സുന്ദരിയമ്മ എന്ന വയോധികയെ പാതിരാത്രി വീട്ടില്‍ക്കയറി കൊലപ്പെടുത്തിയ കേസില്‍ ജയേഷ് എന്ന ജബ്ബാറിനെ വെറുതെ വിട്ടതായുള്ള വാര്‍ത്തയ്ക്ക് മാദ്ധ്യമങ്ങള്‍ ഇടം കൊടുത്ത ദിവസമായിരുന്നു 2014 ഒക്ടോബര്‍ 14. ജയേഷ് എന്ന പ്രതിയെക്കുറിച്ചു മാത്രമാണ് സാധാരണക്കാര്‍ മനസ്സിലാക്കിയിരിക്കുന്നത്. അനാഥത്വം വേട്ടയാടിയ ഒരു ചെറുപ്പക്കാരന്റെ ജീവിതം എന്തായിരുന്നുവെന്ന് അറിയാന്‍ ശ്രമിച്ചവര്‍ വളരെ ചുരുക്കം. ജയേഷ് യഥാര്‍ത്ഥത്തില്‍ ആരാണ്? ജയേഷ് തന്നെയാണ് ഈ കേസിലെ പ്രതിയെന്ന് ഒരു വിഭാഗം ഉറച്ചു വിശ്വസിക്കുന്നു.
പ്രായത്തിനനുസരിച്ചുള്ള ബുദ്ധിയില്ലാത്ത ഒരു കുഞ്ഞിനെയായിരുന്നു താന്‍ എടുത്തുവളര്‍ത്തിയതെന്ന് തൊണ്ടയിടറി പറയുന്ന ജയേഷിന്റെ വളര്‍ത്തമ്മയ്ക്ക് ഇന്നും ഉറപ്പിച്ചു പറയാന്‍ കഴിയുന്നത് ഒന്നുമാത്രം- 'ചില്ലറ നുള്ളിക്കളവ് മാത്രമേ അവന് ചെയ്തിട്ടുള്ളു. ഒരിക്കലും ഒരു കൊലപാതകം അവന് ചെയ്യില്ലെന്ന് എനിക്ക് ഉറപ്പാണ്. ഇത് ചെയ്തവര്‍ക്കുള്ള ശിക്ഷ ദൈവം കൊടുക്കും'.
അനാഥനെ സനാഥനാക്കിയ ഞാന്‍ കുറ്റക്കാരിയായി: സുമതിയമ്മ
ആരോരുമില്ലാത്ത ഒരു കുഞ്ഞിനെ സ്നേഹിച്ചു വളര്‍ത്തി. ഒടുവില്‍ കൊലയാളിയെ വളര്‍ത്തിയ അമ്മ എന്ന പേരും കിട്ടി. എന്നിരുന്നാലും ഈ അമ്മ വിശ്വസിക്കുന്നു, ജയേഷ് നിരപരാധിയാണ്. സുമതിയമ്മയുടെ അമ്മയായ കല്യാണിയമ്മയാണ് ജയേഷിനെ വളര്‍ത്താന്‍ അവരെ ഏല്‍പ്പിച്ചത്. വെളിമുക്ക് ആസ്പത്രിയില്‍ പ്രസവത്തോടെ ഉപേക്ഷിക്കപ്പെട്ട കുഞ്ഞായിരുന്നു അത്. പ്രസവിച്ച അമ്മ കുഞ്ഞിനെ കൊല്ലാനുള്ള ശ്രമത്തിലായിരുന്നുവെന്ന് മനസ്സിലാക്കിയ കല്യാണി അമ്മ അഞ്ച് പെണ്മക്കളുള്ള സ്വന്തം മകള്‍ക്ക് വളര്‍ത്താന്‍ ഒരു ആണ്‍കുഞ്ഞിനെ നല്‍കുകയായിരുന്നു.
