ന്യൂഡല്‍ഹി: 2021 മാര്‍ച്ചിനകം 1.4 ലക്ഷം തസ്തികകളില്‍ നിയമനം നടത്തുമെന്ന് എസ്.എസ്.സി ചെയര്‍മാന്‍ ബ്രജ്‌ രാജ് ശര്‍മ.  കേന്ദ്ര പേഴ്‌സനെല്‍ സഹമന്ത്രി ജിതേന്ദ്ര സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഗ്രൂപ്പ് ബി,സി കാറ്റഗറികളിലേക്കാകും ഘട്ടംഘട്ടമായുള്ള നിയമനമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലിലും ഇത് സംബന്ധിച്ച ട്വീറ്റുണ്ട്.

2020 ഫെബ്രുവരി വരെ 14,611 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് നിയമന ശുപാര്‍ശ നല്‍കിയിട്ടുള്ളത്. 2020 ജൂണിന് മുന്നോടിയായി 85,000 തസ്തികകളില്‍ നിയമനം നടത്താനാണ് എസ്.എസ്.സിയുടെ പദ്ധതി. ശേഷിക്കുന്ന 40,000 ഒഴിവുകള്‍ 2020 ജൂലൈ മുതല്‍ 2021 മാര്‍ച്ച് വരെയുള്ള കാലയളവില്‍ നികത്തുമെന്നും ചെയര്‍മാന്‍ അറിയിച്ചു. 

കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവലിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ എസ്.എസ്.സി നടത്തിക്കൊണ്ടിരിക്കുന്നത്. കമ്പൈന്‍ഡ് ഹയര്‍സെക്കന്ററി തലത്തിലേക്കുള്ള പരീക്ഷ മാര്‍ച്ച് 16-ന് ആരംഭിക്കും. 

Content Highlights: SSC to fill 1.4 lakh posts by march 2021