ബൈബിളിൽ മത്തായിയുടെ സുവിശേഷം 24-ാം അദ്ധ്യായം 24 മുതൽ 26 വരെയുള്ള വാക്യങ്ങളിൽ നിന്നാവട്ടെ തുടക്കം. 'അനന്തരം ജനക്കൂട്ടത്തിന് മുൻപിൽ നിന്നുകൊണ്ട് വെള്ളമെടുത്ത് കൈകൾ കഴുകിയിട്ട് പീലാത്തോസ് പറഞ്ഞു: ''ഈ നീതിമാന്റെ രക്തത്തിൽ എനിക്ക് പങ്കില്ല.'' ചരിത്രം ദുരന്തമായാണോ പ്രഹസനമായാണോ  ആവർത്തിക്കുന്നതെന്നറിയില്ല. എന്തായാലും ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ജനത്തിന് മുന്നിലേക്കിട്ട് കൊടുത്തിട്ട് നമ്മുടെ ഭരണാധികാരികൾ പറയുന്നു: ''നോക്കൂ, ഞങ്ങൾ ഈ റിപ്പോർട്ട് വായിക്കുക പോലും ചെയ്തിട്ടില്ല.'' കേരളമെന്നൊരു ദേശത്ത് കൈ കഴുകൽ ഒരു കലയായി മാറുമെന്ന് പീലാത്തോസ് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല.

To advertise here,

2017-ൽ നിയമിക്കപ്പെട്ട കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് കൈമാറിയത് 2019 ഡിസംബർ 31-നാണ്. റിപ്പോർട്ടിൽ രഹസ്യമായി വെയ്ക്കേണ്ട വിവരങ്ങളുണ്ടെന്നും ഇത്തരം കാര്യങ്ങളിൽ സുപ്രീം കോടതി അനുശാസിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുടർന്നുകൊണ്ടാണ് റിപ്പോർട്ട് കൈകാര്യം ചെയ്യേണ്ടതെന്നും ജസ്റ്റിസ് ഹേമ കേരള
സർക്കാരിന് കത്തെഴുതുന്നത് 2020 ഫെബ്രുവരി 19-നാണ്. അതായത് റിപ്പോർട്ട് കയ്യിൽ കിട്ടിയിട്ട് ഒന്നര മാസത്തോളം പിണറായി സർക്കാർ അനങ്ങിയില്ല. ഒന്നര മാസത്തിന് ശേഷം ജസ്റ്റിസ് ഹേമയുടെ കത്ത് കിട്ടിയപ്പോൾ അതിൽ തൂങ്ങിപ്പിടിച്ച് അടയിരിക്കൽ തുടർന്നു. ആ വർഷം തന്നെ ഒക്ടോബറിൽ അന്ന് സംസ്ഥാന വിവരാവകാശ കമ്മീഷൻ അദ്ധ്യക്ഷനായിരുന്ന വിൻസൻ എം. പോൾ റിപ്പോർട്ട് പുറത്തുവിടാനാവില്ലെന്ന് നിലപാടെടുത്തു. 

വൈദ്യൻ കൽപിച്ചതും രോഗി ഇച്ഛിച്ചതും പാലെന്ന പഴമൊഴി പോലെ പോൾ സാറിന്റെ ഉത്തരവ് കണ്ട് സർക്കാർ ആനന്ദസാഗരത്തിലാറാടി. നിയമസഭയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉയർത്തിയ വാദഗതി രസകരമായിരുന്നു. കമ്മീഷൻ ഓഫ് എൻക്വയറി നിയമപ്രകാരമല്ല ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് രൂപം നൽകിയതെന്നും അതുകൊണ്ട് റിപ്പോർട്ട് പൊതുജന മദ്ധ്യേ വെയ്ക്കാൻ സർക്കാരിന് നിയമപരമായ ബാദ്ധ്യതയില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. റിപ്പോർട്ട് പഠിക്കാൻ പുതിയൊരു കമ്മിറ്റിയെ നിയോഗിക്കുന്ന തമാശയും ഇതിനിടയിൽ കേരളം കണ്ടു. 

സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയും മറ്റുമടങ്ങിയ ആ കമ്മിറ്റി എന്താണ് ചെയ്തതെന്ന് ഒരു വിവരവുമില്ല. സംസ്ഥാന ഖജനാവിൽനിന്ന് ഒരു കോടി ആറ് ലക്ഷം രൂപ ചെലവഴിച്ച് തയ്യാറാക്കിയ റിപ്പോർട്ട് പഠിക്കാൻ പുതിയൊരു കമ്മിറ്റിയെ വെയ്ക്കുന്നത് ജനങ്ങളുടെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്നതിന് തുല്ല്യമായിരുന്നു. കൈഴുകലിൽ ഗവേഷണം നടത്തുന്നവർ പക്ഷേ, ഇതും ഇതിലപ്പുറവും ചെയ്യും!

placeholder
.
രേവതിയും പാർവതിയും | ഫോട്ടോ: മാതൃഭൂമി

കൈ കഴുകൽ മാഹാത്മ്യം

കഴിഞ്ഞ ദിവസം മാതൃഭൂമിയിൽ എഴുതിയ ലേഖനത്തിൽ നടി രേവതി  വ്യക്തമാക്കിയ നിലപാട് ശ്രദ്ധേയമാണ്: ''ഡബ്ലിയു.സി.സി. ചിലർക്കെങ്കിലും ശല്ല്യക്കാരികളായേക്കാം. നീതികേടുകൾക്കെതിരെ ശബ്ദമുയർത്തുന്നതാണ് ശല്ല്യമെങ്കിൽ ആ വിശേഷണം ഞങ്ങൾ അഭിമാനപൂർവ്വം ഏറ്റെടുക്കുന്നു.'' അധികാരത്താൽ ഉന്മത്തരാവുന്നവർ നടത്തുന്ന അതിക്രമങ്ങൾക്ക് മുന്നിൽ നിശ്ശബ്ദരാവില്ലെന്ന ധീരമായ പ്രഖ്യാപനമാണത്. 

മാതൃഭൂമി ന്യൂസിന് കൊടുത്ത അഭിമുഖത്തിൽ നടി പാർവ്വതി പറഞ്ഞതും ഇതോടൊപ്പം ചേർത്ത് വായിക്കണം. അനീതിയുമായി ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും സാദ്ധ്യമല്ലെന്നാണ് പാർവ്വതി അസന്നിഗ്ദ്ധമായി പറഞ്ഞത്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോഴുണ്ടായത് മധുരവും കയ്പും ഒന്നുചേർന്ന വികാരമായിരുന്നു എന്നും പാർവ്വതി പറഞ്ഞു. നാല് കൊല്ലത്തോളം കാത്തിരിക്കേണ്ടി വന്നതാണ് കയ്പുണ്ടാക്കിയത്. ഹൃദയം തകർക്കുന്ന കാത്തിരിപ്പ്. അത്രയേറെ ത്യാഗം സഹിച്ചാണ് പാർവ്വതിയും സുഹൃത്തുക്കളും നീതിക്കായി ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയത്. മണിക്കൂറുകളും ദിവസങ്ങളും എടുത്ത് നൽകിയ മൊഴികൾ. ജോലി ചെയ്യുന്ന ഇടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പീഡനങ്ങൾക്ക് അറുതിവരുത്തണമെന്ന ഒരൊറ്റ ചിന്തയിൽനിന്ന് ഉടലെടുത്ത പോരാട്ടമായിരുന്നു അത്.

