കോഴിക്കോട്: ജില്ലയിൽ യു.പി. സ്കൂൾ അധ്യാപകനിയമനത്തിനുള്ള പി.എസ്.സി. പട്ടിക തയ്യാറാക്കുന്നത് വരാനിടയുള്ള ഒഴിവുകൾ പരിഗണിക്കാതെയെന്ന് ഉദ്യോഗാർഥികൾ. മുന്നൂറുപേരെ ഉൾപ്പെടുത്തിയാണ് പി.എസ്.സി. പ്രധാനപട്ടിക പ്രസിദ്ധീകരിക്കുന്നത്. ഒഴിവുകൾക്ക് ആനുപാതികമായല്ല ഈ പട്ടികയെന്നാണ് ഉദ്യോഗാർഥികളുടെ പരാതി. 2019 നവംബറിൽ പരീക്ഷയെഴുതിയവരാണ് ആശങ്ക പങ്കുവെക്കുന്നത്.

നിലവിലുള്ള പട്ടികയിൽനിന്ന് 236 പേർക്കാണ് കഴിഞ്ഞ രണ്ടുവർഷത്തിനിടെ നിയമനം ലഭിച്ചത്. 2021-2024 വർഷങ്ങൾക്കിടെ അധ്യാപകർ വിരമിക്കുന്നതിനാലുണ്ടാകുന്ന ഒഴിവുകൾ പരിഗണിക്കാതെയാണ് പുതിയ പട്ടികയിൽ മുന്നൂറുപേരെമാത്രം ഉൾപ്പെടുത്തുന്നതെന്ന് ഉദ്യോഗാർഥികൾ പറയുന്നു.

പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ വർധിക്കുന്നതും പരിഗണിക്കപ്പെടുന്നില്ല.

അഞ്ഞൂറോളം ഒഴിവുകളുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. നിലവിലെ സാഹചര്യത്തിൽ, അടുത്ത വർഷങ്ങളിൽ ജില്ലയിൽ ഉണ്ടായേക്കാവുന്ന ഒഴിവുകൾ നികത്താൻ ഈ പട്ടിക അപര്യാപ്തമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

അമ്പതോളം ഒഴിവുകളുണ്ടെന്ന് വിവരാവകാശനിയമപ്രകാരം മറുപടി ലഭിച്ചിട്ടുണ്ടെങ്കിലും അവയൊന്നും റിപ്പോർട്ട് ചെയ്യുന്നില്ലെന്നും ആക്ഷേപമുണ്ട്. സ്കൂളുകൾ പൂർണതോതിൽ പ്രവർത്തിക്കാത്തതിനാലാണ് എല്ലാ ഒഴിവുകളും റിപ്പോർട്ട് ചെയ്യപ്പെടാത്തത്.

റാങ്ക് പട്ടിക തയ്യാറായിട്ടില്ല

യു.പി.എസ്.ടി. നിയമനത്തിനുള്ള പട്ടിക ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ല. എത്രപേർ ഈ പട്ടികയിൽ ഉൾപ്പെടുമെന്ന് ഈ ഘട്ടത്തിൽ പറയാൻ കഴിയില്ല. സർട്ടിഫിക്കറ്റ് പരിശോധനാനടപടികളിലേക്ക് കടക്കുന്നതേയുള്ളൂ.- പി.എസ്.സി. ജില്ലാ ഓഫീസ്.

Content Highlights: UPSA ranklist, not all vacancies included says candidates