കൊച്ചി: എയ്ഡഡ് കോളേജ് അധ്യാപകരുടെ ജോലിസമയം പുതുക്കി നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവില്‍ കൂടുതല്‍ വ്യക്തതയുമായി തുടര്‍ഉത്തരവ്. ഇതനുസരിച്ചു മാത്രമേ നിയമന നടപടികള്‍ സ്വീകരിക്കാവൂ എന്നു ചൂണ്ടിക്കാട്ടി കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ ഉപഘടകങ്ങള്‍ക്ക് നിര്‍ദേശവും നല്‍കി.

ബിരുദാനന്തരബിരുദ തലത്തില്‍ ഒരുമണിക്കൂര്‍ ക്ലാസെടുത്താല്‍ ഒന്നരമണിക്കൂറായി കണക്കാക്കിയിരുന്ന രീതി അവസാനിപ്പിച്ചതാണ് പ്രധാന മാറ്റം. ആഴ്ചയില്‍ ഒന്‍പതുമണിക്കൂറിലധികം ക്ലാസ് വന്നാല്‍ അധികനിയമനം നടത്താമെന്ന വ്യവസ്ഥയും മാറ്റി. പുതിയ ഉത്തരവ് പ്രകാരം ഇത് 16 മണിക്കൂറാക്കി.

ഇതോടെ നിലവിലുള്ള പല അധ്യാപകരും അധികമാകുന്ന അവസ്ഥ വരും. പുതിയ ഉത്തരവ് കാരണം അംഗീകാരം നേടിയ ആരേയും പിരിച്ചുവിടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഇത്തരം കോളേജുകളില്‍ വിരമിക്കല്‍കാരണമോ മറ്റോ വരുന്ന തസ്തികകള്‍ അനുവദിക്കില്ല. ആഴ്ചയില്‍ പതിനാറ് മണിക്കൂറില്‍ താഴെമാത്രമേ അധിക ക്ലാസ് വരുന്നുള്ളൂവെങ്കില്‍ സിംഗിള്‍ ഫാക്കല്‍റ്റി വിഷയങ്ങളായാലും പുതിയ തസ്തികകള്‍ അനുവദിക്കില്ല. പകരം ഗസ്റ്റധ്യാപകരെ വെക്കാം. എന്നാല്‍, ജോലിസമയം കൂട്ടിയതു കാരണം, നിലവില്‍ ആവശ്യമുള്ളത്ര ഗസ്റ്റധ്യാപകരെ ഇനി ആവശ്യം വരില്ല. പലര്‍ക്കും അവസരം നഷ്ടപ്പെടും.

യു.ജി.സി. മാനദണ്ഡങ്ങളിലെ ചില വകുപ്പുകള്‍മാത്രം അടര്‍ത്തിയെടുത്ത് തൊഴില്‍സാധ്യതയില്ലാതാക്കുന്ന നടപടിയാണിതെന്ന് ഇടത് അധ്യാപക സംഘടനതന്നെ ആരോപിച്ചിട്ടുണ്ട്. പഠനനിലവാരം തകര്‍ക്കുമെന്ന് കോര്‍പ്പറേറ്റ് മാനേജ്‌മെന്റുകളും വാദിക്കുന്നു. എന്നാല്‍, കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാകും എന്നതിനാല്‍ തീരുമാനം പുനഃപരിശോധിക്കേണ്ടതില്ല എന്ന നിലപാടിലാണ് സര്‍ക്കാര്‍.

Content Highlights: Working hours of college teachers increased, no new appointments