തിരുവനന്തപുരം: സംസ്ഥാനത്തെ എയ്‌ഡഡ് കോളേജുകളിൽ 721 അധ്യാപകതസ്തികകൾ സൃഷ്ടിച്ച് സർക്കാർ ഉത്തരവായി. അധ്യാപകതസ്തികയ്ക്ക് ആഴ്ചയിൽ 16 മണിക്കൂറെന്ന നിബന്ധന നടപ്പാക്കിയതിന്റെ അടിസ്ഥാനത്തിലാണ് തസ്തിക സൃഷ്ടിച്ചത്. പി.ജി. അധ്യാപനത്തിന് ഒരു മണിക്കൂർ ഒന്നരമണിക്കൂറാക്കി കണക്കാക്കുന്ന വെയ്റ്റേജും ഒഴിവാക്കി. ഇതിലൂടെ അധ്യാപകതസ്തികകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു.

നേരത്തേ 16 മണിക്കൂർ വച്ച് കണക്കാക്കിയശേഷം അവസാനം വരുന്ന ഒമ്പതുമണിക്കൂറിനും ഒരു അധ്യാപകതസ്തിക സൃഷ്ടിച്ചിരുന്നു.

തസ്തിക സൃഷ്ടിക്കുന്നതിനുള്ള മാനദണ്ഡം കർശനമാക്കണമെന്ന് ധനവകുപ്പ് ദീർഘനാളായി ആവശ്യപ്പെട്ടുവരികയായിരുന്നു. അവസാനം വരുന്ന ഒമ്പതുമണിക്കൂറിന് തസ്തികവേണമെന്നും പി.ജി. വെയ്റ്റേജ് ഒഴിവാക്കരുതെന്നും അധ്യാപകസംഘടനകളും ശക്തമായി ആവശ്യപ്പെട്ടിരുന്നു.

ഇതുസംബന്ധിച്ച് പലപ്രാവശ്യം ചർച്ചനടന്നു. ഒടുവിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽനടന്ന യോഗത്തിലും ഭാരിച്ച സാമ്പത്തികഭാരം ധനവകുപ്പ് ചൂണ്ടികാട്ടി. ഇതേത്തുടർന്നാണ് തീരുമാനം.

പഴയനിലയിൽ അധ്യാപകതസ്തിക സൃഷ്ടിച്ചിരുന്നെങ്കിൽ മുന്നൂറോളം ഒഴിവുകൾകൂടി വരുമായിരുന്നു.

2016-17ൽ അനുവദിച്ച കോഴ്സുകൾക്കാണ് നിലവിൽ തസ്തിക സൃഷ്ടിച്ചത്. ഇനിമുതൽ പുതുക്കിയ മാനദണ്ഡപ്രകാരമായിരിക്കും അധ്യാപകതസ്തിക സൃഷ്ടിക്കുക. ഭാവിയിലുണ്ടാകുന്ന ഒഴിവുകളും ഗണ്യമായി കുറയാൻ ഇതിടയാക്കും.

കഴിഞ്ഞ മാസം 197 പുതിയ കോഴ്സുകൾ അനുവദിച്ചതിനുപിന്നാലെ മുമ്പ് അനുവദിച്ച കോഴ്സുകൾക്ക് 721 പുതിയ തസ്തികകൾ സൃഷ്ടിച്ച സർക്കാരിനെ എ.കെ.പി.സി.ടി.എ. അഭിനന്ദിച്ചു.

Content Highlights: Teaching hours limited to 16 hours new 721 vacancies allotted