ഡബ്ലിയു.സി.സിയുടെ ഇടപെടലിൽ ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് രൂപം നൽകിയപ്പോൾ പിണറായി സർക്കാർ വാസ്തവത്തിൽ ചരിത്രപരമായ നിയോഗത്തിൽ പങ്കാളിയാവുകയായിരുന്നു. പക്ഷേ, തുടർന്നങ്ങോട്ടുള്ള കൈകഴുകലിൽ സർക്കാർ ഈ പങ്കാളിത്തമത്രയും
കളഞ്ഞുകുളിച്ചു. റിപ്പോർട്ട് എങ്ങിനെ പുറത്തുവിടാതിരിക്കാം എന്നായിരുന്നു സർക്കാരിന്റെ തുടർചിന്തകൾ. ഈ ചിന്തയുടെ പ്രതിഫലനമാണ് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ പ്രതികരണത്തിലുണ്ടായത്. റിപ്പോർട്ട് മുഴുവൻ താൻ വായിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. സ്വന്തം വകുപ്പിന്റെ കീഴിൽ വരുന്ന ഒരു മേഖലയുമായി ബന്ധപ്പെട്ടുള്ള അതിക്രമങ്ങൾക്കും അനീതികൾക്കും പരിഹാരം തേടുന്ന ഒരു റിപ്പോർട്ട് മുഴുവൻ വായിച്ചിട്ടില്ലെന്ന് പറയുന്നത് പോലൊരു കൈ കഴുകൽ വേറെ എന്താണുള്ളത്. റിപ്പോർട്ടിൽ പരമാർശിക്കപ്പെട്ടിട്ടുണ്ടെന്ന്് പറയുന്ന ഉന്നതരുടെ പേരുകൾ കണ്ട് മറവിരോഗത്തിന്റെ പിടിയിലാണ് താനിപ്പോഴെന്ന് അദ്ദേഹം പറഞ്ഞാൽ അത്ഭുതപ്പെടണ്ടി വരില്ല.

placeholder
.
മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തിയ ഡബ്ല്യു.സി.സി. അംഗങ്ങൾ മുഖ്യമന്ത്രിയോടൊപ്പം സെൽഫി എടുക്കുന്നു

ഒതുക്കപ്പെട്ടവരും ഒറ്റുകാരും

ഹേമ കമ്മിറ്റി റിപ്പോർട്ട് ഒരു സുപ്രഭാതത്തിൽ ആകാശത്തുനിന്നു പൊട്ടിവീഴുകയായിരുന്നില്ല. മലയാള സിനിമാ ലോകത്തെ അനീതികളും അക്രമങ്ങളും കണ്ട് ഭരണകൂടം സ്വമേധയാ പ്രഖ്യാപിച്ചതൊന്നുമല്ല ജസ്റ്റിസ് ഹേമ കമ്മിറ്റി. ചലച്ചിത്ര മേഖലയിലെ വനിത കൂട്ടായ്മ (Women In Cinema Collective - WCC) എന്ന സംഘടനയുടെ ഇടപെടലിനെ തുടർന്നാണ് കേരള സർക്കാർ ഇത്തരമൊരു കമ്മിറ്റിക്ക് രൂപം നൽകിയത്. 

ഇടപെടാൻ കഴിവുള്ള സവിശേഷ ജീവികളാണ് മനുഷ്യർ. ചരിത്രം നിർമ്മിക്കപ്പെടുന്നത് ഇത്തരം ഇടപെടലുകളിലൂടെയാണ്. 2017 ഫെബ്രുവരിയിൽ കേരളത്തെ ഞെട്ടിച്ച ഒരു സംഭവത്തിൽ നിന്നാണ് ഡബ്ലിയു.സി.സി. രൂപമെടുക്കുന്നത്. കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയിൽ ഒരു യുവനടിയെ തട്ടിക്കൊണ്ടുപോയി കാറിൽവെച്ച് പീഡിപ്പിക്കുകയും പീഡനരംഗങ്ങൾ ചിത്രീകരിക്കുകയും ചെയ്തതുപോലൊരു കുറ്റകൃത്യം കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായിരുന്നു. ഇരയുടെ നിസ്സഹായതയും അപമാനവും ചൂഷണം ചെയ്ത് സാധാരണഗതിയിൽ ഇത്തരം കേസുകളിൽ കുറ്റവാളികൾ സമർത്ഥമായി രക്ഷപ്പെടുകയാണ് പതിവ്. പക്ഷേ, യുവനടിയുടെ പ്രതികരണം അനിതരസാധാരണവും അനന്യവുമായിരുന്നു. അക്രമികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്ന് അവർ ഉറച്ച നിലപാടെടുത്തു. അക്രമിക്കപ്പെട്ട താനല്ല അക്രമിച്ച കുറ്റവാളികളാണ് സമൂഹത്തിന് മുന്നിൽ കരയേണ്ടതെന്നും അവരാണ് തുറന്നുകാട്ടപ്പെടേണ്ടതെന്നുമുള്ള നീതിയുടെയും ന്യായത്തിന്റെയും അടിത്തറയിൽ നിന്നുടലെടുത്ത നിലപാടായിരുന്നു അത്.

ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ രൂപീകരണത്തിൽ ആർക്കെങ്കിലും  നന്ദി പറയേണ്ടതുണ്ടെങ്കിൽ അത് ഈ യുവനടിയോടും ഡബ്ലിയു.സി.സിയോടുമാണ്. മലയാള ചലച്ചിത്രലോകം അടക്കി വാണിരുന്ന ഒരു സംഘത്തിനെതിരെ പരസ്യമായി കലാപക്കൊടി ഉയർത്തിയ ഡബ്ലിയു.സി.സി. ഇന്ത്യൻ സിനിമാ മേഖലയിൽ പുതിയൊരു അദ്ധ്യായത്തിനാണ് തുടക്കം കുറിച്ചത്. അതിനവർ കൊടുക്കേണ്ടി വന്ന വില ചെറുതായിരുന്നില്ല. ഡബ്ലിയു.സി.സിയുടെ മുൻനിരയിലുണ്ടായിരുന്ന പാർവ്വതിയും റിമ കല്ലിങ്കലും ഗീതു മോഹൻദാസും രമ്യ നമ്പീശനും പദ്മപ്രിയയുമൊക്കെ അതിഭീകരമായി ഒതുക്കെപ്പെട്ടു. 

സൂപ്പർ താരം വരുമ്പോൾ എഴുന്നേറ്റ് നിൽക്കാതിരുന്ന ലൈറ്റ്ബോയിക്ക് പണി പോയതും റിപ്പോർട്ടിലുണ്ട്. അതേസമയം ജസ്റ്റിസ് ഹേമ കമ്മിറ്റി ചൂണ്ടിക്കാട്ടിയതുപോലെ ഡബ്ലിയു.സി.സിക്ക് തുടക്കം കുറിക്കാൻ മുന്നിൽ നിൽക്കുകയും എന്നാൽ പിന്നീട് പ്രസ്ഥാനത്തെ ഉപേക്ഷിക്കുകയും ചെയ്ത നടിക്ക് അവസരങ്ങളുടെ പെരുമഴയായിരുന്നു. ഇതൊന്നും വാസ്തവത്തിൽ പുതിയ കാര്യങ്ങളല്ല. പക്ഷേ, ഇതുവരെ വെറുതെ പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങൾ ഇപ്പോൾ നമ്മുടെ മുന്നിൽ ഒരു സർക്കാർ രേഖയായി വന്നിരിക്കുന്നു എന്നിടത്താണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഒരു സാംഗത്യം.

യുവനടിയെ ആക്രമിച്ച കേസിൽ അമ്മ അഥവാ എ.എം.എം.എ. (അസോസിയേഷൻ ഒഫ് മലയാളം മൂവി ആക്ടേഴ്സ്) എന്ന പ്രബല സംഘടന സ്വീകരിച്ച നിലപാട് അതിവിചിത്രമായിരുന്നു. വേട്ടക്കാർക്കൊപ്പം നിലയുറപ്പിക്കുന്ന ഈ വൃത്തികേടിൽ സംഘടനയുടെ തലപ്പത്തിരുന്ന താരങ്ങൾക്കൊന്നും തന്നെ ഒരു മനഃസാക്ഷിക്കുത്തും ഉണ്ടായില്ല. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷൻ അദ്ധ്യക്ഷനായ എ. അബ്ദുൾ ഹക്കിം ഉത്തരവിട്ടപ്പോൾ ഇതേ സംഘടനയുടെ ഭാരവാഹികളുടെ പ്രതികരണം മാദ്ധ്യമപ്രവർത്തകർ തേടിയിരുന്നു. അപ്പോൾ ഈ സംഘടനയുടെ ജനറൽ സെക്രട്ടറിയായ സിദ്ദീഖ് പറഞ്ഞത് റിപ്പോർട്ട് പുറത്തുവിടണമെന്നോ പുറത്തുവിടരുതെന്നോ ഞങ്ങൾക്ക് അഭിപ്രായമില്ല എന്നായിരുന്നു. ഈ കൈ കഴുകൽ കണ്ട് പിലാത്തോസ് ഏറ്റവുമാദ്യം കണ്ട മരത്തിൽ കയറി കഴുത്തിൽ കുടുക്കിട്ടുണ്ടെങ്കിൽ അതൊരു സ്വാഭാവികമായ പ്രതികരണമായേ കാണാനാവൂ!

