ന്യൂഡൽഹി: 2020-ലെ സിവിൽ സർവീസസ് അഭിമുഖം ഓഗസ്റ്റ് രണ്ടു മുതൽ പുനഃരാരംഭിക്കാൻ തീരുമാനിച്ച് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി). രാജ്യത്ത് കോവിഡ്-19 രോഗബാധ വർധിച്ച സാഹചര്യത്തിലാണ് 2021 ഏപ്രിൽ മാസം ആരംഭിച്ച അഭിമുഖ നടപടികൾ നിർത്തി വെക്കേണ്ടി വന്നത്.

' സ്ഥിതിഗതികൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ 2020-ലെ സിവിൽ സർവീസസ് പേഴ്സണൽ ടെസ്റ്റ് ഓഗസ്റ്റ് രണ്ടു മുതൽ പുനഃരാരംഭിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന്' യു.പി.എസ്.സി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. 2046 ഉദ്യോഗാർഥികളാകും സെപ്റ്റംബർ 22 വരെ നീളുന്ന അഭിമുഖത്തിൽ പങ്കെടുക്കുക. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കായുള്ള കോൾ ലെറ്റർ യു.പി.എസ്.സി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

ജൂൺ 27-ന് നടത്താനിരുന്ന സിവിൽ സർവീസസ് പ്രിലിമിനറി (2021), മേയ് ഒൻപതിന് നടത്താനിരുന്ന ഇ.പി.എഫ്.ഒ തുടങ്ങി നിരവധി പരീക്ഷകളാണ് കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിൽ യു.പി.എസ്.സി മാറ്റിവെച്ചത്.

Content Highlights: UPSC to resume Civil Services 2020 interview from August 2