ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്), സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്), പി.എച്ച്.ഡി യോഗ്യതയുള്ളവർക്കായി പുതിയ തൊഴിൽ പോർട്ടൽ തുറന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു.ജി.സി). ugc.ac.in/jobportal/ എന്ന ലിങ്ക് വഴി ഉദ്യോഗാർഥികൾക്ക് പോർട്ടലിലെത്തി സ്വന്തമായി പ്രൊഫൈൽ നിർമിക്കാം.

ഈ പോർട്ടൽ ഉപയോഗപ്പെടുത്തി ഉദ്യോഗാർഥികൾക്ക് തങ്ങളുടെ അക്കാദമിക പ്രൊഫൈൽ വിവിധ കോളേജുകളുടെയും സർവകലാശാലകളുടെയും ശ്രദ്ധയിൽ കൊണ്ടുവരാനും അതിലൂടെ അനുയോജ്യമായ തസ്തികകളിൽ നിയമനം നേടാനും സാധിക്കും. അതിന് പുറമേ തൊഴിൽ ദാതാക്കൾക്ക് ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ പോസ്റ്റ് ചെയ്യാനുള്ള സൗകര്യവും പോർട്ടലിലുണ്ടാകും. നിലവിൽ അധ്യാപക തസ്തികകൾ മാത്രമാണ് പോർട്ടലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

എഞ്ചിനീയറിങ്, സുരക്ഷ, ആരോഗ്യം, ലൈബ്രറി, അക്കൗണ്ട്സ് തുടങ്ങിയ മേഖലകളിലെ ഭരണനിർവഹണപരമായ അധ്യാപനേതര ജോലികളും ഉൾപ്പെടുത്തി തൊഴിൽ പോർട്ടൽ ഉടൻ വിപുലീകരിക്കുമെന്ന് യു.ജി.സി പ്രസ്താവനയിൽ വ്യക്തമാക്കി. യോഗ്യരായ ഉദ്യോഗാർഥികൾക്ക് വേഗത്തിൽ തൊഴിൽ കണ്ടെത്താൻ സഹായിക്കുന്നതിനൊപ്പം നിയമന പ്രക്രിയകൾ കൂടുതൽ സുതാര്യമാക്കാനും ഈ സംവിധാനം വഴിയൊരുക്കും.

Content Highlights: UGC launched a new Job portal for NET, SET, Ph.D. qualified candidates