placeholder
.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖ് സംസാരിക്കുന്നു | ഫോട്ടോ: മാതൃഭൂമി

ട്രിബ്യൂണൽ, രേഖാമൂലമുള്ള കരാർ

മലയാള ചലച്ചിത്രലോകത്തെ ആക്രമികളെ വിചാരണ ചെയ്യലോ ശിക്ഷ വിധിക്കലോ അല്ല തങ്ങൾ ചെയ്യുന്നതെന്നും സ്ത്രീകൾ ഈ മേഖലയിൽ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ജസ്റ്റിസ് ഹേമ കമ്മിറ്റി അസന്നിഗ്ദ്ധമായി പറയുന്നുണ്ട്. അപ്പോൾ പിന്നെ പിണറായി സർക്കാർ ചെയ്യേണ്ടിയിരുന്ന ്രപഥമവും പ്രധാനവുമായ കാര്യം ഹേമ കമ്മിറ്റി മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ എങ്ങിനെ നടപ്പാക്കാം എന്നതായിരുന്നു. മലയാള ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാര മാർഗ്ഗങ്ങൾ ജസ്റ്റിസ് ഹേമയും നടി ശാരദയും മുൻ ഐ.എ.എസ്. ഓഫിസർ കെ.ബി. വത്സലകുമാരിയും അടങ്ങുന്ന കമ്മിറ്റി മുന്നോട്ടുവെയ്ക്കുന്നുണ്ട്.  പരാതികൾ കേൾക്കുന്നതിനും പരിഹരിക്കുന്നതിനും ഒരു ട്രിബ്യൂണൽ സ്ഥാപിക്കുക എന്നതാണ് അതിലൊന്ന്. ജില്ലാ ജഡ്ജിയുടെ അധികാരങ്ങളുള്ള ഇത്തരമൊരു ട്രിബ്യൂണലിന് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ വേഗത്തിൽ തീർപ്പുണ്ടാക്കാനാവും.

ഒരു സിനിമ നിർമ്മിക്കുമ്പോൾ സംവിധായകൻ, നായകൻ, നായിക തുടങ്ങിയ സുപ്രധാന വ്യക്തികളുമായി മാത്രമാണ് നിർമ്മാണക്കമ്പനികൾ രേഖാമൂലമുള്ള കരാറുകൾ ഒപ്പിടുന്നത്. ജൂനിയർ ആർട്ടിസ്റ്റുകൾ അടക്കുമള്ള ബാക്കി പ്രവർത്തകരുമായി രേഖാമൂലമുള്ള ഒരു കരാറും എഴുതപ്പെടുന്നില്ല. ഒരു മാസത്തോളം ജോലി ചെയ്തിട്ട് ഒരു ജൂനിയർ നടിക്ക് വെറും എണ്ണായിരം രൂപയാണ് പ്രതിഫലം നൽകിയതെന്ന് കെ.ബി. വത്സലകുമാരി റിപ്പോർട്ടിൽ എടുത്ത് പറയുന്നുണ്ട്. ദിവസക്കൂലിക്ക് കേരളത്തിൽ ജോലി ചെയ്യുന്ന കുടിയേറ്റത്തൊഴിലാളിക്ക് കിട്ടുന്ന പരിഗണന പോലും ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് കിട്ടുന്നില്ല. എല്ലാ ജോലിക്കാരുമായും രേഖാമൂലമുള്ള കരാർ ഉണ്ടായിരിക്കണമെന്നതാണ് ഇതിനുള്ള പരിഹാരമെന്ന് വത്സലകുമാരി ചൂണ്ടിക്കാട്ടുന്നു. ലിംഗപരമായ അസമത്വം നിറഞ്ഞുനിൽക്കുന്ന ഇടമാണ് ചലച്ചിത്രലോകം. ലിംഗപരമായ ബോധവത്കരണം നേടിയിട്ടുള്ളവരെ മാത്രമേ ചലച്ചിത്ര നിർമ്മാണത്തിൽ പങ്കെടുപ്പിക്കാവൂ എന്ന് വത്സലകുമാരി പറയുന്നത് ഈ പശ്ചാത്തലത്തിലാണ്. ലിംഗ സമത്വത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സുകളിൽ പങ്കെടുത്തതിന്റെ സാക്ഷ്യപത്രമുള്ളവർക്ക് മാത്രമേ ചലച്ചിത്ര നിർമ്മാണത്തിൽ ജോലി കിട്ടൂ എന്ന് നിർബ്ബന്ധമുണ്ടാവണം.

