ന്യൂഡൽഹി: കമ്പൈൻഡ് മെഡിക്കൽ സർവീസ് പരീക്ഷയുടെ അന്തിമഫലം പ്രഖ്യാപിച്ച് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി). രണ്ട് കാറ്റഗറികളിലുമായി ആകെ 552 ഉദ്യോഗാർഥികൾ നിയമനത്തിന് അർഹത നേടി.

യു.പി.എസ്.സി ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in വഴി ഉദ്യോഗാർഥികൾക്ക് ഫലം പരിശോധിക്കാം. 2020 ഒക്ടോബർ 22-നാണ് എഴുത്തുപരീക്ഷ നടന്നത്. അതിന് ശേഷം ജനുവരി മുതൽ മാർച്ച് വരെ നടന്ന പേഴ്സണാലിറ്റി ടെസ്റ്റിന്റെ കൂടി അടിസ്ഥാനത്തിലാണ് അന്തിമ ഫലം പ്രഖ്യാപിച്ചിരിക്കുന്നത്.

റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് രേഖാപരിശോധനയുണ്ടാകും. ആറുമാസത്തിനുള്ളിൽ ഇത് പൂർത്തിയാക്കണം. അല്ലാത്തപക്ഷം റാങ്ക് ലിസ്റ്റിൽ നിന്ന് പുറത്താകും. കൂടുതൽ വിവരങ്ങൾക്ക് 011-23385271, 011-23381125 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Content Highlights: UPSC combined medical service final result released