ന്യൂഡല്‍ഹി: കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തില്‍ പരീക്ഷാത്തീയതികള്‍ പുനഃക്രമീകരിച്ച് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്.എസ്.സി). കമ്പൈന്‍ഡ് ഹയര്‍സെക്കന്‍ഡറി ലെവല്‍ (സി.എച്ച്.എസ്.എല്‍), കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ (സി.ജി.എല്‍), ഡല്‍ഹി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍, സി.ഐ.എസ്.എഫിലെ എ.എസ്.ഐ, സി.എ.പി.എഫ് തുടങ്ങിയ തസ്തികകളിലേക്ക് നടത്താനിരുന്ന പരീക്ഷകളാണ് പുനഃക്രമീകരിച്ചത്. 

പുതുക്കിയ സമയക്രമപ്രകാരം സി.എച്ച്.എസ്.എല്‍ പരീക്ഷ ആഗസ്റ്റ് നാലു മുതല്‍ 12 വരെയും സി.ജി.എല്‍ പരീക്ഷ ആഗസ്റ്റ് 13 മുതല്‍ 24 വരെയും നടത്തും. ഡല്‍ഹി പോലീസിലെ സബ് ഇന്‍സ്‌പെക്ടര്‍, സി.ഐ.എസ്.എഫിലെ എ.എസ്.ഐ, സി.എ.പി.എഫ് തസ്തികകളിലെ പരീക്ഷ ജൂലായ് 26-ന് നടക്കും. ssc.nic.in എന്ന വെബ്‌സൈറ്റ് വഴി പുതുക്കിയ തീയതികളറിയാം. 

നേരത്തെ ഏപ്രില്‍ 12 മുതല്‍ 27 വരെയാണ് സി.എച്ച്.എസ്.എല്‍ പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നത്. കോവിഡ്-19 രോഗബാധ വര്‍ധിച്ച സാഹചര്യത്തില്‍ ഏപ്രില്‍ 20-ന് ശേഷമുള്ള പരീക്ഷകള്‍ എസ്.എസ്.സി മാറ്റിവെക്കുകയായിരുന്നു. ഇതിന് പുറമേ മേയ് 29 മുതല്‍ ജൂണ്‍ ഏഴുവരെ നടത്താന്‍ നിശ്ചയിച്ചിരുന്ന സി.ജി.എല്‍ 2021, ജൂലായ് 12-ന് നടത്താനിരുന്ന എസ്.ഐ പരീക്ഷകളും എസ്.എസ്.സി കോവിഡിനെത്തുടര്‍ന്നാണ് മാറ്റിവെച്ചത്.

Content Highlights: SSC rescheduled exam dates, know CHSL, CGL exam dates