സുന്ദരിയമ്മ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി എടുക്കാന്‍ ഉത്തരവിട്ട വിധിന്യായത്തിലെ പ്രസക്തഭാഗങ്ങളാണ് ഇത്. ക്രൈംബ്രാഞ്ച് സി.ഐ ആയിരുന്ന ഇ.പി പൃഥ്വീരാജ്  ഈ കേസിലെ നിജസ്ഥിതിയെക്കുറിച്ച്  പ്രതികരിക്കാന്‍ തയ്യാറായില്ല. 16.1.2015 ന് പുറത്തുവന്ന ഹൈക്കോടതിയുടെ ഉത്തരവു പ്രകാരം, അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയ അപ്പീലുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. 

സുന്ദരിയമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഐ.പി.സി. സെക്ഷന്‍ 450, 397, 201, 302 പ്രകാരം പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെച്ചിരിക്കുന്നുവെന്ന വിവരണവുമായാണ് വിധിന്യായം തുടങ്ങുന്നത്.. സംഭവം നടന്നിരിക്കുന്നത് 2012 ജൂലായ് 21-ന് പുലര്‍ച്ചെ 1.30-നാണ്. കൊല്ലപ്പെട്ട സുന്ദരിയമ്മ താമസിച്ചിരുന്ന മീഞ്ചന്ത ബൈപ്പാസിലെ ഹംസക്കോയയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ നാല് മുറികളുണ്ട്. റൂം നമ്പര്‍ 21/4029 ലാണ് സുന്ദരിയമ്മ താമസിച്ചിരുന്നത്. കെട്ടിടത്തിന്റെ കിഴക്കേ അറ്റത്തുളള മുറിയായിരുന്നു ഇത്.

CHIRAKKAL
സുന്ദരിയമ്മ താമസിച്ചിരുന്ന ചിറക്കല്‍ ലൈന്‍
 

പടിഞ്ഞാറു വശത്തുള്ള മുറിയില്‍ താമസിച്ചിരുന്നത് രണ്ടാം സാക്ഷിയായ രഘുപതിയും കുടുംബവുമായിരുന്നു. തൊട്ടടുത്ത മുറിയില്‍ സാവിത്രി അമ്മയും അതിനുമപ്പുറത്തുള്ള മുറിയില്‍ ഒന്നാം സാക്ഷിയായ ദിവാകരനുമായിരുന്നു താമസിച്ചിരുന്നത്. മീഞ്ചന്ത ബൈപ്പാസില്‍നിന്ന് ആരംഭിക്കുന്ന ഒരു ചെറിയ റോഡ് മുറിയുടെ പടിഞ്ഞാറു ഭാഗത്തുകൂടി കടന്നുപോകുന്നുണ്ട്. സുന്ദരിയമ്മയുടെ മുറിയിലേക്ക് പ്രവേശിക്കാനുള്ള ഒരേ ഒരു വഴി ഇതാണ്. കെട്ടിടത്തിന്റെ തെക്കുഭാഗത്തുള്ള കക്കൂസിന്റെയും കുളിമുറിയുടെയും ഇടയിലുള്ള വഴിയിലൂടെ കെട്ടിട ഉടമയായ ഹംസക്കോയയുടെ വീട്ടിലേക്ക് പോകാം. ഈ കേസിലെ ഏഴാം സാക്ഷിയായ ഭൂവുടമയുടെ മരുമകന്‍ പണികഴിപ്പിക്കുന്ന പണിതീരാത്ത ഒരു കെട്ടിടവും ഇവിടെ ഉണ്ട്.

കോടതിയുടെ തുടര്‍ന്നുള്ള നിരീക്ഷണം ഇങ്ങനെ: ഈ കേസിലെ ആറാം സാക്ഷിയായ സുന്ദരിയമ്മയുടെ കൊച്ചുമകള്‍ കുറേക്കാലം അവരോടൊപ്പം താമസിച്ചിരുന്നു. കൊലപാതകം നടക്കുന്നതിന് കുറച്ചുദിവസങ്ങള്‍ക്കു മുമ്പ്  അവള്‍ മാതാപിതാക്കളോടൊപ്പം വയനാട്ടിലേക്കു പോയി. സുന്ദരിയമ്മയുടെ കൈവശം ധാരാളം പണമുണ്ടയിരുന്നുവെന്ന് ആരോപിക്കപ്പെടുന്നു. കൊല്ലപ്പെടുന്നതിന് മുമ്പ് സുന്ദരിയമ്മ ഇഡ്ഡലി വില്‍ക്കാറുണ്ടായിരുന്ന എല്ലാ ഹോട്ടലുകളില്‍നിന്നും  തനിക്ക് കിട്ടാനുള്ള പണം മുഴുവന്‍ വാങ്ങിയിരുന്നു. റംസാന്‍ കാലം ആയിരുന്നതുകൊണ്ട് ഹോട്ടലുകള്‍ അടച്ചതുകാരണം സുന്ദരിയമ്മ ഇഡ്ഡലി വില്‍പ്പന നിര്‍ത്തിയിരുന്നു. 

