മുംബൈ: ടെലികോം മേഖലയിലെ ലയനങ്ങൾ കാരണം ഈ സാമ്പത്തികവർഷത്തിന്റെ അവസാനത്തോടെ 60,000 മുതൽ 90,000 വരെ പേർക്ക് ജോലി നഷ്ടമാകുമെന്ന് റിപ്പോർട്ട്. ഉപഭോക്തൃസേവന, ധനകാര്യ വിഭാഗങ്ങളിലാണ് ഏറ്റവുമധികംപേർക്ക് ജോലി നഷ്ടമാവുകയെന്ന് മാനവ വിഭവശേഷി കൺസൾട്ടൻസി രംഗത്തെ പ്രമുഖരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.

ടെലികോം മേഖലയിൽ മത്സരം മൂർച്ഛിക്കുകയും പ്രമുഖസ്ഥാപനങ്ങൾക്കെല്ലാം ലാഭം കുറയുകയും ചെയ്ത സാഹചര്യത്തിലാണ് വൻകിട സ്ഥാപനങ്ങൾ പരസ്പരം ലയിക്കാൻ തുടങ്ങിയത്. ലയനത്തിനുശേഷം ടവറുകൾ ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ പരസ്പരം പങ്കുവെക്കുകയും കസ്റ്റമർ കെയർ പോലുള്ള സംവിധാനങ്ങൾ വെട്ടിച്ചുരുക്കുകയും ചെയ്യും. ഇതോടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കേണ്ടി വരുമെന്ന് ഉറപ്പാണ്. 

അടുത്ത മാർച്ച് 31-ഓടെ ടെലികോം മേഖലയിൽ 65,000 പേർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് കൺസൾട്ടൻസി സ്ഥാപനമായ ടീം ലീസ് സർവീസസ് എന്ന സ്ഥാപനത്തിന്റെ കണക്ക്. റാൻഡ്‌സ്റ്റഡ് ഇന്ത്യയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ പോൾ ഡ്യൂപിയസിന്റെ അഭിപ്രായത്തിൽ 60,000 മുതൽ 75,000 വരെയാളുകൾക്ക് ജോലി നഷ്ടമാകും. ഇതിനകം 40,000 പേർക്ക് ജോലി നഷ്ടമായിക്കഴി​െഞ്ഞന്നും ഈ സാമ്പത്തികവർഷത്തിന്റെ അവസാനത്തോടെ എണ്ണം 80,000 മുതൽ 90,000 വരെയായി ഉയരുമെന്നും െബംഗളൂരു ആസ്ഥാനമായുള്ള സി.ഐ.ഇ.എൽ എച്ച്. ആർ. സർവീസസ് കണക്കാക്കുന്നു.
 മറ്റു മേഖലകളെ അപേക്ഷിച്ച് ടെലികോം രംഗത്തെ ശമ്പളവർധനയിൽ കാര്യമായ ഇടിവുണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. 69 ശതമാനം പേർക്കും ഏഴു ശതമാനത്തിൽ താഴെ ശമ്പള വർധനയാണ് ലഭിച്ചത്. അതിൽ മൂന്നിലൊന്നു പേർക്ക് അഞ്ചു ശതമാനത്തിൽ താഴെയായിരുന്നു വർധന. വേറെ ജോലിയൊന്നും ഉറപ്പിക്കാതെയാണ് 25 ശതമാനംപേരും പുറത്തുപോവുകയെന്ന് റിപ്പോർട്ടിൽ പറയുന്നു.