ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ച, കോപ്പിയടി ആരോപണങ്ങളെത്തുടര്‍ന്ന് വിവാദത്തിലായ 2017-ലെ എസ്.എസ്.സി സി.ജി.എല്‍ പരീക്ഷ റദ്ദാക്കില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അടങ്ങിയ  ബെഞ്ചിന്റേതാണ് ഉത്തരവ്. 

പരീക്ഷാ നടത്തിപ്പില്‍ നിരവധി ക്രമക്കേടുകള്‍ നടന്നതായി സിബിഐ അന്വേഷണ റിപ്പോര്‍ട്ടിലുണ്ടെന്നും അതിനാല്‍ പരീക്ഷ റദ്ദാക്കണമെന്നും വാദി ഭാഗത്തിന് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ച അന്വേഷിക്കണമെന്നും പരീക്ഷ റദ്ദാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

കേസിനെത്തുടര്‍ന്ന് വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലെ ക്രമക്കേടുകളെക്കുറിച്ച് പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഏഴംഗ സമിതിയെ സുപ്രീം കോടതി നിയമിച്ചിരുന്നു. മുന്‍ സുപ്രീം കോടതി ജഡ്ജി ജി.എസ്. സിങ്‌വി, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നിലേകനി, കംപ്യൂട്ടര്‍ സയന്റിസ്റ്റായ വിജയ് ഭട്കര്‍, ഗണിതശാസ്ത്രജ്ഞനായ ആര്‍.എല്‍ കരന്ദികര്‍, സഞ്ജയ്‌ ഭരദ്വാജ്, കേന്ദ്ര-സി.ബി.ഐ സ്ഥാപനത്തില്‍ നിന്നുള്ള ഒരംഗം എന്നിവരടങ്ങുന്നതാണ് സമിതി. പരീക്ഷാ നടത്തിപ്പില്‍ നിരവധി പഴുതുകളുണ്ടായിരുന്നെന്ന റിപ്പോര്‍ട്ടാണ് സമിതി സമര്‍പ്പിച്ചത്. 

വിഷയത്തില്‍ സി.ബി.ഐ വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസ്റ്റര്‍ ജനറല്‍ എ.എന്‍.എസ്. നന്ദകര്‍ണി പറഞ്ഞു. ഏഴംഗ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സി.ജി.എല്‍ പരീക്ഷയുടെ ഫലപ്രഖ്യാപനത്തിലെ സ്റ്റേ 2019-ല്‍ സുപ്രീം കോടതി എടുത്തു മാറ്റിയെങ്കിലും അന്തിമ വിധിക്ക് ശേഷമേ ഫലം പ്രഖ്യാപിക്കാന്‍ പാടുള്ളൂവെന്നാണ് നിര്‍ദേശം. 

Content Highlights: Supreme court Denies to scrap 2007 SSC CGL Examination