ന്യൂഡൽഹി: സെക്യൂരിറ്റീസ് ആൻഡ് എക്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഓഫീസർ തസ്തികയിലെ 100 ഒഴിവുകളിലേക്ക് അപേക്ഷിച്ചത് 1.4 ലക്ഷത്തിലേറെപ്പേർ. ജനറൽ, ലീഗൽ, ഇൻഫോർമേഷൻ ടെക്നോളജി, എൻജിനിയറിങ്, റിസർച്ച് ആൻഡ് ഒഫീഷ്യൽ ലാംഗ്വേജ് തുടങ്ങിയ തസ്തികകളിൽ 2020 മാർച്ച് ഏഴിനാണ് സെബി വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.

ആകെ അപേക്ഷയിൽ 55,322 എണ്ണം പൊതു വിഭാഗത്തിൽ നിന്നും 3,624 എണ്ണം ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽ നിന്നുമാണ്. സിവിൽ എൻജിനീയർ തസ്തികയിലേക്ക് 1,979 പേരാണ് അപേക്ഷിച്ചിട്ടുള്ളത്. ഈ തസ്തിക പട്ടിക ജാതിക്കാർക്കായി സംവരണം ചെയ്തിട്ടുള്ളതാണ്.

കംപ്യൂട്ടർ അധിഷ്ഠിതമായ രണ്ട് പരീക്ഷകളിലൂടെയും അഭിമുഖത്തിലൂടെയുമാകും തിരഞ്ഞെടുപ്പ്. ആദ്യ പരീക്ഷ 2021 ജനുവരി 17-നും രണ്ടാം പരീക്ഷ ഫെബ്രുവരി 27-നും നടക്കും. പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ട് വർഷത്തെ പ്രോബേഷനുണ്ടാകും. ഈ കാലയളവിലെ പ്രകടനം പരിഗണിച്ചാകും നിയമനം.

Content Highlights: SEBI receives close to 1.4 lakh applications for 100 vacancies