ന്യൂഡല്‍ഹി: സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സ് (സി.എ.പി.എഫ്) പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ച് യു.പി.എസ്.സി. പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് upsc.gov.in എന്ന വെബ്‌സൈറ്റ് വഴി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.
ഡിസംബര്‍ 20-നാണ് സി.എ.പി.എഫ് പരീക്ഷ. 209 ഒഴിവുകളിലേക്കാണ് (ബി.എസ്.എഫ്-78, സി.ആര്‍.പി.എഫ്-13, സി.ഐ.എസ്.എഫ്-69, ഐ.ടി.ബി.പി-27, എസ്.എസ്.ബി-22) പരീക്ഷ നടത്തുന്നത്. എഴുത്തു പരീക്ഷയ്ക്ക് പുറമേ കായികക്ഷമതാ പരീക്ഷ, വൈദ്യപരിശോധന, അഭിമുഖം എന്നിവ നടത്തിയാകും അന്തിമ റാങ്ക് പ്രസിദ്ധീകരിക്കുക.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷ നടത്തുക. മാസ്‌കുകള്‍ ധരിച്ചവരെ മാത്രമാകും പരീക്ഷാകേന്ദ്രത്തിനുള്ളില്‍ പ്രവേശിപ്പിക്കുക. ഉദ്യോഗാര്‍ഥികള്‍ സ്വന്തമായി സാനിറ്റൈസര്‍ കൈയ്യില്‍ കരുതേണ്ടതണം. ഇതിന് പുറമേ സാമൂഹികാകലവും വ്യക്തിശുചിത്വവും പാലിച്ച് വേണം പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിക്കാനെന്നും യു.പി.എസ്.സി വ്യക്തമാക്കിയിട്ടുണ്ട്.
പരീക്ഷയ്ക്ക് രണ്ട് പേപ്പറുകളുണ്ടാകും. ആദ്യ പേപ്പര്‍ രാവിലെ 10 മണി മുതല്‍ 12 വരെയും രണ്ടാം പേപ്പര്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചു മണിവരെയുമാകും. ആകെ 500 മാര്‍ക്കിന്റെ പരീക്ഷയാണ്. കറുത്ത ബോള്‍ പോയിന്റ് പേനയുപയോഗിച്ചാണ് ഒ.എം.ആര്‍ ഷീറ്റില്‍ ഉത്തരങ്ങള്‍ അടയാളപ്പെടുത്തേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Content Highlights: UPSC published CAPF admit card download now