കണ്ണൂര്‍: കേരള-കര്‍ണാടക അതിര്‍ത്തി ചെക്ക് പോസ്റ്റായ കൂട്ടുപുഴ, കിളിയന്തറ എന്നിവ കേന്ദ്രീകരിച്ച് ഇരിട്ടി ഡിവൈ.എസ്.പി. പ്രജീഷ് തോട്ടത്തലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വന്‍നികുതിവെട്ടിപ്പും മദ്യം, നിരോധിത പാന്‍ ഉത്പന്നങ്ങളുടെ കടത്ത് എന്നിവയും പിടികൂടി.

നാലു ലക്ഷത്തോളം രൂപയുടെ നികുതിവെട്ടിപ്പാണ് കണ്ടെത്തിയത്. വിലപിടിപ്പുള്ള തുണിത്തരങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, മറ്റ് വസ്തുക്കള്‍ എന്നിവയുടെ കടത്താണ് കണ്ടെത്തിയത്. ബെംഗളൂരുവില്‍നിന്ന് വരികയായിരുന്ന ടൂറിസ്റ്റ് ബസ്സുകളിലും മറ്റ് സ്വകാര്യവാഹനങ്ങളിലും നടത്തിയ പരിശോധനയിലാണ് നികുതിവെട്ടിച്ച് കടത്തിയ സാധനങ്ങള്‍ പിടികൂടിയത്.

സി.ഐ.സജേഷ് വാഴാളപ്പില്‍, പ്രിന്‍സിപ്പല്‍ എസ്.ഐ. സുധീര്‍ കല്ലന്‍, ഉളിക്കല്‍, കരിക്കോട്ടക്കരി, ആറളം, ഇരിക്കൂര്‍ തുടങ്ങിയ സ്റ്റേഷനിലെ എസ്.ഐ.മാര്‍ എന്നിവരും ഉള്‍പ്പെട്ട പോലീസ് സംഘം ഏഴ് സ്‌ക്വാഡുകളായി പിരിഞ്ഞാണ് പരിശോധ നടത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടെരമുതല്‍ അഞ്ചരവരെ നടത്തിയ ഓപ്പറേഷന്‍ സുക്ഷയില്‍ കര്‍ണാടകയില്‍നിന്ന് വരികയായിരുന്ന 50-ഓളം വാഹനങ്ങളാണ് പരിശോധിച്ചത്. ഇതിനിടയിലാണ് 22 ലക്ഷം രൂപയുടെ കുഴല്‍പ്പണവും കണ്ടെത്തിയത്.

കിളിയന്തറ, കൂട്ടപുഴ വില്പനനികുതി ചെക്ക് പോസ്റ്റുകള്‍ കേന്ദ്രികരിച്ച് വന്‍തോതില്‍ നികുതിവെട്ടിപ്പ് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന. കിളിയന്തറ ചെക്ക് പോസ്റ്റില്‍ പരിശോധന കഴിഞ്ഞെത്തിയ വാഹനങ്ങളില്‍നിന്നാണ് നികുതിവെട്ടിച്ച് കടത്തിയ സാധനങ്ങള്‍ പോലീസ് പിടികൂടിയത്.

വിരാജ്പേട്ടയില്‍നിന്ന് വരികയായിരുന്ന കേരള കെ.എസ്.ആര്‍.ടി.സി. ബസ്സില്‍നിന്നും 10 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി. നെടുംപെയില്‍ ക്രഷറിലെ ജീവനക്കാരായ തമിഴ്നാട് സ്വദേശി സമ്പത്ത്കുമാര്‍ (53)-നെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ ബാഗില്‍നിന്നാണ് മദ്യം കണ്ടെത്തിയത്.

ബെംഗളൂരുവില്‍നിന്ന് തലശ്ശേരിയിലെക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ്സില്‍നിന്നും 1300 പാക്കറ്റ് നിരോധിത പാന്‍ ഉത്പ്പന്നങ്ങളും പിടികൂടി. വടകര സ്വദേശി ചാമരങ്ങല്‍ ശശി (52)-നെയും പോലീസ് കസ്റ്റഡിയിലെടുത്തു.