മുംബൈ: 34കാരിയായ യുവതി ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട വാര്‍ത്തയുടെ ഞെട്ടല്‍ മാറുന്നതിന് മുന്‍പ് മഹാരാഷ്ട്രയില്‍ നിന്ന് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന മറ്റൊരു പീഡന വാർത്ത. 15 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

മഹാരാഷ്ട്രയിലെ ഉല്‍ഹാസ്‌നഗര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെള്ളിയാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഷിര്‍ദ്ദി എന്ന സ്ഥലത്തുനിന്ന് കല്യാണില്‍ എത്തിയ പെണ്‍കുട്ടി ഉല്‍ഹാസ് നഗറിലേക്കുള്ള ട്രെയിനില്‍ യാത്ര ചെയ്ത് രാത്രി ഒന്‍പത് മണിയോടെ സ്റ്റേഷനിലെത്തി. തുടർന്ന് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെണ്‍കുട്ടി.

സ്റ്റേഷനിലെ മേല്‍പ്പാലത്തിലൂടെ നടക്കുന്നതിനിടെ ഒരാള്‍ ഇവരുടെ അടുത്തേക്ക് എത്തുകയും കൈവശമുണ്ടായിരുന്ന ചുറ്റിക ഉയര്‍ത്തിക്കാണിച്ച് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ ഭയപ്പെടുത്തി ഓടിക്കുകയും ചെയ്തു. 

തുടര്‍ന്ന് പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് ആളൊഴിഞ്ഞ ഒരിടത്തേക്ക് കൊണ്ട് പോവുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. രാത്രി മുഴുവന്‍ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചു. രാവിലെ അവിടെ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി ഒരാളുടെ കയ്യില്‍ നിന്ന് ഫോണ്‍ വാങ്ങി സുഹൃത്തിനെ വിളിച്ച് കാര്യം അറിയിച്ചു. 

സുഹൃത്തിന്റെ ഉപദേശം അനുസരിച്ച് രണ്ട് പോലീസ് സ്‌റ്റേഷനുകളില്‍ വിളിച്ച് കാര്യം അറിയിച്ചെങ്കിലും കുറ്റകൃത്യം നടന്നത് തങ്ങളുടെ അധികാരപരിധിയില്‍ വരുന്ന സ്ഥലത്തല്ലെന്ന കാരണം പറഞ്ഞ് അവർ കേസെടുക്കാന്‍ തയ്യാറായില്ലെന്ന് റെയില്‍വേ പോലീസ് കമ്മിഷണര്‍ അറിയിച്ചു. 

കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം കൗണ്‍സിലിങ് നല്‍കിവരികയാണ്. ഫൊറന്‍സിക് വിദഗ്ധര്‍ സഥലത്തെത്തി പരിശോധന നടത്തി. പോലീസ് പിടിയിലായ പ്രതിയ്ക്കെതിരേ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് റെയില്‍വേ പോലീസ് കമ്മിഷണര്‍ കയ്‌സര്‍ ഖാലിദ് പറഞ്ഞു.

പ്രതി സ്ഥിരം കുറ്റവാളിയാണെന്നും ഇയാള്‍ക്കെതിരെ പിടിച്ചുപറി, മോഷണം എന്നീ കുറ്റങ്ങള്‍ക്ക് മുന്‍പും കേസെടുത്തിട്ടുണ്ടെന്നും കമ്മിഷണര്‍ അറിയിച്ചു. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: 15 year old girl raped in railway premises and police refused to file a case