മലമ്പുഴ: റോഡിനുകുറുകെ ചാടിയ നായയെ ഇടിച്ച ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മന്തക്കാട് ശാസ്താ കോളനി നെല്ലിക്കല്‍ വീട്ടില്‍ പരേതനായ മുഹമ്മദ് കുട്ടിയുടെയും ഉമ്മുസെല്‍മയുടെയും മകന്‍ അബ്ദുല്‍ അസീസാണ് (34) മരിച്ചത്.

തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചോടെ അകത്തേത്തറ നടക്കാവ് റെയില്‍വേ ഗേറ്റിന് സമീപമാണ് സംഭവം. അപകടത്തെത്തുടര്‍ന്ന് രക്തംവാര്‍ന്ന് അസീസ് ഒരുമണിക്കൂര്‍ റോ!ഡില്‍ കിടന്നു. പ്രഭാതസവാരിക്കാരുള്‍പ്പെടെ പരിസരത്തുണ്ടായിരുന്നവര്‍ സഹായിച്ചില്ല. അതുവഴി പോയ വാഹനങ്ങളും നിര്‍ത്താന്‍ കൂട്ടാക്കിയില്ലെന്ന് അപകടത്തില്‍പ്പെട്ട ഓട്ടോറിക്ഷയിലെ യാത്രക്കാര്‍ പറഞ്ഞു.

മേലെ ചെറാട് സ്വദേശികളായ സിന്ധുവിനെയും മകന്‍ ഗിരീഷിനെയും കൊണ്ട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു അസീസ്. നടക്കാവ് റെയില്‍വേ ഗേറ്റ് കഴിഞ്ഞ് ആണ്ടിമഠം എത്തുന്നതിനിടയ്ക്ക് റോഡിനുകുറുകെ പാഞ്ഞ നായയെ ഇടിച്ച് ഓട്ടോറിക്ഷ തലകീഴായി മറിയുകയായിരുന്നു.
 
മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയിലായിപ്പോയ അസീസിനെ പുറത്തെടുക്കാന്‍ ഓടിക്കൂടിയവര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സിന്ധു വിവരമറിയിച്ചതിനെത്തുടര്‍ന്ന് മലമ്പുഴയില്‍നിന്ന് അസീസിന്റെ സഹോദരന്മാരെത്തി പുറത്തെടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അസീസിനെ ആദ്യം സ്വകാര്യ ആസ്​പത്രിയിലും പിന്നീട് ജില്ലാ ആസ്​പത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സിന്ധുവിനും മകനും നിസ്സാര പരിക്കുകളുണ്ട്. അസീസിന്റെ ഭാര്യ: ഫൗസിയ. സഹോദരങ്ങള്‍: റഷീദ, റഹീദ, അന്‍സല്‍.