ഡ്ഡലി വിറ്റു ജീവിച്ച സുന്ദരിയമ്മ ഒരു രാത്രി തലങ്ങും വിലങ്ങും വെട്ടേറ്റ് മരിച്ചു! ഇരുപതു വര്‍ഷത്തോളം ഒരു മുറിയില്‍ തനിച്ചു താമസിച്ച അറുപത്തൊമ്പതുകാരിയായ പാവം വൃദ്ധയെ വെട്ടിക്കൊലപ്പെടുത്തിയവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ ഇതുവരെ കഴിഞ്ഞില്ല. നിരന്തരം പിച്ചിച്ചീന്തപ്പെടുന്ന പെണ്‍കുട്ടികളുടെ ദുരന്തങ്ങള്‍ പൊതു സമൂഹത്തില്‍ ചര്‍ച്ചയാവുമ്പോഴും ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീകളുടെ ജീവിതവും മരണവും എവിടെയും രേഖപ്പെടുത്താതെ പോവുകയാണ്. അതിലൊരാള്‍ മാത്രമല്ല നിര്‍ദയം  വധിക്കപ്പെട്ട സുന്ദരിയമ്മ.

ആരാണ് സുന്ദരിയമ്മ?

Sundariyammaതമിഴ്‌നാട്ടുകാരിയായ ഒരു സ്ത്രീയാണ് കൊല ചെയ്യപ്പെട്ട സുന്ദരിയമ്മ. ഭര്‍ത്താവുമായി പിണങ്ങി കേരളത്തിലെത്തിയ അവര്‍ 20 വര്‍ഷക്കാലമായി ചിറക്കല്‍ ലൈന്‍മുറിയില്‍ താമസിക്കുകയായിരുന്നു. കണ്ണഞ്ചേരിയിലുള്ള ഹോട്ടലിലും വട്ടക്കിണറിലും മീഞ്ചന്തയിലുമുള്ള സിറ്റി ലൈറ്റ് ഹോട്ടലിലും അവര്‍ ഇഡ്ഡലി വില്‍പ്പന നടത്തിയിരുന്നു. ഇതുകൂടാതെ ഒരു ക്യാന്റീനിലും ഇഡ്ഡലി നല്‍കാറുണ്ടായിരുന്നു. സുന്ദരിയമ്മയ്ക്ക് ഹോട്ടല്‍ മേഖലയിലെ പലരുമായും സാമ്പത്തിക ഇടപാടുകള്‍ എന്തെങ്കിലുമുണ്ടായിരുന്നോ എന്ന സംശയം ബാക്കി നിര്‍ത്തുകയാണ് ഈ കേസ്.

സുന്ദരിയമ്മയുടെ കുടുംബാംഗങ്ങളില്‍ പലരും കോഴിക്കോട് താമസിച്ചിരുന്നു. ഇവരുടെ ജ്യേഷ്ഠത്തിയുടെ മകനായിരുന്നു ഫ്രാന്‍സിസ് റോഡില്‍ സെല്‍വം ഇന്‍ഡസ്ട്രീസ് ആന്റ് ഹോം അപ്ലയന്‍സസ് നടത്തിയിരുന്നത്. സഹോദരിയായ തങ്കമണിയെ വധിക്കാന്‍ ശ്രമം നടന്നിരുന്നതായി അന്വേഷണത്തിനിടയില്‍ പറഞ്ഞുകേട്ടിട്ടുണ്ട്. സുന്ദരിയമ്മയ്ക്കും സഹോദരിമാര്‍ക്കും ഒരുപോലെ അവകാശപ്പെട്ട വസ്തുക്കള്‍ എന്തെങ്കിലുമുണ്ടോ എന്നൊന്നും ആര്‍ക്കുമറിയില്ല. വെട്ടേറ്റ് മരണം മുന്നില്‍ക്കണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സമയത്തുപോലും കുടുംബാംഗങ്ങളില്‍ ഒരാള്‍ പോലും ആസ്പത്രിയില്‍ ഉണ്ടായിരുന്നില്ല. 

 ദൃക്‌സാക്ഷികളില്ലാത്തതും സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ വിചാരണ നേരിടുന്നതുമായ കേസുകളില്‍ കൃത്രിമമായി തെളിവുകളുണ്ടാക്കുന്നത് പ്രതികള്‍ക്ക് സംശയത്തിന്റെ ആനുകൂല്യം ലഭിക്കുന്നതിന് കാരണമാകുന്നു.  ഒരുത്തനെ വേട്ടയാടിപ്പിടിച്ച് പ്രതിയായി അവരോധിക്കുകയും ഒന്നര വര്‍ഷത്തിനുശേഷം അയാള്‍ നിരപരാധിയാണെന്ന് കണ്ടെത്തി ജയില്‍മോചിതനാക്കുകയും ചെയ്ത കേസാണ് സുന്ദരിയമ്മയുടെ കൊലപാതകം. അന്വേഷണ ഉദ്യോഗസ്ഥരുടെ ധാര്‍മികത ചോദ്യം ചെയ്യപ്പെട്ട, ഒട്ടേറെ പ്രത്യേകതകളുള്ള കേസായിരുന്നു ഇത്. 

മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാതെ പോകുന്ന കേസുകളില്‍ പ്രതിയെന്ന് ആരോപിക്കപ്പെടുന്നവരെ വിട്ടയച്ചതുകൊണ്ടുമാത്രം സമൂഹത്തിന്റെ ഉത്തരവാദിത്തം തീരുമോ? ശരീരത്തില്‍ 29 മുറിവുകളുമായി അതിക്രൂരമായി കൊലചെയ്യപ്പെട്ട സുന്ദരിയമ്മയുടെ കഥ ഇവിടെ ഒരു പുനര്‍വിചിന്തനത്തിന് വിഷയമാകുകയാണ്. 

