്പറ്റി വിശദീകരണം തരാന്‍ ഉദ്യോഗസ്ഥന് കഴിഞ്ഞിട്ടില്ലെന്ന് കോടതി കണ്ടെത്തുന്നു. അതേസമയം ക്രൈംബ്രാഞ്ച് സി.ഐ ഒന്നര വര്‍ഷത്തിനുശേഷം മറ്റൊരു കറുത്ത പേഴ്സ് ജയേഷിന്റെ മുറിയില്‍ നിന്നും കണ്ടെടുക്കുകയും ചെയ്തു. ഇത് ഗൗരവപൂര്‍വം കാണേണ്ടതാണ്.
മറ്റു ചില വസ്തുക്കള്‍ കോടതിയില്‍ ഹാജരാക്കിയതില്‍ നിന്നും സുന്ദരിയമ്മയുടെ വിലപ്പെട്ട പലതും മോഷ്ടിച്ചത് ജയേഷ് ആണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു. പോലീസ് സി.ഐയും ക്രൈംബ്രാഞ്ച് സി.ഐയും ചേര്‍ന്ന് തെളിവു നശിപ്പിക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമാണിതെന്ന് ജഡ്ജി വിധിന്യായത്തില്‍ വ്യക്തമാക്കുന്നു. ഐ.പി.സി സെക്ഷന്‍ 201 പ്രകാരമുള്ള തെളിവ് നശിപ്പിക്കലാണ് ഇവിടെ നടന്നിരിക്കുന്നത്. സംശയത്തിന്റെ ആനുകൂല്യത്തില്‍ പ്രതിയെ വെറുതെ വിടാന്‍ കോടതിക്ക് അധികമൊന്നും ആലോചിക്കേണ്ടി വന്നില്ലെന്നതാണ് സത്യം.
(തുടരും)