ന്യൂഡല്‍ഹി: അധ്യാപക യോഗ്യതാ പരീക്ഷയായ യു.ജി.സി നെറ്റ് പരീക്ഷയ്ക്ക് ദിവസങ്ങള്‍ ശേഷിക്കെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിക്കാത്തതില്‍ ആശങ്കയുമായി വിദ്യാര്‍ഥികള്‍. നേരത്തെ സെപ്റ്റംബര്‍ 16-ന് പരീക്ഷ ആരംഭിക്കുമെന്ന് നടത്തിപ്പു ചുമതലയുള്ള നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചിരുന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ജൂണില്‍ നടക്കേണ്ട പരീക്ഷ ഇത്തവണ സെപ്റ്റംബറിലേക്ക് മാറ്റിയത്. സെപ്റ്റംബര്‍ 16 മുതല്‍ 18 വരെയും 21 മുതല്‍ 25 വരെയും രണ്ട് ഘട്ടമായി പരീക്ഷ നടത്തുമെന്നായിരുന്നു എന്‍.ടി.എ അറിയിച്ചിരുന്നത്. സാധാരണ ഗതിയില്‍ പരീക്ഷയ്ക്ക് 15 ദിവസം മുന്‍പ് ഏജന്‍സി അഡ്മിറ്റ് കാര്‍ഡ് ലഭ്യമാക്കാറുണ്ട്.

അതേസമയം ഐ.ബി.പി.എസ് റീജണല്‍ റൂറല്‍ ബാങ്ക് പ്രിലിമിനറി പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് പരീക്ഷയ്ക്ക് നാലു ദിവസം മുന്‍പ് മാത്രമാണ് പ്രസിദ്ധീകരിച്ചതെന്ന കാര്യം ശ്രദ്ധേയമായി. സെപ്റ്റംബര്‍ 12-ന് നടക്കേണ്ട പരീക്ഷയ്ക്ക് 8-ാം തീയതിയായിരുന്നു അഡ്മിറ്റ് കാര്‍ഡ് ലഭ്യമാക്കിയത്.

Content Highlights: UGC NET Begins On September 16, Admit Card Yet To Be Released