നിരപരാധിയായ ഒരാളെ പ്രതിയാക്കുന്നതില്‍ സാക്ഷിമൊഴികള്‍ക്ക് എത്രത്തോളം പങ്കുണ്ട്? പ്രതിക്ക് ശിക്ഷ വിധിക്കുന്നതിലും അയാളെ വെറുതെ വിട്ടയക്കുന്നതിലും സാക്ഷിമൊഴികള്‍ക്ക് നിര്‍ണായക പങ്കുണ്ട്.

ജയേഷിനെ സുന്ദരിയമ്മയുടെ ഘാതകനാക്കി അവതരിപ്പിച്ചുവെങ്കിലും കോടതിമുറിയില്‍ പരാജയപ്പെട്ടു. ഒറ്റയ്ക്ക് താമസിച്ചിരുന്ന സുന്ദരിയമ്മയെ പാതിരാത്രി വീട്ടില്‍ കയറിവന്ന് വെട്ടിക്കൊലപ്പെടുത്തിയത് ജയേഷ് തന്നെയാണെന്ന് സ്ഥാപിച്ചെടുക്കാന്‍ സാക്ഷികള്‍ക്ക് കഴിഞ്ഞില്ല.

മാറാട് സെഷന്‍സ് കോടതിയില്‍ സര്‍ക്കാര്‍ നിയമിച്ച അഭിഭാഷകന്റെ മുമ്പാകെ വിസ്തരിക്കപ്പെട്ട സാക്ഷികള്‍ നല്‍കിയ പരസ്പര വിരുദ്ധമായ മൊഴികളാണ് പ്രതിയെന്ന് ആരോപിക്കപ്പെട്ട ജയേഷിനെ നിരപരാധിയാക്കി മാറ്റിയത്. 

ദൃക്‌സാക്ഷികളില്ലാതിരുന്ന ഈ കേസില്‍ 2014 ആഗസ്ത് 22 മുതല്‍ 2014 ഒക്ടോബര്‍ 14 വരെ മാറാട് സെഷന്‍സ് കോടതിയില്‍ വിസ്തരിക്കപ്പെട്ടത് 39 സാക്ഷികള്‍! 52 രേഖകളും 16 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കിയെങ്കിലും അവയൊന്നും തന്നെ ജയേഷ് ആണ് കൊലപാതകിയെന്ന് സംശയാതീതമായി തെളിയിക്കാന്‍ പര്യാപ്തമായിരുന്നില്ലെന്ന നിഗമനത്തിലാണ് കോടതി എത്തിച്ചേര്‍ന്നത്.

 'ലീഗല്‍ സര്‍വീസ് അതോറിറ്റിക്കുവേണ്ടി, കസ്റ്റഡിയില്‍ കിടക്കുന്ന പ്രതിക്ക് നിയമസഹായം നല്‍കുക മാത്രമാണ് ഞാന്‍ ഇവിടെ ചെയ്തിട്ടുള്ളത്'  സര്‍ക്കാരിന്റെ അഭിഭാഷകനായ അഡ്വ.എം അനില്‍ കുമാര്‍ പറയുന്നു.

ഈ കേസിലെ ഒന്നാം സാക്ഷിയായ ദിവാകരന്‍, സുന്ദരിയമ്മ താമസിച്ചിരുന്ന കെട്ടിടത്തിലെ ലൈന്‍മുറിയില്‍ 12 വര്‍ഷമായി താമസിച്ചിരുന്നയാളാണ്.അയാളുടെ വീടിന്റെ മുന്നിലൂടെ മാത്രമേ സുന്ദരിയമ്മയുടെ വീട്ടിലേക്ക് പോകാന്‍ കഴിയുകയുള്ളു. എന്നിട്ടും ദിവാകരന്‍ കോടതിയില്‍ ബോധിപ്പിച്ചത് ഇപ്രകാരമാണ്:

'അടുക്കള ഭാഗത്ത് ഞങ്ങള്‍ വന്നപ്പോള്‍ ഒരാള്‍ ഇരുട്ടിലേക്ക് ഓടിപ്പോകുന്നത് കണ്ടു. ശബ്ദം കേട്ട് സ്ഥലത്തേക്ക് ചെന്നപ്പോള്‍ രഘുപതിയും ഭാര്യയും മുന്‍വശത്ത് ഉണ്ടായിരുന്നു. ഓടിപ്പോയത് ഒരു പയ്യനായിരുന്നു. മുന്‍പരിചയം ഉണ്ടായിരുന്നില്ല. മുഷിഞ്ഞ ഡ്രസ്സായിരുന്നു അയാള്‍ ധരിച്ചിരുന്നത്. അയാളുടെ പുറകേ ഞാന്‍ ഓടി. കുറച്ചു ദൂരം പുറകേ ഓടിയപ്പോള്‍ അയാള്‍ തിരിഞ്ഞു നിന്നു. ടോര്‍ച്ചിന്റെ വെളിച്ചത്തിലും സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിലും അയാളുടെ മുഖം കണ്ടു. ഞാന്‍ ഒറ്റയ്ക്കായതുകൊണ്ട് അയാളെ പിടിക്കാന്‍ ശ്രമിച്ചില്ല. ഞാന്‍ പേടിച്ചു പോയി. അയാള്‍ ഓടിപ്പോയി.'  

പ്രതിയെന്ന് ആരോപിക്കപ്പെടുന്ന ജയേഷ് എട്ടു വര്‍ഷത്തോളമായി ദിവാകരന്റെ വീടിന്റെ മുന്നിലൂടെ സുന്ദരിയമ്മയുടെ വീട്ടിലേക്ക് പോയിരുന്നതാണ്. അങ്ങനെയൊരാളെ ദിവാകരന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന മൊഴി എത്രത്തോളം വിശ്വാസ്യയോഗ്യമാണ്?

സുന്ദരിയമ്മയെത്തേടിയെത്താറുണ്ടായിരുന്ന ജയേഷിനെ ഒരിക്കല്‍പ്പോലും ഒന്നാം സാക്ഷിയായ ദിവാകരന്‍ കണ്ടിട്ടില്ലെന്നാണ് സൂചനയെങ്കില്‍ സാക്ഷിമൊഴികളുടെ ബലഹീനതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടത്. 38-ാം സാക്ഷിയായ ക്രൈംബ്രാഞ്ച് സി.ഐ. ഇ.പി. പൃഥ്വീരാജിന്റെ മൊഴി അനുസരിച്ച് ഒന്നാം സാക്ഷിയായ ദിവാകരന് പ്രതിയെ മുന്‍പരിചയമുണ്ടായിരുന്നു. പ്രതിയുടെ തിരിച്ചറിയില്‍ പരേഡ് നടത്താതിരുന്നതിന്റെ കാരണമായി പൃഥ്വീരാജ് കോടതിയില്‍ ബോധിപ്പിച്ചത് ദിവാകരന് ജയേഷിനെ നേരത്തെ അറിയാമായിരുന്നുവെന്ന ഒരേ ഒരു കാരണം മാത്രമാണ്.  ഇവരുടെ രണ്ടു പേരുടെ മൊഴികളും പരസ്പര വിരുദ്ധമാണെന്ന് കോടതിയില്‍ തെളിഞ്ഞു.

Marad
കോഴിക്കോട് എരഞ്ഞിപ്പാലം സെഷന്‍സ് കോടതി

കേസിലെ 22-ാം സാക്ഷിയും സുന്ദരിയമ്മ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയുമായ ഹംസക്കോയയെ ഈ കേസില്‍ വിസ്തരിച്ചിട്ടില്ലെന്നതും പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. 1983 മുതല്‍ സുന്ദരിയമ്മ കെട്ടിടത്തില സ്ഥിരതാമസക്കാരിയാണ്.  അങ്ങനെയൊരു സ്ത്രീ കൊല ചെയ്യപ്പെടുമ്പോള്‍ സ്വാഭാവികമായും കെട്ടിടത്തിന്റെ ഉടമയ്ക്ക് പറയാനുള്ളതും രേഖപ്പെടുത്തേണ്ടതാണ്.  മരണപ്പെട്ട് മൂന്നു മാസങ്ങള്‍ക്കു ശേഷം ലൈന്‍മുറി തമിഴ്‌നാട്ടില്‍നിന്നുള്ള ഒരു കുടുംബത്തിന് വാടകയ്ക്ക് നല്‍കിയിരുന്നുവെന്ന വസ്തുത അന്വേഷണോദ്യോഗസ്ഥന്‍ നിഷേധിക്കുന്നില്ല. പുതിയ താമസക്കാര്‍ വന്നിട്ടും സംഭവസ്ഥലത്തുണ്ടായിരുന്ന തെളിവുകള്‍ പഴയതുപോലെ തന്നെ അവശേഷിച്ചിരുന്നുവെന്നാണ് പൃഥ്വീരാജ് കോടതിയെ ബോധിപ്പിച്ചത്. ഇത് എത്രത്തോളം പ്രായോഗികമാണ്?
അവരുടെ മരണത്തിന് ശേഷം ലൈന്‍ മുറിയിലെ മറ്റു വാടകക്കാര്‍ ഒഴിഞ്ഞുപോകുകയായിരുന്നുവെന്നും അദ്ദേഹം കോടതിയില്‍ ബോധിപ്പിച്ചതാണ്. ഈ ഒരു പ്രത്യേക സാഹചര്യത്തിലും കെട്ടിടത്തിന്റെ ഉടമയായ ഹംസക്കോയ കോടതിയില്‍ വിസ്തരിക്കപ്പെടേണ്ടതാണ്. സുന്ദരിയമ്മയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അങ്ങനെ ലഭിക്കുമായിരുന്നു.

