കോലഞ്ചേരി: കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ പുതുപ്പനം ഗ്യാസ് പമ്പിന് മുന്നിലെ വളവില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സും കാറും കൂട്ടിമുട്ടി നാല് പേര്‍ക്ക് പരിക്ക്. ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

അപകടത്തില്‍ ബസ് യാത്രികരായ മുളന്തുരുത്തി ആരക്കുന്നം കുരിക്കുഴി ഹെബീന (19), കറുകപ്പിള്ളി വടക്കന്‍കുഴി ബേസില്‍ ജോണി (18), ആലപ്പുഴ അരൂര്‍ വെള്ളായനിയില്‍ കുമാരി (38), കാര്‍ ഡ്രൈവര്‍ കടയിരുപ്പ് ചാലില്‍ അര്‍ജുന്‍ എസ്. നായര്‍ (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച വൈകീട്ട് 3.45 നായിരുന്നു അപകടം. മൂവാറ്റുപുഴയില്‍ നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ് മുമ്പില്‍ പൊയ്‌ക്കൊണ്ടിരുന്ന ലോഫ്‌ലോര്‍ ബസ്സിനെ മറികടക്കുന്നതിനിടെ എതിരെ വന്ന കാറില്‍ ഇടിക്കുകായിരുന്നു.

റോഡ് മഴയില്‍ നനഞ്ഞു കിടന്നതിനാല്‍ കാറിന്റെ വേഗം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. പുത്തന്‍കുരിശ് പോലീസും നാട്ടുകാരും ചേര്‍ന്ന് ക്രെയിന്‍ കൊണ്ടു വന്ന് വാഹനങ്ങള്‍ റോഡില്‍ നിന്ന് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ഇതേ വളവില്‍ 2016 ജനവരി മുതല്‍ ഇതുവരെ ഏഴ് വാഹനാപകടങ്ങള്‍ ഉണ്ടായി. രണ്ടാഴ്ച മുമ്പാണ് ട്രെയ്‌ലര്‍ ലോറികള്‍ അപകടത്തില്‍പ്പെട്ട് ഗതാഗതം മുടങ്ങിയത്.

റോഡില്‍ വീതികുറഞ്ഞ് ഇടുങ്ങിയ ഇവിടെ, ഇറക്കം ഇറങ്ങിവരുന്ന വാഹനങ്ങള്‍ അമിത വേഗത്തില്‍ വരികയും കയറ്റം കയറിവരുന്ന വാഹനങ്ങള്‍ മെല്ലെ പോകുന്ന വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്നതുമാണ് അപകടമുണ്ടാക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.