ബംഗളൂരു: എന്‍ജിനീയറിങ് ബിരുദധാരികളായ തുടക്കക്കാര്‍ക്ക് അടിസ്ഥാന ശമ്പളം ഇരട്ടിയാക്കി ടി.സി.എസ് (ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്). പ്രതിവര്‍ഷ ശമ്പളമായ മൂന്നര ലക്ഷം രൂപയില്‍ നിന്ന് ആറര ലക്ഷമായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ അനലിറ്റിക്‌സ് തുടങ്ങി പുത്തന്‍ സാങ്കേതികവിദ്യയില്‍ എന്‍ജിനീയറിങ് ബിരുദമുള്ളവര്‍ക്കാണ് അവസരം. ആയിരം പേരെയാണ് ഇത്തവണ ടി.സി.എസ് ഈ മേഖലകളിലേക്ക് റിക്രൂട്ട് ചെയ്യുന്നത്.
കഴിഞ്ഞ ഒരു ദശാബ്ദമായി ഐ.ടി മേഖലയില്‍ തുടക്കക്കാരുടെ ശമ്പളത്തില്‍ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് ടി.എസി.ന്റെ പുതിയ തീരുമാനം. ഇന്ത്യയിലെ മുന്‍നിര തൊഴില്‍ദാതാക്കളായ ടി.സി.എസ് ഈ വര്‍ഷം മുതല്‍ എഞ്ചിനീയറിങ് റിക്രൂട്ട്മെന്റ് രീതികള്‍ അടിമുടി മാറ്റിയിരുന്നു.
കാമ്പസ് റിക്രൂട്ട്‌മെന്റിന് പകരം ഇന്ത്യയിലെ മുഴുവന്‍ എഞ്ചിനീയറിങ് ബിരുദധാരികള്‍ക്കും പങ്കെടുക്കാവുന്ന തരത്തില്‍ ഓണ്‍ലൈനായി നടത്തുന്ന നാഷണല്‍ ക്വാളിഫയര്‍ ടെസ്റ്റ് ആണ് ഇനി മുതല്‍ ഉണ്ടാകുക.