പത്തനംതിട്ട: സംസ്ഥാനത്തെ വനിതാ പോലീസ് കോൺസ്റ്റബിൾ നിയമനത്തിനുള്ള പി.എസ്.സി. റാങ്ക് ലിസ്റ്റിന്റെ കാലാവധി ഓഗസ്റ്റ് മൂന്നിന് അവസാനിക്കും. നിയമനം നടക്കാത്തതിനാൽ, ലിസ്റ്റിലെ 1300-ൽപരം ഉദ്യോഗാർത്ഥികൾ ആശങ്കയിലാണ്. വനിതാ പോലീസുകാർ തീരെ കുറവായിരിക്കുമ്പോഴാണ് റാങ്ക് പട്ടികയിലെ നിയമനം വൈകുന്നത്.

നാലുവർഷം മുമ്പ് തുടങ്ങിയ നിയമന നടപടികളുടെ ഭാഗമായി 2020-ലാണ് റാങ്ക് പട്ടിക പി.എസ്.സി. പ്രസിദ്ധീകരിച്ചത്. ഇതിൽനിന്ന് 353 പേരെ നിയമിച്ചു. 300 പേർക്ക് അഡൈ്വസ് മെമ്മോ അയയ്ക്കുകയും ചെയ്തു. നിയമനം വൈകുന്നതിനാൽ റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്ന ഉദ്യോഗാർഥികളുടെ ആവശ്യത്തിലും സർക്കാർ തീരുമാനം കൈക്കൊണ്ടിട്ടില്ല.

സംസ്ഥാന പോലീസ് സേനയിൽ വനിതാ പോലീസിന്റെ സാന്നിധ്യം 15 ശതമാനമായി കൂട്ടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നതാണ്. നിലവിൽ ഇത് ഒന്പത് ശതമാനത്തിൽത്താഴെയാണ്. ഇത് രാജ്യത്തെതന്നെ കുറഞ്ഞ നിരക്കാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

2018-ൽ സംസ്ഥാനത്ത് വനിതാ പോലീസ് ബറ്റാലിയൻ രൂപവത്‌കരിച്ചെങ്കിലും എണ്ണം ഇപ്പോഴും അന്നത്തെ നിലിയിൽത്തന്നെയാണ്.

Content Highlights: Women civil police officer Ranklist duration is going to end