'ഗര്‍ഭിണിയായിരുന്നപ്പോള്‍ തന്നെ ആ സ്ത്രീ കുഞ്ഞിനെ നശിപ്പിക്കാന്‍ മരുന്നുകള്‍ കഴിച്ചിരുന്നു. അതുകൊണ്ടു തന്നെ ബുദ്ധിക്ക് ചെറിയ തകരാറുള്ള കുട്ടിയായിരുന്നു അവന്. ദയയും സഹതാപവുമുള്ള കുട്ടിയായിരുന്നു അവന്. അല്ലറ ചില്ലറ കളവുകള്‍ നടത്തിയിരുന്നുവെന്ന് ഞാന്‍ പറഞ്ഞതുകൊണ്ട് അവന് കൊലയാളിയാണെന്ന് ഒരിക്കലും അര്‍ഥമില്ല. താന്‍ ചെയ്യുന്നതെന്താണെന്ന് തിരിച്ചറിയാനുള്ള ബുദ്ധി അവനില്ലായിരുന്നു. എന്തെങ്കിലും പശ്നമുണ്ടാക്കിയാല് ഞാന്‍ വഴക്കു പറഞ്ഞാല്‍ അടുത്ത നിമിഷം പൊട്ടിക്കരഞ്ഞുകൊണ്ട് എന്നെ സമീപിക്കും. അവന് ഒരിക്കലും ഒരു കൊലപാതകം ചെയ്യില്ല. ഒരാള്‍ക്ക് ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യവുമല്ല അത്. ഏതോ വലിയ ആള്ക്കാര് ഇതിന്റെ പിന്നിലുണ്ട്. അവന്റെ നന്മയ്ക്ക് ഞാന്‍ എന്നും പ്രാര്‍ഥിച്ചിട്ടേ ഉള്ളു. എവിടെയെങ്കിലും സന്തോഷത്തോടെ അവന് ജീവിക്കട്ടെ.' ജയേഷിന്റെ വളര്‍ത്തമ്മയായ സുമതിയമ്മയുടെ വാക്കുകളില്‍ കണ്ണുനീരിന്റെയും കഷ്ടപ്പാടിന്റെയും ഒരു വലിയ ചിത്രമുണ്ട്.
കുഞ്ഞായിരുന്നപ്പോള്‍ തന്നെ ബുദ്ധിക്കുറവ് തിരിച്ചറിഞ്ഞിരുന്നതുകൊണ്ട് കുറേ ചികിത്സകള്‍ നടത്തിയതായും ഡോക്ടറുടെ രേഖകള്‍ അവര്‍ സൂക്ഷിച്ചുവെച്ചതായും പറയുന്നു. അപസ്മാര രോഗവും അവനുണ്ടായിരുന്നെന്ന് സുമതിയമ്മ പറയുന്നു. അച്ഛന്റെ വിലപിടിപ്പുള്ള പുതിയ വാച്ച് മിഠായി വാങ്ങാന്‍ വേണ്ടി വെറും നൂറു രൂപയ്ക്ക് ആര്‍ക്കോ അവന് വിറ്റിരുന്നു. ക്രൂരമായ ഒരു കൊലപാതകം ചെയ്യാനുള്ള മനക്കരുത്തൊന്നും ജയേഷിനില്ലെന്ന് ഇവര്‍ ഉറപ്പിച്ചു പറയുന്നു.
ജയേഷ് ഒരിക്കലും വീട്ടില്‍ ആരെയും ദേഹോപദ്രവം എല്പ്പിച്ചിട്ടില്ല. കഷ്ടപ്പെട്ട് ജീവിച്ചാലെങ്കിലും നന്നാവട്ടെ എന്നു കരുതിയാണ് ജയേഷിനെ ഹൈദരാബാദില്‍ ജോലി ചെയ്യാന്‍ പറഞ്ഞയച്ചതെന്ന് സുമതിയമ്മ പറയുന്നു. ജയില്‍ മോചിതനായ ശേഷം തന്നെക്കാണാന്‍ വന്ന ജയേഷിനെക്കുറിച്ച് സുമതിയമ്മ ഓര്‍ക്കുന്നു: ' ഞാന്‍ പറഞ്ഞത് കേള്‍ക്കാതെ പോയതല്ലേ. നിനക്ക് 18 വയസ്സായല്ലോ. ഇനി സ്വന്തമായി പണിയെടുത്ത് എവിടെയെങ്കിലും പോയി ജീവിച്ചോളു' . ഇതായിരുന്നു സുമതിയമ്മ ജയേഷിനോട് അവസാനമായി പറഞ്ഞത്.
