കൊല്ലം: കരവാളൂര്‍ പഞ്ചായത്തിലെ പിറയ്ക്കലില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 18 ചാക്ക് പാന്‍മസാല പിടിച്ചു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പുനലൂര്‍ പോലീസാണ് പാന്‍മസാല ശേഖരം പിടിച്ചെടുത്തത്. തമിഴ്നാട് തിരുനെല്‍വേലി വാസുദേവനല്ലൂര്‍ സ്വദേശി ഗണേശി(49)നെ അറസ്റ്റ് ചെയ്തു.

Panmasalaചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. പാന്‍മസാലയ്ക്ക് ഒമ്പതുലക്ഷം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.ആറുമാസത്തിലധികമായി പിറയ്ക്കലില്‍ വാടകയ്ക്ക് താമസിച്ചുവരുന്നയാളാണ് അറസ്റ്റിലായ ഗണേശ്. കടകളില്‍ സിഗരറ്റ് എത്തിച്ച് വില്പന നടത്തുകയാണ് ഇയാളുടെ ജോലി. തമിഴ്നാട്ടിലെ തെങ്കാശിയില്‍നിന്നാണ് പാന്‍മസാല എത്തിച്ചതെന്ന് ഇയാള്‍ വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. ചില്ലറവില്പനക്കാര്‍ക്ക് നല്‍കാനാണിത്. എസ്.ഐ. സി.കെ.മനോജ്, എസ്.ശശിധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തമിഴ്നാടുമായി അടുത്തുകിടക്കുന്ന പട്ടണമെന്ന നിലയില്‍ പുനലൂരാണ് പാന്‍മസാല കടത്തിന്റെ ഇടത്താവളം. തമിഴ്നാട്ടില്‍നിന്ന് കെ.എസ്.ആര്‍.ടി.സി. ബസുകളിലും പാന്‍മസാല കടത്താറുണ്ട്. സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികളും ഇതര സംസ്ഥാന തൊഴിലാളികളുമാണ് പാന്‍മസാലയുടെ മുഖ്യ ഉപഭോക്താക്കള്‍.