തൃശ്ശൂര്‍: റെയില്‍പ്പാളത്തിന് സമീപത്തുകൂടി തയ്യല്‍ക്ലാസിലേക്ക് പോവുകയായിരുന്ന വീട്ടമ്മയും വിദ്യാര്‍ഥിനിയും തീവണ്ടി തട്ടി മരിച്ചു. കൂര്‍ക്കഞ്ചേരി കാഞ്ഞിരങ്ങാടി പുതിയ വീട്ടില്‍ പി.കെ. സുധീറിന്റെ ഭാര്യ റുബീന(35), കണിമംഗലം തയ്യില്‍ ഷൈലേഷ് -സരള ദമ്പതിമാരുടെ മകള്‍ മാളവിക (18)എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 10.20 ന് നെടുപുഴ റെയില്‍വെ ഗേറ്റിന് സമീപമാണ് സംഭവം. ഓവുപാലത്തിന് സമീപം റെയില്‍വെ ട്രാക്കിന് അരികിലൂടെ തയ്യല്‍ ക്ലാസിലേക്ക് നടക്കുന്നതിനിടെ ഇരുവരെയും പിന്നാലെയെത്തിയ പാലക്കാട് - എറണാകുളം മെമു തീവണ്ടി തട്ടിവീഴ്ത്തുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ റുബീന സംഭവസ്ഥലത്തും മാളവിക കൂര്‍ക്കഞ്ചേരി എലൈറ്റ് ആസ്?പത്രിയിലേക്കുള്ള യാത്രാ മധ്യേയും മരിച്ചു. മെമു തീവണ്ടി റെയില്‍വെ ഗേറ്റില്‍ നിര്‍ത്തി ഡ്രൈവര്‍ വിവരം ഗേറ്റ് ഗാര്‍ഡിനെ അറിയിച്ചു. ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെയാണ് ഇരുവരെയും ആസ്പത്രിയിലേക്ക് മാറ്റിയത്. 

മനവഴിയിലെ ഡ്രൈവിങ് പരിശീലനം കഴിഞ്ഞ് നെടുപുഴ പോളിടെക്നിക്നിക്കിനോടനുബന്ധിച്ച് നടക്കുന്ന തയ്യല്‍ പരിശീലന ക്ലാസിലേക്ക് വരികയായിരുന്നു ഇവര്‍. എളുപ്പവഴിയിലൂടെ െറയില്‍പാളത്തിനരികിലെത്തി അല്പദൂരം നടന്നാല്‍ ഗ്യാലക്സി റോഡിലേക്കും തുന്നല്‍ പരിശീലന കേന്ദ്രത്തിലേക്കും പോകാം. നെടുപുഴ റെയില്‍വെ ഗേറ്റിന് നൂറുമീറ്റര്‍ അകലെ എത്തിയപ്പോള്‍ പിന്നിലെയെത്തിയ മെമു തീവണ്ടി ഇരുവരെയും ഇടിച്ചുവീഴ്ത്തുകയായിരുന്നു. മെമു തീവണ്ടിക്ക് മറ്റ് തീവണ്ടികളെക്കാള്‍ ശബ്ദം കുറവാണ്. ചാറ്റല്‍ മഴയുള്ളതിനാല്‍ ഇരുവരും കുടചൂടിയിരുന്നതുകൊണ്ട് തീവണ്ടി വരുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവില്ല. പാളത്തിനരികിലെ മെറ്റല്‍പ്പാതയ്ക്ക് താഴെ കുഴിയായതിനാല്‍ പെട്ടെന്ന് ഒഴിഞ്ഞുമാറാനും പറ്റില്ല.

ആത്മഹത്യാ മുനമ്പ് എന്നറിയപ്പെടുന്ന ഈ ഭാഗത്ത് പാളത്തിനുള്ള വളവും അരികുകളില്‍ വളര്‍ന്നു നില്‍ക്കുന്ന കുറ്റിക്കാടും മൂലം അടുത്തെത്തിയപ്പോള്‍ മാത്രമാണ് ഇവര്‍ മെമു ഡ്രൈവറുടെ ശ്രദ്ധയില്‍ പ്പെട്ടത്. ഡ്രൈവര്‍ ഹോണ്‍ മുഴക്കി നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും റുബീനയെയും മാളവികയെയും തട്ടിവീഴ്ത്തി നൂറുമീറ്ററോളം ഓടിയശേഷം റെയില്‍വേ ഗേറ്റിലാണ് തീവണ്ടി നിന്നത്. ഈ ഭാഗത്ത് നല്ല വേഗതയിലാണ് മെമു ഓടുന്നത്.
നെടുപുഴ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി.

ചെറുതുരുത്തിയിലെ സ്വകാര്യ എന്‍ജിനിയറിങ് കോളേജില്‍ ബി.ടെക്. പഠനത്തിന് ചേര്‍ന്ന മാളവിക ക്ലാസ് തുടങ്ങുന്നതിനു മുമ്പുള്ള ഇടവേളയിലാണ് ഡ്രൈവിങ്ങും തയ്യലും പഠിക്കാനാരംഭിച്ചത്. ഗള്‍ഫിലായിരുന്ന അച്ഛന്‍ ഷൈലേഷ് അടുത്തിടെയാണ് നാട്ടിലെത്തിയത്. അമ്മ: സരള (അധ്യാപിക, അമ്മാടം ഗുരുകുലം സ്‌കൂള്‍). സഹോദരി: ദേവിക (വിദ്യാര്‍ഥിനി, അമ്മാടം ഗുരുകുലം സ്‌കൂള്‍). ശവസംസ്‌കാരം ശനിയാഴ്ച രണ്ടിന് വടൂക്കര ശ്മശാനത്തില്‍.

റുബീനയുടെ ഭര്‍ത്താവ് സുധീര്‍ തൃശ്ശൂര്‍ ശക്തന്‍ മാര്‍ക്കറ്റിലെ വ്യാപാരിയാണ്. റുബീനയുടെ ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് കാളത്തോട് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍.