തിരുവനന്തപുരം: പി.എസ്.സി. പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്ന ചില സ്ഥാപനങ്ങള്‍ക്ക് പി.എസ്.സി. ചോദ്യക്കടലാസ് കൈകാര്യം ചെയ്യുന്നവരുമായി ബന്ധമുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് വിശദമായ അന്വേഷണം നടത്തും. തലസ്ഥാനത്തെ രണ്ട് സ്ഥാപന ഉടമകളില്‍നിന്ന് ഉള്‍പ്പെടെ വിജിലന്‍സ് സംഘം മൊഴിയെടുത്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ഇവര്‍ അവധിയെടുക്കാതെയാണ് സ്ഥാപനം നടത്തുന്നതെന്നതടക്കമുള്ള തെളിവുകളാണു ലഭിച്ചത്.

വിജിലന്‍സ് പരിശോധന നടന്ന വീറ്റോ, ലക്ഷ്യ എന്നീ സ്ഥാപനങ്ങളുമായി ബന്ധമുള്ളവരെയാണ് വിജിലന്‍സ് വിളിച്ചുവരുത്തി മൊഴിയെടുത്തത്. വീറ്റോ എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥരിലൊരാളായ അജിതയുടെ ഭര്‍ത്താവ് തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിങ്ങിലെ ട്രേഡ്‌സ്മാനാണ്. ഇയാള്‍ 2015 മുതല്‍ സ്ഥാപനവുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും 2019 നവംബര്‍മുതല്‍ മാത്രമാണ് ലീവെടുത്തതെന്നു തെളിഞ്ഞു.

സ്ഥാപനത്തിന്റെ മറ്റൊരു പങ്കാളിയും സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍നിന്നു വിരമിച്ച രാധാകൃഷ്ണപിള്ളയുടെ ബന്ധുവുമായ രഞ്ജന് സ്ഥാപനവുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. സെക്രട്ടേറിയറ്റിലെ ജി.എ.ഡി.യിലെ അണ്ടര്‍ സെക്രട്ടറിയായ ഇയാള്‍ ഇപ്പോള്‍ മുന്നാക്കവിഭാഗ കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടേഷനിലാണ്. ലീവ് എടുക്കാതെയാണ് ഇയാള്‍ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നു വിജിലന്‍സ് സ്ഥിരീകരിച്ചു. ഇയാള്‍ വീറ്റോയ്ക്കുവേണ്ടി പ്രസിദ്ധീകരിച്ച പുസ്തകം സര്‍ക്കാര്‍ അനുമതിയോടെയാണോയെന്നും പരിശോധിക്കുന്നുണ്ട്.

ലക്ഷ്യ എന്ന സ്ഥാപനവുമായി ബന്ധമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഷിബു ദീര്‍ഘകാല അവധിയിലാണെന്ന് ഉദ്യോഗസ്ഥരോടു വ്യക്തമാക്കി. മികച്ചജോലിക്കായി 2012 മുതല്‍ ലീവില്‍ പ്രവേശിച്ച ഇയാള്‍ അഞ്ചുകൊല്ലത്തിനുശേഷം അവധി ദീര്‍ഘിപ്പിച്ചതായാണു വിവരം. ലീവ് നീട്ടാനുള്ള കാര്യവും വിജിലന്‍സ് പരിശോധിക്കും.

വേറെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ക്ലാസെടുക്കുന്നുണ്ടോയെന്നറിയാനും പരിശോധന നടത്തും. കഴിഞ്ഞദിവസം പിടിയിലായ അഗ്‌നിരക്ഷാ സേനയിലെ ഉദ്യോഗസ്ഥനെ സംബന്ധിച്ച് വിജിലന്‍സ് പ്രത്യേക റിപ്പോര്‍ട്ട് നല്‍കും.

കേന്ദ്രങ്ങള്‍ക്ക് പി.എസ്.സി.യുടെ പേര് ഉപയോഗിക്കരുത്
 
പി.എസ്.സി. എന്ന പേരുപയോഗിച്ച് പരീക്ഷാ പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നത് തടയണമെന്ന് പി.എസ്.സി. യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പരസ്യത്തിലോ ബോര്‍ഡിലോ പോസ്റ്ററുകളിലോ പി.എസ്.സി. എന്ന പേര് ഉപയോഗിക്കാന്‍ പാടില്ല.

ജില്ലാ ഓഫീസര്‍മാര്‍ ഇക്കാര്യം പരിശോധിക്കും. ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ പി.എസ്.സി.യുടെ ജില്ലാ അധികൃതര്‍ പോലീസിനു പരാതി നല്‍കും. തിരുവനന്തപുരത്ത് പരീക്ഷാ പരിശീലനകേന്ദ്രം നടത്തിപ്പുകാര്‍ പി.എസ്.സി.യുടെ പേരില്‍ ഉദ്യോഗാര്‍ഥികളെ കബളിപ്പിക്കുന്നതായി പരാതി ലഭിച്ചിരുന്നു.

അതിന്റെയടിസ്ഥാനത്തില്‍ പോലീസ് വിജിലന്‍സ് സ്ഥാപനങ്ങള്‍ റെയ്ഡ് ചെയ്ത് നടപടി സ്വീകരിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ പരിശീലനകേന്ദ്രം നടത്തുകയും പഠിപ്പിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. ഇതിനെതിരേ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പി.എസ്.സി. യോഗം ചര്‍ച്ചചെയ്തു. കെ.എ.എസ്. പരീക്ഷാ നടത്തിപ്പ് വിജയകരമാക്കിയ ജീവനക്കാരെ യോഗം അഭിനന്ദിച്ചു. വിജയികളുടെ പട്ടിക ഒരുമാസത്തിനകം പ്രസിദ്ധീകരിക്കും.

പി.എസ്.സി.യും അന്വേഷണപരിധിയില്‍

പി.എസ്.സി. ചോദ്യക്കടലാസ് കൈകാര്യം ചെയ്യുന്നവര്‍ക്ക് കോച്ചിങ് സെന്ററുകളുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ പി.എസ്.സി.യെയും അന്വേഷണപരിധിയില്‍ കൊണ്ടുവരാന്‍ വിജിലന്‍സ് ആലോചിക്കുന്നു.

പരീക്ഷയ്ക്കുവരാന്‍ സാധ്യതയുള്ള ചോദ്യങ്ങളെന്ന തരത്തില്‍ ഉദ്യോഗാര്‍ഥികളുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ചോദ്യങ്ങള്‍ പങ്കുവെച്ചിരുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതു കണക്കിലെടുത്താണിത്. പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള ജീവനക്കാരുടെ മൊഴിയെടുക്കാനും കോച്ചിങ് സെന്ററുകളെക്കുറിച്ചു പരാതി ഉന്നയിച്ചവരുടെ മൊഴിയെടുക്കാനും വിജിലന്‍സ് ആലോചിക്കുന്നുണ്ട്.

കൂടുതല്‍ പരിശീലനകേന്ദ്രങ്ങളിലേക്കും അന്വേഷണം നീണ്ടേക്കും. ആരോപണവിധേയമായ സ്ഥാപനങ്ങളുടെ സ്വത്തുവിവരങ്ങള്‍ അന്വേഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Content Highlights: Vigilance enquiry against PSC Coaching Centres