കൊച്ചി: എൻജിനീയറിങ് വിദ്യാർഥികളുടെ തൊഴിൽക്ഷമത വർദ്ധിപ്പിക്കാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ശേഷിവികസന പദ്ധതിക്ക്‌ അടുത്ത വർഷം ആദ്യം തുടക്കമാകും. നാലു വർഷത്തിനകം രണ്ടു ലക്ഷം എൻജിനീയർമാരെ പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പരിശീലനം നൽകി സജ്ജമാക്കും.

സംസ്ഥാനത്തെ 150 എൻജിനീയറിങ് കോളേജുകളെ ബന്ധിപ്പിച്ചാണ് പദ്ധതി. ഒാരോ വർഷവും 50,000 വിദ്യാർഥികൾക്ക് പരിശീലനം നൽകും. പദ്ധതിക്ക്‌ അടുത്തിടെ സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി ലഭിച്ചിരുന്നു. കാമ്പസ് റിക്രൂട്ട്മെന്റുകളിൽ 20 ശതമാനം വിദ്യാർഥികൾ മാത്രമാണ് തിരഞ്ഞെടുക്കപ്പെടുന്നതെന്നാണ് കണക്ക്. ഈ അവസ്ഥയ്ക്ക് മാറ്റമാണ് ലക്ഷ്യം. വിവിധ വിഷയങ്ങളിൽ പഠന കാലയളവിൽ തന്നെ വിദ്യാർഥികൾക്ക് പരിശീലനം നൽകും. 

ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി അക്കാദമി ഒാഫ് കേരളയ്ക്കാണ് (ഐ.സി.ടി. അക്കാദമി) പദ്ധതിയുടെ നടത്തിപ്പ് ചുമതല. ഇതിന്റെ സിലബസ് രൂപവത്കരണം ഉൾപ്പെടെ പൂർത്തിയായി വരികയാണെന്ന് ഐ.സി.ടി. അക്കാദമി സി.ഇ.ഒ. സന്തോഷ് കുറുപ്പ് പറഞ്ഞു. 

രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥികളെയാണ് പദ്ധതിയിൽ ലക്ഷ്യമിടുന്നത്. രണ്ടുവർഷം കൊണ്ടാണ് കോഴ്സ് പൂർത്തിയാകുക. എൻജിനീയറിങ് പഠനം പൂർത്തിയാകുന്നതിനൊപ്പം വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. കൊച്ചിയിലെ ഇൻഫോ പാർക്ക്, തിരുവനന്തപുരത്തെ ടെക്നോ പാർക്ക്, കോഴിക്കോട് സൈബർ പാർക്ക് എന്നിവയുടെയെല്ലാം സഹകരണവും പദ്ധതിക്കുണ്ടാകും.

ഐ.ടി. പാർക്കുകൾ കേന്ദ്രീകരിച്ച് സ്റ്റുഡിയോകൾ സ്ഥാപിക്കും. വിദഗ്ദ്ധർ വിവിധ വിഷയങ്ങളിൽ സ്റ്റുഡിയോയിൽ നിന്നെടുക്കുന്ന ക്ലാസുകൾ എല്ലാ കോളേജുകളിലെയും വിദ്യാർഥികൾക്ക് ലഭിക്കും. എൻജിനീയറിങ് കോളേജുകളിൽ ഇതിനായി ഹൈടെക് ക്ലാസ്‌ മുറികൾ ഒരുക്കും. 

കോഴ്സ് നടത്തുന്നതിന് കോളേജുകൾക്ക് ആവശ്യമായ സൗകര്യങ്ങൾ ചെയ്തു നൽകും. ഒരു ബാച്ചിൽ 75 വിദ്യാർഥികളെയാണ് ഉദ്ദേശിക്കുന്നത്. കോഴ്സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടുന്ന വിദ്യാർഥികളുടെ വിവരങ്ങൾ റിക്രൂട്ട്മെന്റിനായി കമ്പനികൾക്ക് കൈമാറും. സംസ്ഥാന ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, സംസ്ഥാന ഐ.ടി. മിഷൻ, എ.പി.ജെ. അബ്ദുൾകലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി എന്നിവയും പദ്ധതിയുമായി കൈകോർക്കുന്നു.