ROOM
സുന്ദരിയമ്മയുടെ വീട്‌
 

സുന്ദരിയമ്മയുടെ വീട്ടിലെ സന്ദര്‍ശകനായിരുന്ന ജയേഷ് മോഷണശ്രമത്തിനിടയില്‍ കൊലപാതകം നടത്തിയെന്നാണ് ആരോപണം. ഒന്നാം സാക്ഷിയും രണ്ടാം സാക്ഷിയും അവരുടെ കുടുംബാംഗങ്ങളോടൊപ്പം സംഭവസ്ഥലത്തേക്ക ഓടിയെത്തുകയും ഫയര്‍ ഫോഴ്‌സിലും പോലീസിലും വിവരം അറിയിക്കുകയുമായിരുന്നു. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ വെച്ച് പുലര്‍ച്ചെ 4.15 ന് സുന്ദരിയമ്മ മരണപ്പെട്ടു.

ജഡ്ജിയുടെ വിശകലനത്തിന്റെ അടുത്തഘട്ടം സുന്ദരിയമ്മയുടെ മരണം കൊലപാതകമായിരുന്നോ എന്നതാണ്. വിധിന്യായം ഇങ്ങനെ തുടരുന്നു: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം സുന്ദരിയമ്മയുടെ ശരീരത്തില്‍ മരിക്കുന്നതിനു മുമ്പായി 29 മുറിവുകള്‍ ഉണ്ടായിരുന്നു. ആയുധമുപയോഗിച്ച് പരിക്കേല്‍പ്പിച്ചാല്‍ മാത്രം സംഭവിക്കാവുന്ന മുറിവുകള്‍ ആണ് ഇവയെല്ലാം. ഒന്നു മുതല്‍ 29 വരെയുള്ള മുറിവുകള്‍ സുന്ദരിയമ്മയുടെ മരണത്തിന് കാരണമാകുന്നവയാണെന്ന് നിസ്സംശയം പറയാം. ശരീരത്തിലെ മര്‍മപ്രധാനമായ ഭാഗങ്ങളില്‍ വെട്ടേറ്റാല്‍ മരണം സംഭവിക്കുമെന്ന കാര്യത്തില്‍ കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. 

സുന്ദരിയമ്മയുടെ ശരീരത്തില്‍ കാണുന്ന ഒന്നാമത്തെ മുറിവിന്റെ വ്യാപ്തി 8x0.5-1 സെ.മീ ആണ്. തലച്ചോറില്‍ ആഴത്തില്‍ സംഭവിച്ച ഈ മുറിവ് മൂക്കിന്റെ പാലത്തിന്റെ ഇടതുവശത്തുകൂടിയാണ് കാണപ്പെടുന്നത്. രണ്ടാമത്തെ മുറിവിന്റെ ആഴം 3x3xbone deep എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തലയുടെ മുന്‍വശത്ത് വലതുഭാഗത്തായാണ് ഈ മുറിവ്. അതിക്രൂരമായ രീതിയിലാണ് സുന്ദരിയമ്മ കൊലചെയ്യപ്പെട്ടതെന്ന് ജഡ്ജി വിധിന്യായത്തില്‍ വിശദീകരിക്കുന്നുണ്ട്. തലയോട്ടിയുടെ പലഭാഗങ്ങളും വെട്ടേറ്റ് പിളര്‍ന്നുപോയിരുന്നു. ഒരു കൈ വെട്ടുകൊണ്ട് അറ്റുതൂങ്ങിയിരുന്നു. പല മുറിവുകളും ആഴത്തില്‍ തലച്ചോറിലേക്ക് ഇറങ്ങിച്ചെല്ലുന്ന തരത്തിലുള്ളതായിരുന്നു. 