കുളിമുറിയുടെ ഇടയിലുള്ള വഴിയില്‍ക്കൂടി വീട്ടുടമസ്ഥന്റെ വീട്ടിലേക്ക് പോകാന്‍ കഴിയുമെന്നും പ്രതി അയാളുടെ വീടിന്റെ മുറ്റത്തുകൂടിയാണ് ഓടിയതെന്നുമാണ് ദിവാകരന്‍ കോടതിയില്‍ ബോധിപ്പിച്ചത്. പോലീസ് നായയും ആ വഴിയിലൂടെയാണ് ഓടിപ്പോയതെന്നും അയാളുടെ മൊഴിയിലുണ്ട്.

11-ാം സാക്ഷിയായ ഹോട്ടല്‍ ഉടമ അബ്ദുള്‍ ജലീല്‍ നല്‍കിയ മൊഴി അനുസരിച്ച് സുന്ദരിയമ്മയ്ക്ക് വെട്ടേറ്റ ദിവസം ഹോട്ടലിലെ കൗണ്ടറില്‍ അയാളുണ്ടായിരുന്നു. അന്ന് പുലര്‍ച്ചെ രണ്ടു മണിക്ക്  രണ്ട് പേര്‍ ബൈക്കില്‍ വന്ന്  സംസാരിച്ചിരുന്നതായി അയാള്‍ പറയുന്നു. ബൈക്ക് ഓടിച്ചയാളെ അയാള്‍ക്ക് അറിയില്ലെന്നും സുന്ദരിയമ്മയ്ക്ക്‌ വെട്ടേറ്റുവെന്നുമാണ് അയാള്‍ അറിയിച്ചതെന്നും അബ്ദുള്‍ ജലീല്‍ കോടതി മുമ്പാകെ ബോധിപ്പിച്ചിട്ടുണ്ട്.  ആ സമയത്ത് പ്രതിയായ ജയേഷ് ഹോട്ടലില്‍ തന്റെ സമീപത്ത് ഉണ്ടായിരുന്നുവെന്നാണ് അയാള്‍ പറഞ്ഞത്. 

കെട്ടിടത്തിന്റെ ഉടമയായ ഹംസക്കോയയുടെ മരുമകന്‍ സാദിഖിനൊപ്പം ഒന്നാം സാക്ഷിയായ ദിവാകരന്‍ പ്രതിയെ അന്വേഷിച്ച് ബൈക്കില്‍ മീഞ്ചന്ത, മാത്തോട്ടം, വട്ടക്കിണര്‍ എന്നിവിടങ്ങളിലൊക്കെ സഞ്ചരിച്ചതായും സാക്ഷിമൊഴികള്‍ പറയുന്നുണ്ട്. ബൈക്കില്‍ സഞ്ചരിച്ചാല്‍ അഞ്ചു മിനിറ്റു കൊണ്ട് സുന്ദരിയമ്മയുടെ വീട്ടില്‍ നിന്നും സിറ്റി ലൈറ്റ് ഹോട്ടലിലെത്താം. കൊല നടത്തിയ ജയേഷ് വെറും അഞ്ചു മിനിറ്റുള്ളില്‍ നല്ല വസ്ത്രവും ധരിച്ച് ഹോട്ടലില്‍ എത്തിച്ചേര്‍ന്നുവെന്നല്ലേ  അനുമാനിക്കേണ്ടത്?

ഏകദേശം 750 മീറ്റര്‍ അകലെയുള്ള കുളത്തില്‍ കൊല നടത്താനുപയോഗിച്ചിരുന്ന കത്തി ഉപേക്ഷിച്ച ശേഷം അത്രയും ദൂരം ജയേഷ് തിരിച്ച് യാത്ര ചെയ്ത് ഒരു തുള്ളി രക്തം പോലും വസ്ത്രങ്ങളില്‍ പുരളാതെ സിറ്റി ലൈറ്റ് ഹോട്ടലില്‍ എത്തിയെന്നത് ആര്‍ക്കെങ്കിലും വിശ്വസിക്കാന്‍ കഴിയുമോ?യഥാര്‍ത്ഥ കൊലയാളിയെ കണ്ടെത്താനായില്ലെന്ന സത്യം മറച്ചുവെക്കാനുള്ള  ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം അവിശ്വസനീയമായ മൊഴികളെന്ന് കരുതാം.

