മലപ്പുറം: പെരിന്തല്‍മണ്ണയിലെ ഒരു സ്വകാര്യ ആസ്പത്രിയില്‍ അതിക്രമിച്ചുകയറി ഡോക്ടറെ മര്‍ദിക്കുകയും നാശനഷ്ടമുണ്ടാക്കുകയുംചെയ്ത കേസില്‍ പ്രതികള്‍ക്ക് തടവും പിഴയും ശിക്ഷ. 2012 ഒക്ടോബര്‍ ആറിനാണ് വൈകീട്ട് ഏഴിനാണ് കേസിനാസ്പദമായ സംഭവം.

12 പ്രതികളുണ്ടായിരുന്ന കേസില്‍ പാണ്ടിക്കാട് സ്വദേശികളായ പുളിക്കത്തൊടി കണക്കയില്‍ ജമീഷ്, കാവുങ്ങതൊടിക മുഹമ്മദ് ഷെരീഫ്, കല്ലമൂല അബ്ദുള്‍ സലീം, കാവുങ്ങതൊടിക ഫിറോസ് ബാബു, മാണ്ടയില്‍ സിദ്ദിഖ് എന്നിവരെയാണ് ശിക്ഷിച്ചത്.

വിവിധ വകുപ്പുകളിലായി ആറുമാസം തടവും 14500 രൂപ പിഴയുമാണ് പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഒന്നാംക്ലാസ്സ് മജിസ്ട്രേറ്റ് കോടതി(രണ്ട്) മജിസ്ട്രേറ്റ് സന്തോഷ് കെ. വേണു ശിക്ഷവിധിച്ചത്.

നാലുമുതല്‍ എട്ടുവരെ പ്രതികളെ കോടതി വെറുതെവിട്ടു. രണ്ടുപ്രതികള്‍ വിചാരണയ്ക്ക് ഹാജരായിരുന്നില്ല. പ്രോസിക്യൂഷനുവേണ്ടി എ.പി.പി. ജിനത് കുന്നത്ത് ഹാജരായി. പാണ്ടിക്കാട്ടെ പി.കെ.എം. ആസ്പത്രിയില്‍ അതിക്രമം നടത്തിയ കേസിലാണ് ശിക്ഷ.