ഷൂട്ടിങ് നടക്കുന്ന ലൊക്കേഷനുകളിൽ സ്ത്രീകൾക്ക് ശുചിമുറികളോ വസ്ത്രം മാറുന്നതിനുള്ള സംവിധാനമോ ഇല്ലാത്തതിനെക്കുറിച്ച് നടി ശാരദ കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. കഴിയുന്നതും വെള്ളം കുടിക്കാതെയും മണിക്കൂറുകളോളം മൂത്രമമൊഴിക്കാതെ നോക്കിയുമാണ് സ്ത്രീകൾ ഈ പ്രതിസന്ധി നേരിടുന്നത്. ഇതിന്റെ ഫലമായി മൂത്രാശയ സംബന്ധമായ രോഗങ്ങൾ പിടിപെടുന്നവർ വളരെ അധികമാണെന്ന് റിപ്പോർട്ടിലുണ്ട്.  നൂറും ഇരുന്നൂറും കോടി ക്ലബ്ബുകളിലേക്ക് മലയാള സിനിമ കടക്കുന്നുവെന്ന ആഘോഷങ്ങൾക്കിടയിൽ വിസ്മരിക്കപ്പെടുന്നത് ഈ സിനിമകൾക്കായി ശരീരം മറന്ന് ജോലിയെടുക്കേണ്ടി വരുന്നവരാണ്. ഇവരുടെ സുരക്ഷയും ഉന്നമനവുമാണ് ഹേമ കമ്മിറ്റി ലക്ഷ്യമിടുന്നത്. പക്ഷേ, ഇത്തരമൊരു റിപ്പോർട്ടും കയ്യിൽവെച്ച് ഇക്കഴിഞ്ഞ നാലരവർഷത്തോളം പിണറായി സർക്കാർ ചെയ്തത് കൈഴുകൽ മാത്രമായിരുന്നു.

placeholder
.
ഹാർവ്വി വെയ്ൻസ്റ്റൺ കോടതിമുറിയിൽ | Photo: AFP

ഹാർവ്വി വെയ്ൻസ്റ്റൺ എന്ന പാഠം

മലയാള ചലച്ചിത്ര ലോകത്തെ ജസ്റ്റിസ് ഹേമ കമ്മിറ്റി കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ചലച്ചിത്ര മേഖലയിലെ സാങ്കേിതക വിദഗ്ദ്ധർക്കായി സംവിധായകൻ വിനയന്റെ നേതൃത്വത്തിൽ തുടങ്ങിയ മാക്ട എന്ന സംഘടനയെ അട്ടിമറിച്ച് ഫെഫ്ക നിലവിൽ വന്നതിനെക്കുറിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എടുത്ത് പറയുന്നുണ്ട്. ഏത് മേഖലയിലും കുത്തകവത്കരണമുണ്ടായാൽ അതിനെതിരെ നടപടി എടുക്കേണ്ട സ്ഥാപനമാണ് കോമ്പറ്റിഷൻ കമ്മീഷൻ. മലയാള സിനിമാ മേഖലയിലെ കുത്തകവ്തകരണത്തിനെതിരെയുള്ള പരാതിയിൽ കോമ്പറ്റിഷൻ കമ്മീഷൻ അമ്മയ്ക്കും ഫെഫ്കയ്ക്കുമെതിരെ പിഴ ചുമത്തിയതിനെക്കുറിച്ച് ഹേമ കമ്മിറ്റി
റിപ്പോർട്ടിലുണ്ട്. 4.65 ലക്ഷം രൂപ പിഴ അടയ്ക്കണമെന്നാണ് കമ്മീഷൻ അമ്മയോട് ആവശ്യപ്പെട്ടത്. ഫെഫ്കയ്ക്ക് മേൽ 85,594 രൂപ പിഴ ചുമത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു മുൻനിര നടനെ മലയാള സിനിമയിൽനിന്ന് മാത്രമല്ല ടെലിവിഷൻ സീരിയൽ രംഗത്തുനിന്ന്പോലും അകറ്റിനിർത്താൻ ഈ സംഘം നടത്തിയ ശ്രമങ്ങളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്.