സുന്ദരിയമ്മയുടെ കൊലപാതകം നടന്നത് 2012 ജൂലായ് 21 നാണ്. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത് 2013 സെപ്റ്റംബര്‍ മാസത്തില്‍. അതുവരെ അന്വേഷണച്ചുമതലയുണ്ടായിരുന്നത് കസബ സി.ഐ പ്രമോദിനായിരുന്നു. ഈ കേസിലെ 35-ാം സാക്ഷിയായ സി.ഐ പ്രമോദ് പറഞ്ഞതു പ്രകാരം ജയേഷിനെ ചോദ്യം ചെയ്തതില്‍ നിന്നും സംശയിക്കത്തക്ക ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. സംഭവദിവസം ജയേഷ് ഹോട്ടലില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നുവെന്നും അയാളുടെ താല്‍ക്കാലികമായ അസാന്നിധ്യം തന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നുമാണ് പ്രമോദ് കോടതിയില്‍ ബോധിപ്പിച്ചത്. 

മറ്റൊരു പ്രധാനപ്പെട്ട വസ്തുത ആദ്യ അന്വേഷണോദ്യോഗസ്ഥനായ സി.ഐ പ്രമോദ് സംഭവസ്ഥലത്തു നിന്നും കണ്ടെടുത്ത അതേ സാധനങ്ങള്‍ ഒരു വര്‍ഷത്തിനുശേഷം ജയേഷ് സിറ്റി ലൈറ്റ് ഹോട്ടലിലെ തന്റെ മുറിയില്‍നിന്നും അന്വേഷണോദ്യോഗസ്ഥനായ പൃഥ്വീരാജിന്റെ മുമ്പില്‍ ഹാജരാക്കിയെന്നതാണ്. സുന്ദരിയമ്മയുടെ വീട്ടില്‍ അലമാരയ്ക്കുള്ളില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ സൂക്ഷിച്ചിരുന്ന 'ഐശ്വര്യ ജ്വല്ലേഴ്‌സ്' എന്നെഴുതിയ പേഴ്‌സ് യഥാര്‍ത്ഥത്തില്‍ ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല. പിന്നീട് ഒരു വര്‍ഷത്തിനു ശേഷം ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിന്റെ ഭാഗമായി ജയേഷ് കുറ്റസമ്മതം സമ്മതം നടത്തിയപ്പോള്‍ എങ്ങനെ ഈ പേഴ്സ് ഹോട്ടലില്‍നിന്നും കണ്ടെടുത്തു? ആരാണ് ഈ പേഴ്‌സ് കൈവശം വെച്ചത്?

ഹോട്ടല്‍ ജീവനക്കാരനായ വി.പി. രാജനാണ് ഈ കേസിലെ 12-ാം സാക്ഷി. അയാള്‍ 2013 മാര്‍ച്ചിലാണ് ഹോട്ടലില്‍ ജോലിയില്‍ പ്രവേശിച്ചത്. അയാളുടെ മൊഴി പ്രകാരം പോലീസ് സിറ്റി ലൈറ്റ് ഹോട്ടലില്‍ പ്രതിയെ അന്വേഷിച്ചു വന്ന ദിവസം അയാള്‍ അവിടെ ഉണ്ടായിരുന്നു. രാത്രി പന്ത്രണ്ടു മണിക്കാണ് ഡ്യൂട്ടി തുടങ്ങുന്നത്. അന്ന് താന്‍ മുറിയിലായിരുന്നുവെന്നും ഡ്യൂട്ടിയിലായിരുന്നുവെന്ന് പോലീസിനോട് പറഞ്ഞിട്ടില്ലെന്നുമാണ് രാജന്‍ കോടതിയില്‍ ബോധിപ്പിച്ചത്. അയാള്‍ മുകളിലത്തെ മുറിയില്‍ ആയിരുന്നു. പോലീസ് വന്ന വിവരം കൗണ്ടറില്‍ നിന്നും വിളിച്ചു പറഞ്ഞപ്പോളാണ് രാജന്‍ താഴേക്ക് വന്നത്. ഇതിനിടയിലൊന്നും ജയേഷ് താക്കോല്‍ ഉപയോഗിച്ച് അലമാര തുറക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നാണ് രാജന്‍ വ്യക്തമാക്കുന്നത്. അതുമാത്രമല്ല അലമാര ആര്‍ക്കും തുറക്കാവുന്ന അവസ്ഥയിലായിരുന്നുവെന്നും മൊഴിയില്‍ പരാമര്‍ശിക്കുന്നു.