പൊന്നുപോലെ നോക്കി; പോലീസ് തല്ലിച്ചതച്ചു: ശാന്തിനി
'12 വര്‍ഷം മുമ്പ് ജയേഷ് ഞങ്ങളെ വിട്ടുപോയി. അവന് ഇപ്പോള്‍ എവിടെയാണെന്നു പോലും അറിയില്ല. കൊടുക്കാവുന്ന സ്നേഹം മുഴുവന്‍ കൊടുത്താണ് അവനെ വളര്‍ത്തിയത്. നല്ല വിദ്യാഭ്യാസം നല്കാന് ഇംഗ്ളീഷ് മീഡിയത്തില്‍ തന്നെ ചേര്‍ത്തു. സാധാരണ കുട്ടികളുടെ ബുദ്ധി അവന് ഇല്ലായിരുന്നു. പ്രായത്തിനനുസരിച്ച് ചിന്തിക്കാന്‍ അവന് കഴിയില്ലായിരുന്നു. മോനേ, നിന്നെ ഞാന്‍ രക്ഷപ്പെടുത്താം.നീ ഇങ്ങനെ ചെയ്താല്‍ മതിയെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് അതേ പടി സ്വീകരിക്കുന്ന പ്രകൃതമായിരുന്നു അവന്റേത്. ബുദ്ധിപരമായി ഉണര്‍വുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ജയേഷിനെ അമ്മ തന്നെ കുറച്ചുകാലം ജുവനൈല്‍ ഹോമില്‍ കൊണ്ടുപോയി താമസിപ്പിച്ചിരുന്നു. പിന്നീട് ജുവനൈല്‍ ഹോമില്‍ നിന്ന് തിരിച്ചെത്തിയ ശേഷം അവന് അധികകാലം ഞങ്ങളോടൊപ്പമുണ്ടായിരുന്നില്ല.' ജയേഷിനെ സ്വന്തം അനുജനായി സ്നേഹിച്ച സുമതിയമ്മയുടെ മകള്‍ ശാന്തിനിക്ക് കണ്ണീരോടെയല്ലാതെ അക്കാലത്തെക്കുറിച്ച് ഓര്‍ക്കാന്‍ കഴിയില്ല.
10 രൂപ കിട്ടിയാലും നൂറു രൂപ കിട്ടിയാലും ജയേഷിന് ഒരു പോലെയാണ്. പണത്തിന്റെ മൂല്യം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. പഠിക്കാനും മോശമായിരുന്നു. അവന് കൃത്യമായ ശമ്പളം കിട്ടിയിരുന്നോയെന്നു പോലും സംശയമുണ്ടെന്നാണ് ശാന്തിനി പറയുന്നത്.
'മോന് ജോലി ചെയ്ത് കിട്ടുന്ന പൈസയൊക്കെ ബാങ്കിലിട്ടോളു. നിനക്ക് നന്നായി ജീവിക്കാമെന്ന് ഞാന്‍ അവനോട് പറഞ്ഞിട്ടുണ്ട്. പക്ഷേ പണം സൂക്ഷിക്കാന്‍ അവന് അറിയില്ല. കിട്ടുന്ന പൈസ ദുരുപയോഗം ചെയ്തു കളയും. ജയില്‍മോചിതനായ ശേഷം ജയേഷ് അമ്മയെക്കാണാന്‍ വന്നിരുന്നു. താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു. പോലീസുകാര്‍ അടിച്ചുസമ്മതിപ്പിച്ചതാണെന്ന് അമ്മയോട് പറഞ്ഞിട്ടുണ്ട്. വളരെ സ്നേഹത്തോടെയാണ് അവന് ഞങ്ങളോടൊപ്പം വളര്‍ന്നത്. ഒരിക്കലും ഒരു കൊലപാതകം ചെയ്യാന്‍ അവന് കഴിയില്ല.' ശാന്തിനി പറയുന്നു.
കൈക്കുഞ്ഞായിരിക്കുമ്പോള്‍ വളര്‍ത്തി വലുതാക്കിയ കുട്ടിയെ കണ്ണില്‍ മുളകു തേച്ച് തല്ലിച്ചതച്ചുവെന്ന് കേട്ടാല്‍ സങ്കടം കൊണ്ടു കരയുകയല്ലാതെ തങ്ങള്‍ക്ക് വേറെ വഴിയില്ലെന്ന് പറയുമ്പോള്‍ ജയേഷ് ഇവര്‍ക്ക് ആരായിരുന്നുവെന്ന് മനസ്സിലാക്കാം. ജയില്‍ മോചിതനായ ശേഷം കാണാനെത്തിയ ജയേഷിന് ശാന്തിനി ഭക്ഷണം കൊടുത്തിരുന്നു. പക്ഷേ കുടുംബത്തില്‍ എല്ലാവരും അവരുടെ ഈ പ്രവൃത്തിയെ അനുകൂലിക്കണമെന്നില്ലെന്ന് അവര്‍ തന്നെ പറയുന്നു.
ഞാനല്ല, അത് ചെയ്തത് ഞാനല്ല: ജയേഷ്
'യൂണിഫോമിടാത്ത പോലീസുകാര്‍ മര്‍ദ്ദിച്ച് കുറ്റം എന്റെ മേല്‍ ചുമത്തുകയായിരുന്നു. എന്റെ പേര് ജയേഷ് എന്നാണ്. ജബ്ബാര്‍ എന്ന പേര് പോലീസ് ചാര്‍ത്തിത്തന്നതാണ്'. കൊലക്കുറ്റത്തില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ജയേഷ് മാദ്ധ്യമങ്ങളോട് വെട്ടിത്തുറന്നു പറഞ്ഞതാണ് ഇക്കാര്യം. ജയേഷിനെ തല്ലിച്ചതച്ച് കുറ്റം സമ്മതിപ്പിച്ചത് ആരെ സംരക്ഷിക്കാനാണ്? സുന്ദരിയമ്മയുമായി ജയേഷിനുള്ള ബന്ധം എന്താണ്? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള വെളിപ്പെടുത്തലുകളുമായി ജയേഷ് അന്ന് മാദ്ധ്യമങ്ങള്‍ക്കു മുന്നിലെത്തിയിരുന്നു. അയാള്‍ ഈ കൊലക്കേസില്‍ പ്രതിയാക്കപ്പെട്ട നിര്‍ണായകമായ സംഭവ വികാസങ്ങള്‍ ഇങ്ങനെ:
സുന്ദരിയമ്മയുടെ കൊലപാതകം നടക്കുന്ന ദിവസം ജയേഷിന് ഹോട്ടലില്‍ രാത്രി ഡ്യൂട്ടിയായിരുന്നു. ചെമ്പു പാത്രങ്ങള്‍ കഴുകി വൃത്തിയാക്കുന്ന ജോലിയായിരുന്നു. നോമ്പ് കാലമായിരുന്നു. ഹോട്ടല്‍ അടയ്ക്കുന്ന സമയത്ത് രണ്ടുപേര്‍ അങ്ങോട്ടു ഓടി വരുന്നത് ജയേഷ് കണ്ടിരുന്നു. ഒരു വീട്ടമ്മയെ ആക്രമിച്ച കാര്യം ആരോ പറയുന്നത് കേട്ട ജയേഷിന് മരിച്ചത് സുന്ദരിയമ്മയാണെന്ന് അറിയില്ലായിരുന്നു.
പിറ്റേ ദിവസം പോലീസ് നായയും പോലീസുകാരും സുന്ദരിയമ്മയുടെ വീട്ടിലെത്തിയപ്പോള്‍ ജയേഷും കാഴ്ചക്കാരനായി അവിടെ ഉണ്ടായിരുന്നു. പോലീസുകാര്‍ ചോദ്യം ചെയ്യാനായി സിറ്റിലൈറ്റ് ഹോട്ടലിലും എത്തിയിരുന്നു. അന്വേഷണങ്ങള്‍ തകൃതിയായി നടക്കുമ്പോള്‍ ജയേഷ് അവിടെയൊക്കെത്തന്നെയുണ്ടായിരുന്നു.
കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയപ്പോള്‍ ജയേഷ് കൊലയാളിയാക്കപ്പെട്ടു. പോലീസുകാര്‍ ചോദ്യം ചെയ്യുന്ന സമയത്ത് കേസ് ഏറ്റെടുക്കാന്‍ ജയേഷിനെ നിര്‍ബന്ധിക്കുകയായിരുന്നു. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെന്നും കേസ് തന്റെ തലയില്‍ കെട്ടിവെക്കരുതെന്നും ജയേഷ് ആണയിട്ടു പറഞ്ഞു. എങ്ങനെയൊക്കെയോ ഹോട്ടലില്‍ പണിയെടുത്ത് ജീവിച്ചുപോകുന്ന തന്റെ ജീവിതം തകര്‍ക്കരുതെന്ന ജയേഷിന്റെ അപേക്ഷയ്ക്ക് ഒരു വിലയും പോലീസുകാര്‍ നല്‍കിയില്ല. ഒരു രാത്രി മുഴുവന്‍ ഉറങ്ങാന്‍ സമ്മതിക്കാതെ ഷര്‍ട്ടും മുണ്ടുമഴിച്ച് പോലീസ് സ്റ്റേഷനില്‍ നിര്‍ത്തിയതായി ജയേഷ് വിശദീകരിക്കുന്നുണ്ട്.
ചോദ്യം ചെയ്യലൊക്കെ കഴിഞ്ഞ ജയേഷിനെ പോലീസുകാര്‍ കണ്ണുമൂടിക്കെട്ടി വണ്ടിയില്‍ കയറ്റി ഏതോ ഒരു കെട്ടിടത്തിലേക്കു കൊണ്ടു പോയി. അയാളെ കയര്‍ ഉപയോഗിച്ച് കെട്ടിത്തൂക്കുമെന്നും കണ്ണില്‍ മുളക് തേയ്ക്കുമെന്നുമൊക്കെ പോലീസുകാര്‍ പറഞ്ഞു പേടിപ്പിച്ചു.
പോലീസുകാര്‍ പറയുന്നതുപോലെ ചെയ്യണമെന്നാണ് അവര്‍ ജയേഷിനോട് പറഞ്ഞത്. സുന്ദരിയമ്മയുടെ വീടിന്റെ ചുവരില്‍ ഏണിവെച്ച് അതുവഴി കയറി വീടിന്റെ ഓട് ഇളക്കിമാറ്റി അകത്തു കയറി അവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു താന്‍ ചെയ്തതെന്ന് കോടതിയില്‍ പറയണമെന്നാണ് പോലീസുകാര്‍ ജയേഷിനെ നിര്‍ബന്ധിച്ചത്. തന്റെ ജീവിതം തകര്‍ക്കരുതെന്ന് ജയേഷ് കരഞ്ഞുപറഞ്ഞെങ്കിലും പോലീസുകാര്‍ പീഡിപ്പിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നു. കാലില്‍ കയര്‍ കെട്ടി കുത്തനെ തൂക്കിയിട്ട് നല്ല ഇടി ഇടിച്ചുവെന്നാണ് ജയേഷ് വെളിപ്പെടുത്തിയത്. ഇടികൊണ്ട് മൂക്കില്‍നിന്നും വായില്‍നിന്നും രക്തം വരുമ്പോള്‍ ആരും കുറ്റം സമ്മതിച്ചു പോകുമെന്ന് ജയേഷിന്റെ മൊഴിയിലുണ്ട്.
