തിരുവനന്തപുരം: ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ ബസിടിച്ച് മരിച്ചു. ആറ്റിങ്ങല്‍ വലിയകുന്ന് ഷാലിമാര്‍ ഹൗസില്‍ സലീമിന്റെ ഭാര്യ സീനത്ത്(48) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ സെക്രട്ടേറിയറ്റിനു മുന്‍വശത്തെ തെക്കേ ഗേറ്റിനു സമീപത്തായിരുന്നു അപകടം. സലീമിനും സീനത്തിനൊപ്പമുണ്ടായിരുന്ന മകളുടെ കുഞ്ഞിനും നിസ്സാര പരിക്കേറ്റു.

accidentകെ.എസ്.ആര്‍.ടി.സി. സിറ്റി ബസും സ്‌കൂട്ടറും പാളയം ഭാഗത്തേക്കു പോവുകയായിരുന്നു. സലീം ഓടിച്ചിരുന്ന സ്‌കൂട്ടറിന്റെ പിന്നിലിരിക്കുകയായിരുന്ന സീനത്തിന്റെ ശരീരത്ത് ബസ് മുട്ടിയതിനെത്തുടര്‍ന്ന് നിയന്ത്രണംതെറ്റി സ്‌കൂട്ടര്‍ വീണു. സീനത്ത് ബസ്സിനടിയിലേക്കും സലീമും സീനത്തിന്റെ കൈയിലുണ്ടായിരുന്ന മൂന്നു വയസുള്ള കുഞ്ഞ് സാദിക്കും എതിര്‍ദിശയിലേക്കുമാണ് വീണത്.

അപകടത്തെ തുടര്‍ന്ന് ബസിന്റെ മുന്‍ചക്രം സീനത്തിന്റെ ശരീരത്തിലൂടെ കയറി. പിന്നീട് ബസ് പിന്നോട്ടെടുത്ത് സീനത്തിനെ പുറത്തെടുത്ത ശേഷം ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ സലീമിന് ചില പരിശോധനകളുണ്ടായിരുന്നു. അതുകഴിഞ്ഞ് മറ്റൊരു ആശുപത്രിയില്‍ക്കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിച്ച ശേഷം ആറ്റിങ്ങലിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം.

മക്കള്‍: സജിന, ജിഷാന, ഇര്‍ഫാന്‍(അനസ്). മരുമക്കള്‍: താഹ, നിസ്സാം. ട്രാഫിക് പോലീസ് കേസെടുത്തു.