പ്രതിയെന്ന് സംശയിക്കുന്ന ആളുടെ തിരിച്ചറിയല്‍ പരേഡ് നടത്താതിരുന്നതിനെ വിധിന്യായത്തില്‍ ചോദ്യം ചെയ്യുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ കേസന്വേഷിച്ചയാള്‍ ആദ്യം ഒരു ചെരിപ്പ് നിര്‍മിച്ച് അത് ധരിക്കാന്‍ പാകമായ ഒരു കാല്‍ കണ്ടെത്തുകയായിരുന്നുവെന്ന് ജഡ്ജി വിധിയെഴുതുന്നു. 

വിധിന്യായത്തില്‍ പറയുന്നു: ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റിന്റെ 27 ാം സെക്ഷന്‍ അനുസരിച്ച് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത ആയുധത്തിന് കേസന്വേഷണത്തില്‍ നിര്‍ണായക പങ്കുണ്ട്. സുന്ദരിയമ്മയുടെ കൊലപാതകം നടത്താന്‍ ഉപയോഗിച്ചതെന്ന് പറഞ്ഞ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയ ആയുധം ഉപയോഗിച്ച് ആഴത്തിലുള്ള 29 മുറിവുകള്‍ ഉണ്ടാക്കുകയെന്നത് അവിശ്വസനീയമാണ്.  കൂടാതെ കുളത്തില്‍നിന്നു കണ്ടെടുത്ത കത്തി 14 മാസം തിരുവച്ചിറയിലെ വെള്ളത്തില്‍ മുങ്ങിക്കിടന്നുവെന്നു പറയുന്ന കത്തിയല്ലെന്നും കേസ് വിസ്താരത്തില്‍ കണ്ടെത്തുകയുണ്ടായി. 

മതിയായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടിരിക്കുന്നതിനാല്‍ സി.ആര്‍.പി.സി സെക്ഷന്‍ 235 പ്രകാരം ജയേഷ് നിരപരാധിയാണെന്ന് കണ്ടെത്തി കോടതി വെറുതെ വിടുന്നുവെന്ന് വിധിന്യായം. സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകന്‍  തന്റെ കര്‍ത്തവ്യം ഭംഗിയായി നിര്‍വഹിച്ച് ഈ കേസിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സഹായിച്ചുവെന്നും ഇവിടെ രേഖപ്പെടുത്തുന്നു. 

വിധിന്യായത്തിന്റെ അവസാന ഭാഗത്ത് ഇങ്ങനെ പറയുന്നു: പ്രതി കുറ്റം ചെയ്തുവെന്നതിന് തെളിവുകള്‍ ഒന്നും തന്നെയില്ല. ക്രൂരമായ കൊലപാതകം നടത്തിയത് മറ്റാരോ ആണെന്ന് വ്യക്തമാണ്. അതുകൊണ്ട് സി.ആര്‍.പി.സി സെക്ഷന്‍ 173(8)  പ്രകാരം പുനരന്വേഷണത്തിന് ഉത്തരവിടുന്നു. ഈ വിധിന്യായത്തിന്റെ ഒരു പകര്‍പ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ഡി.ജി.പിക്ക്‌ അയക്കുന്നു. ഈ കേസില്‍ പുനരന്വേഷണം നടത്താന്‍ കോഴിക്കോട് ക്രൈംബ്രാഞ്ചിലെ പോലീസ് സൂപ്രണ്ടിനെ നിയോഗിക്കുന്നു. പ്രതിയെന്ന് ആരോപിച്ച് ഒരു വര്‍ഷത്തില്‍ക്കൂടുതല്‍ ജയേഷിനെ തടവില്‍ പാര്‍പ്പിച്ചതിനാല്‍ നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ അന്വേഷണോദ്യോഗസ്ഥന്‍ നല്‍കണമെന്നും ഉത്തരവിടുന്നു.

ഇതുവരെ പുനരന്വേഷണം നടത്താത്ത ഈ ക്രൂരമായ കൊലപാതക കഥയില്‍ ഇന്ന് കുറ്റവാളിയായി ആരുമില്ല. സ്വയം 29 വെട്ടുകള്‍ വെട്ടി ഇഹലോകവാസം വെടിഞ്ഞതായിരിക്കുമോ സുന്ദരിയമ്മ? ഈ കൊലപാതകക്കേസിലെ പ്രധാനപ്പെട്ട തെളിവുകള്‍ നശിപ്പിക്കപ്പെട്ടതെങ്ങനെ?

(തുടരും)