തലശ്ശേരി: സ്വകാര്യ ബസ് ബൈക്കിലിടിച്ച് സഹോദരങ്ങളുടെ മക്കള്‍ തത്ക്ഷണം മരിച്ചു. അണ്ടലൂര്‍ പഴയ കള്ളുഷാപ്പിനു സമീപം പുതുവയല്‍ വീട്ടില്‍ മനോഹരന്റെയും രമയുടെയും മകന്‍ കമ്പ്യൂട്ടര്‍ വിദ്യാര്‍ഥിയായ മൃദുല്‍ (22), കതിരൂര്‍ പൊക്കായി മുക്കിലെ ചന്ദ്രോത്ത് വീട്ടില്‍ ശശിയുടെയും മോളി(പ്രജിന)യുടെയും മകള്‍ കീര്‍ത്തന (19) എന്നിവരാണ് മരിച്ചത്. ഇരുവരും ജ്യേഷ്ഠാനുജന്മാരുടെ മക്കളാണ്.

മുഴപ്പിലങ്ങാട് മേല്പാലത്തിനുമുകളില്‍ ശനിയാഴ്ച വൈകുന്നേരം 6.55-ഓടെയാണ് സംഭവം. ഗുരുവായൂരില്‍നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് എതിരെ വന്ന മോട്ടോര്‍ ബൈക്കിലിടിച്ചാണ് അപകടം.
എസ്.എസ്.എല്‍.സി. വരെ വിദേശത്ത് പഠിച്ച കീര്‍ത്തന ഉന്നതപഠനത്തിനായാണ് നാട്ടിലെത്തിയത്. അച്ഛന്‍ കതിരൂര്‍ പൊക്കായി മുക്കില്‍ സ്വന്തമായെടുത്ത വീട്ടില്‍ അമ്മൂമ്മയോടൊപ്പമാണ് താമസം. 
 
കീര്‍ത്തനയുടെ മാതാപിതാക്കളും സഹോദരങ്ങളും വിദേശത്താണ്. വിദ്യാര്‍ഥികളായ വിച്ചു, ത്രയന എന്നിവരാണ് സഹോദരങ്ങള്‍. ജിമിത്ത് ലാലാണ് മൃദുലിന്റെ സഹോദരന്‍.മൃതദേഹങ്ങള്‍ തലശ്ശേരി ജനറല്‍ ആസ്​പത്രി മോര്‍ച്ചറിയില്‍.