ഈ കേസില്‍ തെളിവ് നശിപ്പിച്ചതിന് പോലീസ് സി.ഐയ്ക്ക് ഏഴുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്നതായിരുന്നു.  കൃത്രിമത്തെളിവുണ്ടാക്കിയ കേസില്‍ ക്രൈംബ്രാഞ്ച് സി.ഐക്ക്  ജീവപര്യന്തം വരെ ശിക്ഷ ലഭിക്കേണ്ടതുമാണ്. പ്രതിയെന്നു കണ്ടെത്തിയ ആള്‍ നിയമത്തിനു മുന്നില്‍ നിരപാരാധിയായി. അപ്പോള്‍ ആരാണ് കൊലപാതകം നടത്തിയത്? എന്തിന് അത് ചെയ്തു? ഇത്തരം ചോദ്യങ്ങളുന്നയിക്കാന്‍ സമൂഹം എന്തുകൊണ്ടു മറന്നുപോയി ? വെറുമൊരു പെണ്ണിനു സംഭവിച്ച ദുരന്തമായി തള്ളിക്കളയേണ്ടതാണോ സുന്ദരിയമ്മയുടെ കൊലപാതകം? 

പുനരന്വേഷണത്തിന് ഉത്തരവിട്ട ഈ കേസില്‍ മറഞ്ഞിരിക്കുന്ന കുറ്റവാളിയെ കണ്ടെത്തണമെന്ന ആവശ്യവുമായി ആരും മുന്നോട്ടു വരാതിരിക്കുന്നത് ഈ സാഹചര്യത്തില്‍ ചര്‍ച്ചാവിഷയമാകേണ്ടതാണ്. 39 സാക്ഷികളെ വിസ്തരിച്ച ഈ കേസില്‍ സ്‌പെഷല്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എസ്.കൃഷ്ണകുമാറിന്റെ വിധിന്യായത്തെയും പ്രതിക്കുവേണ്ടി നിയമ സഹായ പദ്ധതിപ്രകാരം നിയോഗിക്കപ്പെട്ട അഭിഭാഷകനായ എം. അനില്‍ കുമാറിന്റെ കേസ് ഡയറിയെയും ആസ്പദമാക്കി തയ്യാറാക്കിയ പരമ്പരയാണ് ഇത്.

കഥ ഇതുവരെ

 2012 ജൂലായ് 21ന് സുന്ദരിയമ്മ കൊല ചെയ്യപ്പെടുകയായിരുന്നു. അര്‍ധരാത്രി കഴിഞ്ഞ് ഒന്നരയോടെയായിരുന്നു കൊലപാതകം. കുറ്റവാളികളെ കണ്ടെത്താനാകാതെ ലോക്കല്‍ പോലീസ് ഇരുട്ടില്‍ തപ്പിയപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. മീഞ്ചന്തയിലെ സിറ്റി ലൈറ്റ് ഹോട്ടല്‍ ജീവനക്കാരനായ ജയേഷിനെ 2013 സെപ്റ്റംബര്‍ 11 ന് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. മോഷണ ശ്രമത്തിനിടെ വെട്ടുകത്തികൊണ്ട് സുന്ദരിയമ്മയെ കൊന്നുവെന്നായിരുന്നു കേസ്.

കോടതിയുടെ മുന്നില്‍ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ പകച്ചുപോയ ഈ കേസില്‍ തിരിച്ചടി നേരിട്ടതും അവര്‍ക്കു തന്നെയായിരുന്നു. കൊലയ്ക്ക് ഉപയോഗിച്ചതെന്ന് പറയപ്പെടുന്ന കത്തി കണ്ടെടുത്തത് തിരുവച്ചിറ ക്ഷേത്രക്കുളത്തില്‍ നിന്നായിരുന്നു. രാസപരിശോധനയില്‍ രക്തക്കറയുടെ അംശം കണ്ടെത്താന്‍ വിദഗ്ധര്‍ക്ക് കഴിഞ്ഞില്ല. പ്രതിക്കെതിരായ തെളിവുകള്‍ നിലനില്‍ക്കുന്നില്ലെന്നു കണ്ടെത്തിയ കോടതി സാക്ഷിമൊഴികളും വിശ്വാസത്തിലെടുത്തില്ല. 

കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സി.ഐ ആയിരുന്ന ഇ.പി പൃഥ്വരാജില്‍നിന്ന് ഒരു ലക്ഷം രൂപ ഈടാക്കി ജയേഷിന് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. പൃഥ്വിരാജിനും ആദ്യം കേസന്വേഷിച്ച കസബ സി.ഐ പി.പ്രമോദിനുമെതിരെ വകുപ്പുതല നടപടിക്ക് ഡി.ജി.പിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. 

അനാഥനായ ജയേഷ് സുന്ദരിയമ്മയെ സ്വന്തം അമ്മയെപ്പോലെയാണ് കണ്ടിരുന്നതെങ്കില്‍ അയാള്‍ എങ്ങനെ ഈ കൊലക്കേസില്‍ പ്രതിയായി? 
(തുടരും)

PART 2: കഥ കല്‍പ്പിതം, കുറ്റവാളി അനാഥന്‍

PART 3 : ജയേഷ് പകരക്കാരനായത് ആര്‍ക്കു വേണ്ടി? 

PART 4 : കുറ്റവാളിയോ പ്രേരണയോ ഇല്ലാത്ത ഒരു കൊലപാതകം

PART 5: സുന്ദരിയമ്മ വധവും 'ദൃശ്യവും' തമ്മിലെന്ത് ?

PART 6: മരണത്തില്‍പ്പോലും അനാഥ; സുന്ദരിയമ്മ