ന്യൂഡല്‍ഹി: കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് അപേക്ഷിക്കാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി പ്രത്യേക നിര്‍ദേശം പുറപ്പെടുവിച്ച് സ്റ്റാഫ് സിലക്ഷന്‍ കമ്മീഷന്‍ (എസ്.എസ്.സി). അപേക്ഷിക്കാനാഗ്രഹിക്കുന്നവര്‍ അവസാന തീയതി വരെ കാത്തിരിക്കാതെ എത്രയും പെട്ടെന്ന് അപേക്ഷിക്കണമെന്നാണ് എസ്.എസ്.സിയുടെ നിര്‍ദേശം. 

ഡിസംബര്‍ 15 വരെയാണ് സി.എച്ച്.എസ്.എല്‍ ഒന്നാംഘട്ട പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്യാനുള്ള സമയം. അവസാന ദിവസം രജിസ്റ്റര്‍ ചെയ്യുന്നത് പലപ്പോഴും വെബ്‌സൈറ്റ് തകരാറിലാകുന്നതിന് കാരണമാകാറുണ്ട്. ഇക്കാരണത്താലാണ് ഇത്തരമൊരു നിര്‍ദേശം എസ്.എസ്.സി മുന്നോട്ട് വെച്ചത്. 

എല്‍.ഡി ക്ലാര്‍ക്ക്, ജൂനിയര്‍ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ്, പോസ്റ്റല്‍ അസിസ്റ്റന്റ്, സോര്‍ട്ടിങ് അസിസ്റ്റന്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങിയ തസ്തികകളിലെ ഒഴിവുകളിലേക്കാണ് സി.എച്ച്.എസ്.എല്‍ പരീക്ഷ നടത്തുന്നത്. അടുത്ത വര്‍ഷം ഏപ്രില്‍ 12 മുതല്‍ 27 വരെയാണ് പരീക്ഷാതീയതി നിശ്ചയിച്ചിരിക്കുന്നത്. 

പ്ലസ്ടു പാസായവര്‍ക്ക് എല്‍.ഡി ക്ലാര്‍ക്ക്, ജൂനിയര്‍ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ്, പോസ്റ്റല്‍ അസിസ്റ്റന്റ്, സോര്‍ട്ടിങ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാം. പ്ലസ്ടു സയന്‍സ് പഠിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമാണ് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാനാവുക. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി ssc.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.  

Content Highlights: SSC issues important notice for CHSL aspirants, apply now for CHSL