ന്യൂഡല്‍ഹി: നൂറില്‍ നൂറ്റൊന്ന് മാര്‍ക്ക് നേടുക എന്ന് പറഞ്ഞുകേട്ടുള്ള പരിചയമേ നമുക്കുള്ളൂ. എന്നാല്‍ അത്തരമൊരു സാധ്യതയെ തള്ളിക്കളയാനാവില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഐ.എ.എസുകാരനായ അങ്കൂര്‍ ഗാര്‍ഗ്. ലോകത്തിലെ ഏറ്റവും മികച്ച സര്‍വകലാശാലകളിലൊന്നായ ഹാര്‍വാഡ് സര്‍വകലാശാലയില്‍നിന്ന് മാക്രോഇക്കണോമിക്‌സ് പരീക്ഷയില്‍ 170ല്‍ 171 മാര്‍ക്കാണ് അങ്കൂര്‍ ഗാര്‍ഗ് സ്വന്തമാക്കിയത്.

അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജെഫ്രി ഫ്രാങ്കലാണ് മാക്രോഇക്കണോമിക്‌സ് കോഴ്‌സിന്റെ അവസാന പരീക്ഷയ്ക്ക് അങ്കൂറിന് 171 മാര്‍ക്ക് നല്‍കിയത്. എന്നും പ്രചോദനം നല്‍കിയ പിതാവിന് വിജയം സമര്‍പ്പിക്കുന്നതായി അങ്കൂര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സ്‌കൂള്‍ പഠനകാലത്ത് പരീക്ഷയില്‍ പത്തില്‍ പത്ത് മാര്‍ക്ക് വാങ്ങിയാല്‍ പോരെന്നും പതിനൊന്നാമത്തേതിന് ശ്രമിക്കണമെന്നും തന്റെ പിതാവ് പറഞ്ഞ കാര്യം അങ്കൂര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.  തന്റെ വിദ്യാര്‍ഥി ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ നേടിയെടുത്ത വിജയം പിതാവിന് സമര്‍പ്പിച്ചുകൊണ്ടാണ് അങ്കൂര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ഇന്‍ ഇന്റര്‍നാഷണല്‍ ഡെവലപ്പ്‌മെന്റ് കോഴ്‌സാണ് അങ്കൂര്‍ ഗാര്‍ഗ് ചെയ്യുന്നത്. ആദ്യമായല്ല അങ്കൂര്‍ ഉന്നത വിജയങ്ങള്‍ കൈപ്പിടിയിലൊതുക്കുന്നത്. ഡല്‍ഹി ഐ.ഐ.ടിയില്‍നിന്ന് പഠിച്ചിറങ്ങിയ അങ്കൂര്‍ 2002ല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാംറാങ്ക് കരസ്ഥമാക്കുമ്പോള്‍ 22 വയസ് മാത്രമായിരുന്നു പ്രായം.

Content Highlights: Scoring 171/170 is Possible; An IAS Topper Did it in Harvard, IAS Officer, Hardvard University