കൊച്ചി: പി.എസ്.സി.ക്കെതിരേ നിസ്സാര കാരണങ്ങൾക്ക് കോടതിയെ സമീപിക്കുന്നതിനെ വിമർശിച്ച് ഹൈക്കോടതി. അത്തരക്കാർക്ക് പിഴചുമത്തേണ്ടതാണെന്നും ജസ്റ്റിസ് എ.എം. ഷഫീക്കും ജസ്റ്റിസ് പി. ഗോപിനാഥും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് അഭിപ്രായപ്പെട്ടു. എന്നാൽ, മുന്നിലുള്ള കേസിൽ ഹർജിക്കാർ തൊഴിൽരഹിതരാണെന്നതു കണക്കിലെടുത്ത് പിഴയൊടുക്കാൻ ഉത്തരവിടുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

പി.എസ്.സി.യെ മോശമായി ചിത്രീകരിക്കാൻ വ്യാപക ശ്രമം നടക്കുന്നുണ്ടെന്ന് കമ്മിഷൻ ബോധിപ്പിച്ചു. അടിസ്ഥാനമില്ലാത്ത കാരണങ്ങൾ പറഞ്ഞ് കേസ് നടത്തുന്നവരിൽനിന്ന് പിഴയീടാക്കണമെന്ന കമ്മിഷന്റെ വാദം പരിഗണിച്ചാണ് കോടതിയുടെ പരാമർശം. എറണാകുളം ജില്ലയിലെ കോതമംഗലത്തെ കെ.എ. റൗലത്തും മറ്റു മൂന്നുപേരും നൽകിയ ഹർജിയിലാണിത്. മലയാളം മീഡിയത്തിൽ യു.പി. സ്കൂൾ അധ്യാപക തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷിച്ചെങ്കിലും അപേക്ഷകരുടെ പട്ടികയിൽ ഉൾപ്പെട്ടില്ലെന്നായിരുന്നു ഹർജിക്കാരുടെ ആക്ഷേപം. ഹാൾ ടിക്കറ്റ് ലഭിച്ചിട്ടില്ലെങ്കിലും പരീക്ഷയുൾപ്പെടെ തുടർനടപടികളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

ഇതേ ആവശ്യം ഹർജിക്കാരുൾപ്പെടെ 163 പേർ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ ഉന്നയിച്ചിരുന്നു. എന്നാൽ, ആക്ഷേപം അടിസ്ഥാനമില്ലാത്തതാണെന്നു വിലയിരുത്തി ട്രിബ്യൂണൽ തള്ളി. അതിനെതിരേയാണ് ഹർജിക്കാരിൽ നാലുപേർ ഹൈക്കോടതിയെ സമീപിച്ചത്.

ട്രിബ്യൂണലിൽ ഹർജി വന്നപ്പോൾ പരാതിയെക്കുറിച്ച് വിദഗ്ധർ അന്വേഷിച്ചെന്നും ആക്ഷേപത്തിൽ കഴമ്പില്ലെന്നു കണ്ടെത്തിയെന്നും പി.എസ്.സി. ബോധിപ്പിച്ചു. ഓൺലൈൻ അപേക്ഷ സ്വീകരിക്കപ്പെട്ടില്ലെന്ന 170-ലധികം പരാതികളാണ് പി.എസ്.സി.ക്കു ലഭിച്ചത്. പുറത്തുനിന്നുള്ള നാല് വിദഗ്ധരുൾപ്പെട്ട സംഘമാണ് പി.എസ്.സി.യുടെ സോഫ്റ്റ്വേർ പരിശോധിച്ചത്. സിസ്റ്റത്തിൽ സാങ്കേതികത്തകരാറില്ലെന്നും പരാതിക്കാരുടെ അപേക്ഷ ലഭിച്ചതായി കാണുന്നില്ലെന്നും വിദഗ്ധസമിതി കണ്ടെത്തിയിരുന്നെന്ന് പി.എസ്.സി. അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ഹർജി ട്രിബ്യൂണൽ തള്ളിയത്.

Content Highlights: Unnecessary litigation against PSC High court criticised the petitioners