ഹോളിവുഡിലെ ചക്രവർത്തി എന്നറിയപ്പെട്ടിരുന്ന ഹാർവ്വി വെയ്ൻസ്റ്റൺ വീണതെങ്ങിനെയാണെന്നത് നമ്മുടെ കൺമുന്നിലുണ്ട്. കിൽ ബിൽ, പൾപ് ഫിക്ഷൻ, ലോർഡ് ഒഫ് ദ റിങ്സ് എന്നിവയുൾപ്പെടെ ലോകം മുഴുവൻ അറിയപ്പെടുന്ന നിരവധി സിനിമകളുടെ നിർമ്മാതാവായിരുന്നു വെയ്ൻസ്റ്റൺ. അമേരിക്കൻ ഭരണകൂടത്തോട് വളരെ അടുപ്പമുണ്ടായിരുന്നു വെയ്ൻസ്റ്റണ്. ഹില്ലരി ക്ലിന്റൺ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ ഫണ്ട് കൊണ്ടുവരുന്നതിൽ വെയ്ൻസ്റ്റൺ മുൻനിരയിലുണ്ടായിരുന്നു. പക്ഷേ, ന്യൂയോർക്ക് ടൈംസും ന്യൂയോർക്കറും 2017-ൽ വെയ്ൻസ്റ്റൺന്റെ സ്ത്രീപീഡന പരമ്പരകൾ പുറത്തുവിട്ടതോടെ ഹോളിവുഡിലെ ചക്രവർത്തിയുടെ അടിതെറ്റി. നടികളും ചലച്ചിത്ര പ്രവർത്തകരും മീ ടൂ മൂവ്മെന്റിൽ അണിചേർന്നതോടെ ഹോളിവുഡിലെ അധോലോകം ലോകത്തിന് മുന്നിൽ അനാവരണം ചെയ്യപ്പെട്ടു. ഇപ്പോൾ ന്യൂയോർക്കിലെ ജയിലിൽ അഴിയെണ്ണുകയാണ് വെയ്ൻസ്റ്റൺ.

വെയ്ൻസ്റ്റൺന്റെ സഹായിയായി പ്രവർത്തിച്ചിരുന്ന ലോറൻ ഒകൊണർ എന്ന സ്ത്രീ എഴുതിയ ഒരു കുറിപ്പ് ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ചിരുന്നു. ആ റിപ്പോർട്ടിൽ അവർ പറഞ്ഞ ഒരു കാര്യം ഇതായിരുന്നു: ''I am a 28 year old woman trying to make a living and a career. Harvey weinstein is a 64 year old, world famous man and this is his company. The balance of power is  me : 0, Harvey weinstein - 10.'' അധികാരവും പ്രതാപവും സ്വാധീനവും നോക്കിയാൽ ഹാർവ്വിക്ക് മുന്നിൽ ലോറൻ ഒന്നുമല്ലായിരുന്നു. പക്ഷേ, അവർ പോരാടി. നീതിക്കും സമത്വത്തിനുമായുള്ള പോരാട്ടം. ആ പോരാട്ടം അവർക്ക് വേണ്ടി മാത്രമായിരുന്നില്ല. പാർവ്വതി പറയുന്നത് പോലെ ലോകത്തെ എല്ലാ സ്ത്രീകൾക്കും വേണ്ടിയുള്ള പോരാട്ടമായിരുന്നു. കുറച്ചു വർഷങ്ങൾക്ക് ശേഷം ലോസ് ഏഞ്ചൽസിലെ ഒരു കോടതി മുറിയിൽ ലോറൻ ഹാർവ്വിയെ കാണുന്നുണ്ട്.'' I dont think it is simply that he is sitting on trial, but more so where I am in my life
that I realised he doens't have power any more. I am not afraid of him anymore.''

