തിരുവനന്തപുരം: കേസുകളില്‍പ്പെട്ട് ആര്യനാട് പോലീസ് സ്റ്റേഷന് മുന്‍വശത്ത് വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് അപകടങ്ങള്‍ക്കിടയാക്കുന്നു. അപകടങ്ങള്‍ പതിവായതോടെ വാഹനങ്ങള്‍ ഇവിടെ നിന്ന് മാറ്റിയിടണമെന്ന ആവശ്യം ഉയരുന്നു.

no parkingഅപകടത്തില്‍പ്പെട്ടതും വിവിധ കേസുകളില്‍പ്പെട്ട് തൊണ്ടിമുതലായി സ്റ്റേഷനുകളില്‍ സൂക്ഷിക്കുന്നതുമായ വാഹനങ്ങളാണ് റോഡ് വക്കില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്.

ചെറിയ വാഹനങ്ങള്‍ സ്റ്റേഷന്‍ വളപ്പ് പൂര്‍ണമായും കൈയടക്കിയതോടെ, ടിപ്പര്‍ ലോറി ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ നിരനിരയായി സ്റ്റേഷന് മുന്‍വശമുള്ള ആനന്ദേശ്വരം റോഡിലാണ്. റോഡിലെ കൊടും വളവില്‍ ഇരു വശത്തുമാണ് പാര്‍ക്കിങ്.

കാരിയോട്-കൊക്കോട്ടേല റോഡിലെ കമ്പി പാലം പുതുക്കിപ്പണിയുന്ന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ മുഴുവന്‍ ആര്യനാട് നിന്ന് പോലീസ് സ്റ്റേഷന് മുന്നിലൂടെയുള്ള ആനന്ദേശ്വരം റോഡ് വഴിയാണ് കൊക്കോട്ടേലായില്‍ എത്തുന്നത്. ആനന്ദേശ്വരം ശിവക്ഷേത്രത്തിലേക്ക് വാഹനങ്ങളില്‍ വരുന്ന ഭക്തരും സ്റ്റേഷന് മുന്നിലെ അനധികൃത പാര്‍ക്കിങ് കടന്നുവേണം യാത്ര ചെയ്യേണ്ടത്.

ഇരുവശത്തു നിന്നും വലിയ വാഹനങ്ങള്‍ വന്നാല്‍ ഈ ഭാഗത്ത് ഗതാഗത തടസ്സമുണ്ടാകുന്നു. സ്റ്റേഷന് മുവശത്തുള്ള മെഡിക്കല്‍ ലാബിലേക്കു വരുന്ന വാഹനങ്ങള്‍കൂടി പാര്‍ക്ക് ചെയ്യുന്നതോടെ ഇവിടം വാഹന നിബിഡമാകും. ഇതുമൂലം റോഡിലെ വളവില്‍ വാഹനാപകടങ്ങളും പതിവായിരിക്കുകയാണ്.