കാഞ്ഞിരപ്പിള്ളി: ദേശീയ പാതയില്‍ പേട്ടക്കവലയിലെ സീബ്രാവരയിലൂടെ കടക്കവെ ഇടക്കുന്നം സ്വദേശിനിയായ യുവതിയെ ബൈക്ക് ഇടിച്ചു വീഴ്ത്തി. യുവതി സീബ്രാ വരയില്‍ കടക്കുന്നതുകണ്ട് മറ്റു വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നു. ഇവയെ മറികടന്നെത്തിയ ബൈക്കാണ് യുവതിയെ ഇടിച്ചിട്ടത്. പരിക്കേറ്റ യുവതിയെ ഓട്ടോഡ്രൈവര്‍മാര്‍ ആസ്പത്രിയിലെത്തിച്ചു. സീബ്രാവരകളില്‍ കൂടി സുരക്ഷിതമായി കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. യാത്രക്കാരെ സീബ്രാ ലൈനില്‍ കണ്ടാലും വാഹനങ്ങള്‍ നിര്‍ത്താതെ കടന്നു പോവുകയാണ്.

കാല്‍നട യാത്രക്കാര്‍ സീബ്രാ വരയിലുണ്ടെങ്കിലും അവര്‍ക്കുമുമ്പേ കടന്നുപോകന്‍ വാഹനങ്ങള്‍ വേഗത കൂട്ടിയെത്തുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. റോഡിനു മറുവശം കടക്കാന്‍ ഏറെയും ബുദ്ധിമുട്ടുന്നത് വിദ്യാര്‍ഥികളും പ്രായമായവരും സ്ത്രീകളുമാണ്.

ടൗണില്‍ സ്ഥാപിച്ചിരുന്ന ക്യാമറകളും പ്രവര്‍ത്തന രഹിതമാണ്. ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കിയും, പോലീസ് നിരീക്ഷിച്ചും ഇത്തരം നിയമ ലംഘകര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായി.