തലയോലപ്പറമ്പ് : മദ്യപിച്ച് ബൈക്ക് ഓടിച്ചെത്തിയ രണ്ടുപേര്‍ നിയന്ത്രണം വിട്ട് ബസ്സിനടിയിലേക്ക് പോകുന്നത് ശ്രദ്ധയില്‍പ്പെട്ട ഓട്ടോ- ടാക്‌സി ഡ്രൈവര്‍മാര്‍ അവരെ പിടികൂടി പോലീസിന് കൈമാറി.
 
വ്യാഴാഴ്ച പന്ത്രണ്ട് മണിയോടെ ബസ്സ് സ്റ്റാന്‍ഡിലാണ് നാട്ടുകാരെയും യാത്രക്കാരെയും നടുക്കിയ സംഭവം. ആപ്പാഞ്ചിറ സ്വദേശികളായ ഇവര്‍ രണ്ടുപേരും ലക്ഷ്യമില്ലാതെയാണ് ബൈക്ക് ഓടിച്ചിരുന്നത്. റോഡിന് നടുക്ക്കൂടി വരുന്ന ഇവരെ കണ്ട് എല്ലാ വാഹനങ്ങളും ഒതുക്കിക്കൊടുത്തു.
 
എന്നാല്‍ പള്ളിക്കവലയില്‍ ഗതാഗതനിയന്ത്രണം നിര്‍വ്വഹിച്ചുകൊണ്ടിരുന്നവര്‍ കൈ കാണിച്ചെങ്കിലും നിര്‍ത്തിയില്ല. ഫോണില്‍ സന്ദേശം കൊടുത്തതിനെ തുടര്‍ന്ന് ഇവരെ കാത്ത് കവലയില്‍ പോലീസ് നിലയുറപ്പിച്ചു. പോലീസ് കാത്തുനിന്ന സ്ഥലത്തിന് മുമ്പ് നിയന്ത്രണം വിട്ട ഇവര്‍ ബൈക്കുമായി വാഹനത്തിനടിയിലേക്ക് പോകുകയായിരുന്നു.
 
മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതിന് പൂഴിക്കോല്‍ കൊടുംതറയില്‍ അജി (39) എന്നയാളുടെ പേരില്‍ കേസെടുത്തു.