കൊച്ചി:  വേമ്പനാട് കായലില്‍ വാട്ടര്‍ ബൈക്ക് മുങ്ങി ഒരാളെ കാണാതായി. കൊച്ചി ബോള്‍ഗാട്ടി പാലസിന് സമീപമാണ് വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാട്ടര്‍ ബൈക്ക് മുങ്ങിയത്. പാലക്കാട് പട്ടാമ്പി സ്വദേശി ബിനീഷിനെയാണ് കാണാതായത്. ഉച്ചയ്ക്ക് ഒരു മണിയോടായിരുന്നു അപകടം. 

അപകടം നടക്കുമ്പോള്‍ ബൈക്കില്‍ മൂന്ന് പേരുണ്ടായിരുന്നു. ബിനീഷിനൊപ്പമുണ്ടായിരുന്ന കണ്ണൂര്‍ ആലക്കോട് നാരോലിക്കുന്നേല്‍ ജോമോന്‍ കുര്യന്‍(34),സേലം നൈനാര്‍ പാളയം സ്വദേശി ഗോവിന്ദരാജ്(32) എന്നിവരെ സ്വകാര്യ ബോട്ടിലെ തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്.

കൊച്ചിയിലുണ്ടായ വാട്ടര്‍ ബൈക്ക് അപകടത്തില്‍ കാണാതായ ആള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നു
കൊച്ചിയിലുണ്ടായ വാട്ടര്‍ ബൈക്ക് അപകടത്തില്‍ കാണാതായ ആള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നു. ഫോട്ടോ: അഭിജിത്ത്.ഡി കുമാര്‍

സുരക്ഷാസംവിധാനങ്ങള്‍ ഇല്ലാതെ അമിതവേഗതയിലാണ് ഇവര്‍ ബൈക്ക് റൈഡ് നടത്തിയതെന്നും, സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തിലായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു.

യൂ ടേണ്‍ എടുക്കുന്നതിനിടെ സ്‌കൂട്ടര്‍ മലക്കം മറിഞ്ഞ് മൂവരും വെള്ളത്തില്‍ വീഴുകയായിരുന്നു. സ്‌കൂട്ടറില്‍ അള്ളിപ്പിടിച്ചിരുന്ന ജോമോന്‍ അടുത്ത കിടന്ന ഗോവിന്ദരാജിനേയും സ്‌കൂട്ടറില്‍ പിടിപ്പിച്ചു.
അപ്പോഴേക്കും ബിനീഷ് മുങ്ങിപ്പോയിരുന്നു. നിലവിളികേട്ടാണ് സ്വകാര്യ ബോട്ട് രക്ഷയ്‌ക്കെത്തിയത്.

കൊച്ചിയിലുണ്ടായ വാട്ടര്‍ ബൈക്ക് അപകടത്തില്‍ കാണാതായ ആള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നു
കൊച്ചിയിലുണ്ടായ വാട്ടര്‍ ബൈക്ക് അപകടത്തില്‍ കാണാതായ ആള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നു. ഫോട്ടോ: അഭിജിത്ത്.ഡി കുമാര്‍

12:20 ഓടെ പോലീസും ഫയര്‍ഫോഴ്സും എത്തി തിരച്ചില്‍ ആരംഭിച്ചു. ഉടന്‍ സ്ഥലത്തെത്തിയ എം.എല്‍.എ ഹൈബി ഈഡനും മേയര്‍ സൗമിനി ജെയ്നും അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന്. 1:40 ഓടെ നേവിയും സ്ഥലത്തെത്തി തിരച്ചിലില്‍ ഒപ്പം ചേര്‍ന്നു. ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ എസ്. സുഹാസും സ്ഥലത്തെത്തിയിരുന്നു.

ഓടിച്ചിരുന്നയാളുടെ പരിചയക്കുറവും സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലാതിരുന്നതുമാണ് അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മുന്‍പേ പോയ വലിയ ബോട്ടിന്റെ ഓളം കാരണമാണ് മരിഞ്ഞതെന്നാണ് രക്ഷപ്പെട്ട ജോമോന്‍ പറയുന്നത്.