ലോറന്റെ ഈ വാക്കുകൾ തന്നെയാവും ഡബ്ലിയു.സി.സി. അംഗങ്ങൾക്കും ഇപ്പോൾ പറയാനുണ്ടാവുക: ''ഞങ്ങൾക്കും ഇപ്പോൾ ആരേയും പേടിയില്ല.'' ഹേമ കമ്മിറ്റി റിപ്പോർട്ട് അധികാരവും സ്വാധീനവും ഇല്ലാത്തവർക്ക് പ്രത്യാശ നൽകുന്നു. അധികാരത്തിന്റെ ധാർഷ്ട്യത്തിൽ പ്രബലർ ചെയ്തുകൂട്ടിയ അനീതിയുടെ തുറന്നുകാട്ടലാണത്. നിയമത്തിന് മുന്നിൽ കുറ്റവാളികൾ മുട്ടുകുത്തുന്ന ഒരു ദിവസം വരികതന്നെ ചെയ്യുമെന്ന പ്രതീക്ഷയുടെ നിറവേറൽ. കേരളത്തിൽ നിലനിൽക്കുന്ന ജനാധിപത്യത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്ന റിപ്പോർട്ട് കൂടിയാണിതെന്ന് പറയാൻ മടിക്കേണ്ടതില്ല. മീ ടൂ മൂവ്മെന്റ് സ്്രതീകൾക്ക് നൽകിയ ആത്മബലം ചില്ലറയല്ല. ഇന്നിപ്പോൾ തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് പേടിയില്ലാതെ പണിയെടുക്കാൻ കഴിയുന്നുണ്ടെങ്കിൽ അതിന്റെ ഒരു കാരണം മീ ടു മൂവ്മെന്റാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമയിലെ മീ ടു മൂവ്മെന്റിന് പുതിയൊരു ദിശാബോധവും ഊർജ്ജവും പകരുമെന്നതിൽ സംശയമില്ല.

കാലവും ചരിത്രവും പിണറായി സർക്കാരിന് നൽകിയ സുവർണ്ണാവസരമായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട്. പക്ഷേ, ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഇനിയിപ്പോൾ കോൺക്ലേവ് വിളിച്ചുകൂട്ടി തീരുമാനമെടുക്കുമെന്നാണ് സർക്കാർ പറയുന്നത്. ഇരകൾക്കൊപ്പം വേട്ടക്കാരും ഇരുന്ന് ചർച്ച ചെയ്ത് കാര്യങ്ങൾക്ക് തീർപ്പുണ്ടാക്കുന്ന കിണാശ്ശേരിയാവാം സർക്കാരിന്റെ മനസ്സിൽ. മൊഴി നൽകാൻ ഇരകൾ വന്നേക്കില്ലെന്നും അതുകൊണ്ട് കേസെടുക്കാൻ പറ്റില്ലെന്നുമുള്ള വിചിത്രവാദമാണ് സർക്കാർ ഉയർത്തുന്നത്. 

സോളാർ കേസിൽ ഈ സർക്കാർ കാണിച്ച ഉത്സാഹത്തിന്റെ പത്തിലൊന്ന് പോലും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കാണുന്നില്ലെന്നുള്ളത് സർക്കാർ നിലപാടിലെ പാപ്പരത്തം തന്നെയാണ് തുറന്നുകാട്ടുന്നത്. കേസടുക്കാനല്ല കേസിന്റെ ഭാവി എന്താകുമെന്നാണ് സർക്കാരിന്റെ ഉത്ക്കണ്ഠ. എന്തായാലും സംഗതി ഇപ്പോൾ ഹൈക്കോടതിയുടെ മുന്നിലാണ്. മറച്ചുവെച്ച വിവരങ്ങൾ അടക്കം റിപ്പോർട്ടിന്റെ പൂർണ്ണരൂപം മുദ്ര വെച്ച കവറിൽ നൽകണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോർട്ടിൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ പ്രതികൾക്കെതിരെ കേസെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടേക്കാം. കൈ കഴുകൽ പ്രക്രിയ അനന്തമായി തുടരാനാവില്ലെന്ന്  കോടതി ഓർമ്മിപ്പിക്കുമ്പോൾ ഉരിഞ്ഞുവീഴുന്നത് സർക്കാരിന്റെ പൊയ്മുഖം തന്നെയായിരിക്കും.

വഴിയിൽ കേട്ടത്: പി.കെ. ശശി സ്നേഹനിധിയാണെന്ന് ഗണേഷ്. ഗണേഷ് ആർജ്ജമുള്ളവനെന്ന് ശശി. തീവ്ര സൗഹൃദത്തിന്റെ കിണാശ്ശേരികൾ!