ഏഴു ദിവസം ജയേഷിനെ കസ്റ്റഡിയില്‍ വെച്ചു. കോടതിയില്‍ ഹാജരാക്കുമ്പോള്‍ ഒറ്റ അക്ഷരം പോലും മിണ്ടരുതെന്ന മുന്നറിയിപ്പും പോലീസുകാര്‍ നല്‍കിയിരുന്നു. പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്തിയപ്പോള്‍ ജയേഷ് പറഞ്ഞത് ഇതായിരുന്നു- 'ഞാനല്ല, അത് ചെയ്തത് ഞാനല്ല. ചെയ്ത ആള്‍ക്കാരു പൊറത്താണ്'.
അനാഥന്റെ വിധി ഇത്രയ്ക്ക് ക്രൂരമാണോ?
ജയേഷിനെ ഒരിക്കല്‍പ്പോലും ജാമ്യത്തിലെടുക്കാന്‍ ആരും ജയിലില്‍ പോയിട്ടില്ല. സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകന് ഈ കേസ് ഏറ്റെടുത്തപ്പോള്‍ ജയേഷിന്റെ തലവിധി മാറുകയായിരുന്നു. കേസ് പഠിച്ച വക്കീല്‍ അനാഥനായ ജയേഷിന്റെ സങ്കടം മനസ്സിലാക്കുക മാത്രമാണ് ചെയ്തത്. വിചാരണവേളയില്‍ കോടതിയില്‍ സംഭവിച്ചതെല്ലാം സ്വാഭാവികമായ പരിണാമം മാത്രം.
ജയേഷിന്റെ കഴുത്തിന് പാകമായ കുരുക്ക് നിര്‍മിച്ചവര്‍ തന്നെ ആ കുരുക്കില്‍നിന്ന് ഊരിപ്പോകാന്‍ മതിയായ തെളിവുകളും അവശേഷിപ്പിച്ചിരുന്നു. ക്രൈംബ്രാഞ്ച് അയാള്‍ക്കെതിരെ നിരത്തിയ മുഴുവന്‍ ആരോപണങ്ങളും കെട്ടിച്ചമച്ചതാണെന്ന് തെളിയിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകന് കഴിഞ്ഞപ്പോഴാണ് ജയേഷ് എന്ന അനാഥന് ജീവിതത്തില്‍ ഒരിക്കലെങ്കിലും സനാഥനായി മാറിയത്.
ഒരിക്കല്‍ നിയമത്തിന്റെ മുന്നില്‍ കുറ്റവാളിയാക്കപ്പെട്ടവന് സമൂഹം നല്കുന്ന സ്ഥാനമെന്താണ്? ജയേഷിന് ജബ്ബാര്‍ എന്ന പേരു കൂടി നല്കാന് അന്വേഷണ ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചതെന്താണ്? ഇത്തരം അനാഥ ജന്മങ്ങള് എത്രകാലം വേണമെങ്കിലും ജയിലില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരാണോ?
വ്യാജതെളിവുകള്‍ സൃഷ്ടിക്കപ്പെട്ടപ്പോഴും മുഴുവന്‍ പഴുതുകളും അടയ്ക്കാന്‍ ഉദ്യോഗസ്ഥന്മാര്ക്ക് കഴിയാതെ പോയിടത്താണ് കുറ്റവാളിയെന്ന് ആരോപിക്കപ്പെട്ട ജയേഷിന്റെ വിജയം. ഇവിടെ അവശേഷിക്കുന്ന ചോദ്യം ഇതു തന്നെ- കൊലയാളി ആരാണ്?
Part 1: സുന്ദരിയമ്മയെ കൊന്നതാര്?
Part 3: ജയേഷ് പകരക്കാരനായത് ആര്‍ക്കു വേണ്ടി?
Part 4 : കുറ്റവാളിയോ പ്രേരണയോ ഇല്ലാത്ത ഒരു കൊലപാതകം ......
Part 5: സുന്ദരിയമ്മ വധവും 'ദൃശ്യവും' തമ്മിലെന്ത് ?
Part 6: മരണത്തില്‍പ്പോലും അനാഥ; സുന്ദരിയമ്മ
(തുടരും)