ന്യൂഡൽഹി: യോഗ്യരായ ഗവേഷകർക്ക് ഗവേഷണ സ്ഥാപനങ്ങളിൽ നിന്ന് സ്ഥിരീകരണം ആവശ്യപ്പെടാതെ തന്നെ ഫെലോഷിപ്പിനുള്ള ഫണ്ട് വിതരണം ചെയ്യുമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു.ജി.സി). മുടങ്ങിക്കിടന്ന ഒക്ടോബർ വരെയുള്ള ഫെലോഷിപ്പ് തുക വിതരണം ചെയ്തു തുടങ്ങിയെന്നും നവംബറിലെ ഫെലോഷിപ്പിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഔദ്യോഗിക പ്രസ്താവനയിൽ യു.ജി.സി വ്യക്തമാക്കി.

കാനറാബാങ്ക് പോർട്ടൽ വഴി പ്രതിമാസ സ്ഥിരീകരണം നൽകാൻ സാധിക്കാത്ത സ്ഥാപനങ്ങളിലെ ഗവേഷകർക്കും കോവിഡ്ക്കാലത്ത് മുടക്കമില്ലാതെ തുക വിതരണം ചെയ്യും. ഇവർ ലോക്ക്ഡൗണിന് മുൻപ് ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നൽകിയ സ്ഥിരീകരണം പരിഗണിച്ച് 2020 ഏപ്രിൽ മുതലുള്ള ഫണ്ട് ലഭ്യമാക്കുമെന്നും യു.ജി.സി അറിയിച്ചു.

തുടക്കത്തിൽ നാലുമാസത്തിലൊരിക്കൽ നൽകിയിരുന്ന ഫെലോഷിപ്പുകൾ ഗവേഷകരുടെ ആവശ്യത്തെത്തുടർന്നാണ് പ്രതിമാസം നൽകാനാരംഭിച്ചത്. ഗവേഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം നിക്ഷേപിക്കുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്‌ഫർ രീതിയിലാണ് യു.ജി.സി ഫണ്ട് നിക്ഷേപിക്കുന്നത്.

Content Highlights: UGC to release fellowship funds without confirmation from institutes