മുങ്ങല്‍ വിദഗ്ദ്ധന്റെ മൊഴിയും അന്വേഷണോദ്യോഗസ്ഥന്റെ മൊഴിയും തമ്മില്‍ അജഗജാന്തര വ്യത്യാസമുണ്ടായിരുന്നുവെന്നത് ഈ കേസന്വേഷണത്തില്‍ സുപ്രധാന വഴിത്തിരിവായിരുന്നു. മുങ്ങല്‍ വിദഗ്ദ്ധന്റെ മൊഴിയില്‍നിന്നും തീരദേശ സബ് ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് കത്തി കണ്ടെടുക്കാന്‍ തിരുവച്ചിറയിലെത്തിയതെന്ന് വ്യക്തമാണ്. നിര്‍ദ്ദേശം ലഭിച്ചത് രാവിലെ എട്ടുമണിയോടെയായിരുന്നു. 8.30 നു ശേഷം താന്‍ യാത്ര പുറപ്പെട്ടുവെന്നാണ് അയാള്‍ ബോദ്ധ്യപ്പെടുത്തിയത്.

എന്നാല്‍ അന്വേഷണോദ്യോഗസ്ഥനായിരുന്ന സി.ഐ. പൃഥ്വീരാജിന്റെ മൊഴി അനുസരിച്ച് പകല്‍ 11.20 ആയപ്പോളാണ് തിരുവച്ചിറ കുളത്തിനു സമീപമെത്തിയത്. കത്തി കുളത്തിലുണ്ട് എന്ന് പ്രതി പറഞ്ഞ വിവരം അദ്ദേഹത്തിനു മാത്രമേ അറിയുമായിരുന്നുള്ളു. ജയേഷിനെ അവിടെ കൊണ്ടുവന്ന് നീന്താന്‍ അറിയില്ലെന്ന് ബോദ്ധ്യമായപ്പോളാണ് പോലീസുമായി ബന്ധപ്പെട്ട് മുങ്ങല്‍ വിദഗ്ദ്ധനെ തിരുവച്ചിറയിലെത്തിച്ചത്. സുന്ദരിയമ്മയെ വധിക്കാന്‍ ഉപയോഗിച്ച കത്തിയല്ല അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയതെന്ന് വ്യക്തമായി തെളിഞ്ഞതായി വിധിന്യായത്തില്‍ പറയുന്നു. അതുപോലെ തന്നെ ഈ കേസിലെ 14-ാം സാക്ഷിയായ നസിറുദ്ദീന്റെ മൊഴികളിലുമുണ്ട് വൈരുദ്ധ്യം. ജയേഷ് സുന്ദരിയമ്മയെ വെട്ടിക്കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കുളത്തില്‍ നിന്ന് കണ്ടെടുക്കുമ്പോള്‍ നസിറുദ്ദീന്‍ ദൃക്സാക്ഷിയായിരുന്നു. ആ സമയത്ത് മുങ്ങല്‍ വിദഗ്ദ്ധന്‍ പോലീസിന്റെ കൂടെ ഉണ്ടായിരുന്നുവെന്നാണ് നസിറുദ്ദീന്‍ കോടതിയില്‍ ബോധിപ്പിച്ചത്. 

വിചാരണവേളയില്‍ ബോധിപ്പിച്ച ഇത്തരം മൊഴികളുടെ അടിസ്ഥാനത്തില്‍, കേസ് ആദ്യം അന്വേഷിച്ച ലോക്കല്‍ പോലീസും തുടരന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചും കൃത്രിമമായ തെളിവുണ്ടാക്കിയാണ് ജയേഷിനെ പ്രതിയാക്കിയതെന്ന നിരീക്ഷണത്തിലേക്ക് കോടതി എത്തിച്ചേരുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് അന്നത്തെ അന്വേഷണോദ്യോഗസ്ഥരായിരുന്ന കസബ സി ഐ പി.പ്രമോദ്, ക്രൈംബ്രാഞ്ച് സി.ഐ ഇ.പി. പൃഥ്വീരാജ് എന്നിവര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കാന്‍ മാറാട് സെഷന്‍സ് കോടതി ജഡ്ജ് എസ്.കൃഷ്ണകുമാര്‍ ഹൈക്കോടതി രജിസ്ട്രാര്‍ മുഖേന ഡിജിപിയ്ക്ക് ശുപാര്‍ശ ചെയ്യുകയായിരുന്നു.

(തുടരും)