കോഴിക്കോട്: എസ്.പി ചൈത്ര തെരേസ ജോണിന്റെ സഹോദരനും ഓര്‍ത്തോപീഡിക് സര്‍ജനുമായ ഡോക്ടര്‍ ജോര്‍ജ് അലന്‍ ജോണിന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം. നിലവില്‍ ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ജോര്‍ജ് അലന്‍ 156-ാം റാങ്കാണ് നേടിയിരിക്കുന്നത്. 2015-ലായിരുന്നു ചൈത്ര സിവില്‍ സര്‍വീസില്‍ 111-ാം റാങ്ക് നേടിയത്. 

കേന്ദ്ര ധനകാര്യ വകുപ്പില്‍നിന്ന് സ്‌പെഷല്‍ സെക്രട്ടറിയായി വിരമിച്ച ഡോക്ടര്‍ ജോണ്‍ ജോസഫിന്റെ മക്കളാണ് ഇരുവരും. ജോര്‍ജ് അലന്റെ നേട്ടത്തോടെ സിവില്‍ സര്‍വീസിലേക്ക് ഒരുവീട്ടില്‍നിന്ന് മൂന്നുപേര്‍ എത്തുന്നുവെന്ന പ്രത്യേകതയും ശ്രദ്ധേയമാണ്. നിലവില്‍ ഐ.പി.എസ് ലഭിക്കാനാണ് സാധ്യത. കോഴിക്കോട് ഈസ്റ്റ് ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലുമായിരുന്നു വിദ്യാഭ്യാസം. 

റാങ്ക് നേടുന്ന സമയം ഇന്ത്യന്‍ റെയില്‍വേ ട്രാഫിക്ക്  സര്‍വീസിലെ ഓഫീസറായിരുന്നു ചൈത്ര. എന്നാല്‍ ഐ.പി.എസുകാരിയാകണമെന്ന അടങ്ങാത്ത ആഗ്രഹത്തിന്റെയും കഠിനമായ പരിശ്രമത്തിന്റെയും  ഫലമായിരുന്നു ചൈത്രയുടെ ആ റാങ്ക്. സിവില്‍ സര്‍വീസില്‍ അഞ്ചാമത്തെ ശ്രമത്തിലാണ് ചൈത്ര 111-ാം റാങ്കില്‍ എത്തിയത്. അഞ്ചു തവണ എഴുത്തുപരീക്ഷ പാസായിരുന്നു. മൂന്നു തവണ ഇന്റര്‍വ്യൂ വരെ എത്തി. മൂന്നാം അവസരത്തിലാണ് ഇവര്‍ ഇന്റര്‍വ്യു പാസാകുന്നത്. 

2012-ല്‍ 550-ാം റാങ്ക് നേടി ചൈത്രയ്ക്ക് ഐ.ആര്‍.ടി.എസ് ലഭിച്ചിരുന്നു. എന്നാല്‍ 2013-ല്‍ പ്രിലിമിനറി പോലും പാസാകാന്‍ കഴിഞ്ഞില്ല. തന്റെ പരാജയത്തില്‍ തളര്‍ന്നു പോകാതെ ചൈത്ര വീണ്ടും പരിശ്രമിച്ചു. ഐ.പി.എസ് നേടണമെന്ന ശക്തമായ ആഗ്രഹം കൊണ്ട് തന്നെ ചൈത്ര വീണ്ടും സിവില്‍ സര്‍വീസ് പരീക്ഷ എഴുതുകയായിരുന്നു. 2015 ല്‍ മികച്ച റാങ്കോടെ സിവില്‍ സര്‍വീസ് പാസാകുകയും ചെയ്തു. ഹൈദരാബാദ് ദേശീയ പോലീസ് അക്കാദമിയില്‍ നിന്ന് രണ്ടു മലയാളികളാണ് ആ ബാച്ചില്‍ പുറത്തിറങ്ങിയത്. ചൈത്രയും സുനില്‍ ദാസും. പരിശീലനത്തിനിടയില്‍ മികച്ച വനിത ഓള്‍റൗണ്ട് പ്രൊബേഷ്ണര്‍. മികച്ച വനിത ഔട്ട് ഡോര്‍ പ്രൊബേഷ്ണര്‍ എന്നീ അംഗീകാരങ്ങളും ചൈത്രയെ തേടിയെത്തി.  

Content Highlights: SP Chaitra Theresa's Brother George Allen Cleared Civil Services with AIR 156